ജസ്‌നയുടെ തിരോധാനം സംബന്ധിച്ച വെളിപ്പെടുത്തലുമായി പൂജപ്പുര ജയിലിലെ പ്രതി


എരുമേലി : അഞ്ച് വർഷങ്ങൾക്ക് മുൻപ് കാണാതായ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് വിദ്യാർത്ഥിനി, മുക്കൂട്ടുതറ സന്തോഷ് കവലയില്‍ കുന്നത്ത് ജെയിംസ് ജോസഫിന്റെമകൾ ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനം സംബന്ധിച്ച് പുതിയ വെളിപ്പടുത്തൽ .. ജസ്നയുടെ തിരോധാനത്തെക്കുറിച്ച് സഹതടവുകാരനായ യുവാവിന് അറിയാമെന്നാണ് പോക്‌സോ കേസിൽ പൂജപ്പുര ജയിലിൽ കഴിയുന്ന തടവുകാരൻ പറയുന്നു. ഇതേക്കുറിച്ച് തടവുകാരൻ സിബിഐക്ക് മൊഴി നല്‍കി.

ജസ്നയെ കാണാതായിട്ട് അഞ്ചു വര്‍ഷം പിന്നിടുമ്പോഴാണ് കേസിലെ പുതിയ വെളിപ്പെടുത്തല്‍. ആദ്യം ക്രൈംബ്രാഞ്ച് ആയിരുന്നു കേസ് അന്വേഷിച്ചിരുന്നത്. ഇപ്പോൾ സി.ബി.ഐക്ക് അന്വേഷിക്കുന്നത്. എന്നാൽ കഴിഞ്ഞ അഞ്ചു വർഷമായി ജസ്നയുടെ തിരോധാനത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. തിരോധാനത്തിലെ ദുരൂഹത ഇപ്പോഴും തുടരുകയാണ്.

ഇതിനിടെയാണ് പൂജപ്പുര ജയിലിൽ കഴിയുന്ന പ്രതി, ജസ്നയുടെ തിരോധാനത്തെക്കുറിച്ച് സഹതടവുകാരന് അറിയാമെന്ന് സി.ബി.ഐയോട് വെളിപ്പെടുത്തിയിരിക്കുന്നത്. ‘ജസ്നയെ നേരത്തെ തന്നെ അറിയാം. ജസ്നയുടെ തിരോധാനത്തെക്കുറിച്ച് നിർണായക വിവരങ്ങൾ അറിയാം’ എന്ന് സഹതടവുകാരൻ തന്നോട് പറഞ്ഞുവെന്നാണ് തടവുകാരന്റെ വെളിപ്പെടുത്തൽ.

നാല് മാസം മുമ്പാണ് സംഭവം നടക്കുന്നത്. പോക്സോ കേസിൽ നിലവിൽ പൂജപ്പുര ജയിലിൽ കഴിയുന്ന പ്രതിയാണ് ജയിൽ സൂപ്രണ്ടിനോട് ഇക്കാര്യം ആദ്യം പറഞ്ഞത്. കൊല്ലം ജയിലിൽ തന്റെ കൂടെ കഴിഞ്ഞ സഹതടവുകാരനായ മോഷണക്കേസ് പ്രതിയും പത്തനംതിട്ട സ്വദേശിയുമായ പ്രതിയ്ക്ക് ജസ്നയെക്കുറിച്ച് ചില കാര്യങ്ങൾ അറിയാം എന്ന് പറഞ്ഞതായി ഇയാൾ പറഞ്ഞത്. തുടർന്ന് സി.ബി.ഐ. പൂജപ്പുര ജയിലിൽ എത്തി തടവുകാരന്റെ മൊഴി രേഖപ്പെടുത്തി. ഇയാൾ പറഞ്ഞ വിലാസം അനുസരിച്ച് പത്തനംതിട്ട സ്വദേശിയായ തടവുകാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സി.ബി.ഐ. ഇയാൾ ഇപ്പോൾ ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം.

error: Content is protected !!