കാണാമറയത്തായിട്ട് 5 വര്‍ഷം, അഭ്യൂഹങ്ങള്‍ പലവിധം; സി.ബി.ഐ.യില്‍ പ്രതീക്ഷയെന്ന് ജെസ്‌നയുടെ പിതാവ്
ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ടുള്ള സി.ബി.ഐ. അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്ന് ജെസ്‌നയുടെ പിതാവ് ജെയിംസ് ജോസഫ്. അന്വേഷണത്തിന്റെ പുരോഗതിയൊന്നും സി.ബി.ഐ. വെളിപ്പെടുത്തിയിട്ടില്ല. എന്നാലും ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ തൃപ്തരാണെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. അന്വേഷണം നടക്കുന്നതിനാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ പ്രതികരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജെസ്‌ന മരിയ ജെയിംസിനെ കാണാതായിട്ട് നാല് വര്‍ഷമാകുന്ന വേളയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നേരത്തെ ക്രൈംബ്രാഞ്ച് വിശദമായ അന്വേഷണം നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. റിട്ട. പോലീസ് ഉദ്യോഗസ്ഥരായ ടോമിന്‍ തച്ചങ്കരിയും കെ.ജി. സൈമണും പറഞ്ഞ പ്രസ്താവനകളെക്കുറിച്ച് ഒന്നും പറയാനില്ല. സി.ബി.ഐ സംഘം വീട്ടില്‍ വന്നും അങ്ങോട്ട് വിളിപ്പിച്ചും അന്വേഷണം നടത്തിയിരുന്നു. മാസങ്ങളോളം അവര്‍ എരുമേലി ഗസ്റ്റ് ഹൗസില്‍ താമസിച്ച് അന്വേഷണം നടത്തി. സി.ബി.ഐ അന്വേഷണം മന്ദഗതിയിലാണോ എന്നത് ഇപ്പോള്‍ പറയാന്‍ പറ്റില്ല, കാരണം അവര്‍ എങ്ങനെയാണ് അന്വേഷണം നടത്തുന്നതെന്ന് നമുക്ക് അറിയില്ലല്ലോ- ജെയിംസ് പറഞ്ഞു. മകളുടെ തിരോധാനവുമായി ബന്ധപ്പെട്ട് അജ്ഞാത ഫോണ്‍ കോളുകളൊന്നും ഇപ്പോള്‍ വരാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാണാതായത് 2018 മാര്‍ച്ച് 22-ന്…
റാന്നി വെച്ചൂച്ചിറ മുക്കൂട്ടുതറ സന്തോഷ് കവലയില്‍ കുന്നത്ത് ജെയിംസ് ജോസഫിന്റെ മകളാണ് ജെസ്ന. 2018 മാര്‍ച്ച് 22-നാണ് കാണാതായത്. അന്ന് 20 വയസ്സായിരുന്നു. ലോക്കല്‍ പോലീസും സ്പെഷ്യല്‍ ടീമും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസാണ് പിന്നീട് സി.ബി.ഐ.യ്ക്ക് കൈമാറിയത്.
യാത്ര പുറപ്പെട്ടു, പിന്നെയെവിടെ?
കാഞ്ഞിരപ്പള്ളി എസ്.ഡി. കോളേജ് വിദ്യാര്‍ഥിനിയായിരുന്ന ജെസ്ന പരീക്ഷയ്ക്ക് മുന്നോടിയായി പഠനാവധിയിലായിരുന്നു. അച്ഛന്റെ സഹോദരിയുടെ മുണ്ടക്കയത്തെ വീട്ടിലേക്ക് പോകുന്നെന്ന് അറിയിച്ചെന്ന് അടുത്ത വീട്ടിലെ കുട്ടി പറഞ്ഞിട്ടുണ്ട്. മാര്‍ച്ച് 22-ന് രാവിലെ 9.30-ന് ഓട്ടോയില്‍ കയറി മുക്കൂട്ടുതറയില്‍ എത്തി. ഓട്ടോക്കാരനും ഇക്കാര്യം സ്ഥിരീകരിച്ചു. അച്ഛന്‍ രാവിലെ 7.15-നും സഹോദരന്‍ 8.30-നും വീട്ടില്‍നിന്ന് പോയിരുന്നു.
പക്ഷേ, ജെസ്ന പിതൃസഹോദരിയുടെ വീട്ടില്‍ എത്തിയില്ല. വീട്ടില്‍നിന്ന് മൊബൈല്‍ എടുത്തിരുന്നില്ല. കുട്ടിയുടെ ഫോണ്‍ പരിശോധിച്ചതില്‍ കാര്യമായ വിവരമൊന്നും കിട്ടിയില്ല. ആണ്‍സുഹൃത്തുമായി സംസാരിച്ചെങ്കിലും ജെസ്ന ഈവിധം പോകുന്നെന്ന സൂചനയൊന്നും അയാള്‍ക്കും നല്‍കിയിട്ടില്ല. സംശയിക്കുന്ന ഒന്നും ഫോണ്‍വിളികളില്‍നിന്ന് ലഭിച്ചില്ല.
എരുമേലി-മുണ്ടക്കയം റോഡില്‍ കണ്ണിമല ബാങ്കിന്റെ നിരീക്ഷണ ക്യാമറയില്‍നിന്ന് കിട്ടിയ ദൃശ്യത്തില്‍ ജെസ്നയോട് സാദൃശ്യമുള്ള ഒരാള്‍ ബസില്‍ ഇരിക്കുന്നത് കണ്ടിരുന്നു. എരുമേലി, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലെ പല ക്യാമറാ ദൃശ്യങ്ങളും നോക്കിയിട്ടും അധികം വിവരമൊന്നും കിട്ടിയില്ല.
