പമ്പാവാലി സമരം : 98 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു ; ആറ് പേർക്ക് പോലിസ് അറസ്റ്റ് വാറണ്ട് നോട്ടീസ് നൽകി.

കണമല : പമ്പാവാലി, എയ്ഞ്ചൽവാലി വാർഡുകൾ വനഭൂമി ആണെന്ന് ഭൂപട ചിത്രം പുറത്തു വന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം എഴുകുംമണ്ണ് ഫോറസ്റ്റ് ഓഫിസിന് മുന്നിൽ പ്രതിഷേധമായി കർഷകർ നടത്തിയ ജനകീയ സമരത്തിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്ത എരുമേലി പോലിസ് അറസ്റ്റ് വാറണ്ട് നോട്ടീസ് നൽകി തുടങ്ങി. ബുധൻ രാവിലെ പത്തിന് എരുമേലി പോലിസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് നിർദേശിച്ച് പഞ്ചായത്ത്‌ അംഗങ്ങൾ ഉൾപ്പടെ ആറ് പേർക്ക് ഇന്നലെ നോട്ടീസ് നൽകി. പോലിസ് സ്റ്റേഷനിൽ നിന്ന് ജാമ്യം നൽകാൻ അനുമതി ഇല്ലാത്ത വകുപ്പ് ചുമത്തിയാണ് കേസിൽ പോലിസ് എഫ്ഐആർ നൽകിയിരിക്കുന്നത്.

ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് നേരെ വധ ഭീഷണി മുഴക്കിയെന്ന കുറ്റം ആണ് സ്റ്റേഷൻ ജാമ്യത്തിന് തടസം. പഞ്ചായത്ത്‌ അംഗങ്ങളായ മാത്യു ജോസഫ് (കുട്ടപ്പൻ ), മറിയാമ്മ സണ്ണി (സുബി ), സമരസമിതി അംഗങ്ങളും പൊതു പ്രവർത്തകരുമായ പി ജെ സെബാസ്റ്റ്യൻ, റോയിസ് ആലപ്പാട്ട്, മിനി കാക്കനാട്ട്, വർഗീസ് മേലെത്ത് എന്നിവർക്കാണ് അറസ്റ്റ് വാറണ്ട് നോട്ടീസ് ലഭിച്ചത്. ഇവർ ഉൾപ്പടെ 98 പേരെയാണ് കേസിൽ പോലിസ് പ്രതി ചേർത്തിരിക്കുന്നത്.

പ്രതികളുടെ പേരുകൾ പോലിസ് പുറത്തു വിട്ടിട്ടില്ല. സമരത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രതികളുടെ പേരുകൾ ഇതിന് ശേഷം തയ്യാറാകുമെന്നും പോലിസ് പറയുന്നു. വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് അറസ്റ്റ് വാറണ്ട് നോട്ടീസ് നൽകാനാണ് നീക്കം.

പ്രദേശത്തെ വനം ആക്കി മാറ്റി ഭൂപട ചിത്രം ഔദ്യോഗികമായി സർക്കാർ പ്രസിദ്ധീകരിച്ചതോടെയാണ് കർഷകർ പ്രതിഷേധം നടത്തിയത്. ഫോറസ്റ്റ് ഓഫിസിന്റെ ബോർഡ് പിഴുതു മാറ്റി കരി ഓയിൽ ഒഴിച്ച് മുദ്രാവാക്യങ്ങൾ മുഴക്കിയ ശേഷം കർഷകർ പിരിഞ്ഞു പോയി. ഇതല്ലാതെ അക്രമ സംഭവങ്ങൾ ഉണ്ടായില്ലെന്നിരിക്കെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത് ദുരുദ്ദേശപരമാണെന്ന് ജനകീയ സമിതി ആരോപിച്ചു. കള്ള കേസ് എടുത്തത് പിൻവലിക്കാൻ തയ്യാറാകണമെന്നും സ്വന്തം ഭൂമിയും നാടും വനം ആയി ചിത്രീകരിക്കപ്പെടുമ്പോൾ വൈകാരികമായ പ്രതിഷേധം ഉയരുക സ്വാഭാവികമാണെന്നും എന്നാൽ തികച്ചും സമാധാനപരമായാണ് കർഷകർ പ്രതിഷേധം പ്രകടിപ്പിച്ചതെന്നും ജനകീയ സമിതി പറഞ്ഞു. കേസിനെ നിയമപരമായി നേരിടാനാണ് ജനകീയ സമിതി ഒരുങ്ങുന്നത്. പോലിസ് കള്ള കേസ് എടുത്തെന്ന് കോടതിയെ ബോധ്യപ്പെടുത്തുമെന്ന് പഞ്ചായത്ത്‌ അംഗം മാത്യു ജോസഫ് പറഞ്ഞു.

error: Content is protected !!