സാധാരണ മിസിങ് കേസായി പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. ഇതിനിടെ, സാമൂഹികമാധ്യമങ്ങളില്‍ ജസ്റ്റിസ് ഫോര്‍ ജെസ്നയെന്ന ഹാഷ്ടാഗ് വൈറലായി. ജെസ്നയുടെ സഹോദരങ്ങളുടെ ഫെയ്സ്ബുക്ക് ലൈവും മറ്റുമെല്ലാം കേരളം ഏറ്റെടുത്തു. സംഭവത്തില്‍ ജനശ്രദ്ധ കൈവന്നതോടെ പോലീസ് അന്വേഷണവും ഉണര്‍ന്നു. പക്ഷേ, ജെസ്നെയെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല.
വീട്ടില്‍നിന്നിറങ്ങിയ ജെസ്ന എരുമേലി വരെ എത്തിയെന്ന നിഗമനത്തില്‍ മാത്രമാണ് ആദ്യനാളുകളില്‍ പോലീസിന് എത്താനായത്. അവിടെനിന്ന് ജെസ്ന എങ്ങോട്ട് പോയെന്നറിയാതെ അന്വേഷണം വഴിമുട്ടി. സഹപാഠികളെയും കൂട്ടുകാരെയും ബന്ധുക്കളെയും ചോദ്യംചെയ്തെങ്കിലും കാര്യമായ വിവരമൊന്നും കിട്ടിയില്ല. ഓരോ വിവരങ്ങള്‍ ലഭിക്കുമ്പോള്‍ പോലീസ് ആ സ്ഥലങ്ങളിലേക്ക് പാഞ്ഞു. പക്ഷേ, നിരാശയായിരുന്നു ഫലം. ജെസ്നയെ ബെംഗളൂരുവില്‍ കണ്ടു, മൈസൂരുവില്‍ കണ്ടു എന്നിങ്ങനെയായിരുന്നു പോലീസിന് ലഭിച്ചിരുന്ന സന്ദേശങ്ങള്‍.
കുട്ടിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പോലീസ് രണ്ട് ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്നു. തിരുവല്ല ഡിവൈ.എസ്.പി. ചന്ദ്രശേഖരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉണ്ടായിരുന്നത്. ജെസ്നയുടെ വീട്ടില്‍നിന്ന് പോലീസ് കണ്ടെത്തിയ വസ്ത്രത്തില്‍ രക്തക്കറ പുരണ്ടതായി കണ്ടെത്തി. ഇത് ജെസ്നയുടെ രക്തമാണെന്ന് തിരിച്ചറിഞ്ഞു. പക്ഷേ, കാര്യമായ അന്വേഷണ പുരോഗതി ഉണ്ടായില്ല. 2018 മേയ് 27-ന് ഐ.ജി. മനോജ് ഏബ്രഹാം അന്വേഷണം ഏറ്റെടുത്തു. കുട്ടിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്കുള്ള പ്രതിഫലം അഞ്ചുലക്ഷം രൂപയാക്കി ഉയര്‍ത്തുകയുംചെയ്തു.
2018 ഓഗസ്റ്റില്‍ മഹാപ്രളയം വന്നതോടെ അന്വേഷണം തണുത്തമട്ടിലായി. പരാതികളെ തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. എ.ഡി.ജി.പി. ടോമിന്‍ ജെ.തച്ചങ്കരി ചുമതലയേറ്റു. 2020 ഏപ്രിലില്‍ നിര്‍ണായകവിവരം കിട്ടിയെന്ന് അറിയിച്ചെങ്കിലും സംഘം പ്രതികരിക്കാന്‍ വിസമ്മതിച്ചു. ജെസ്ന എവിടെയുണ്ടെന്ന് തനിക്ക് അറിയാമെന്ന് ടോമിന്‍ ജെ.തച്ചങ്കരി പറഞ്ഞിരുന്നു. പക്ഷേ, കൂടുതല്‍ വെളിപ്പെടുത്താനാകില്ലെന്നും പറഞ്ഞു. സമാനപ്രസ്താവന പത്തനംതിട്ട എസ്.പി.യായിരുന്ന കെ.ജി. സൈമണും നടത്തിയെങ്കിലും ജെസ്ന കാണാമറയത്തുതന്നെ തുടരുകയായിരുന്നു.
ഒരുവര്‍ഷം മുമ്പ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ജെസ്‌ന കേസ് സി.ബി.ഐ. ഏറ്റെടുക്കുന്നത്. എരുമേലിയില്‍ ക്യാമ്പ് ചെയ്തടക്കം സി.ബി.ഐ സംഘം വിവരങ്ങള്‍ ശേഖരിച്ചു. കേസിന്റെ എഫ്.ഐ.ആറും സമര്‍പ്പിച്ചു. എന്നാല്‍ അന്വേഷണം ഏറ്റെടുത്ത് ഒരുവര്‍ഷം കഴിഞ്ഞിട്ടും ജെസ്‌ന എവിടെയാണെന്നോ ജെസ്‌നയ്ക്ക് എന്തുപറ്റിയെന്നോ എന്ന സൂചന പോലും സി.ബി.ഐ നല്‍കിയിട്ടില്ല. ദിവസങ്ങള്‍ക്ക് മുമ്പ് ജെസ്‌നയ്ക്കായി ലുക്ക് ഔട്ട് നോട്ടീസും സി.ബി.ഐ. പുറപ്പെടുവിച്ചു. ഇതിനിടെ, ജെസ്‌നയുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളിലൊന്നും ഔദ്യോഗികമായ സ്ഥിരീകരണങ്ങളുണ്ടായില്ല.