ടിപ്പർലോറിയും കാറും കൂട്ടിയിടിച്ച് കാഞ്ഞിരപ്പള്ളി സ്വദേശിനി വയോധിക മരിച്ചു
കാഞ്ഞിരപ്പള്ളി : ഉംറയ്ക്ക് പോകുന്ന സഹോദരിയെ വിമാനത്താവളത്തിൽ എത്തിച്ച് തിരികെ വരുംവഴി മുട്ടത്തുണ്ടായ വാഹനാപകടത്തിൽ വയോധിക മരിച്ചു. ടിപ്പർലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാഞ്ഞിരപ്പള്ളി ആനിത്തോട്ടം പള്ളിവാതുക്കൽപ്പറമ്പിൽ പരേതനായ കെ.എം. സുലൈമാന്റെ ഭാര്യ സുഹ്‌റ ബീവി (സൂറ താത്ത-77)യാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റു മൂന്നുപേർക്ക് സാരമായി പരിക്കേറ്റു.
സുഹ്‌റ ബീവിയുടെ മറ്റൊരു സഹോദരിയുടെ മകൻ തൈപ്പറമ്പിൽ സക്കീർ(46), സക്കീറിന്‍റെ സഹോദരി വലിയപറമ്പിൽ നുസൈബ അബ്ദുൽഖാദർ(36), ബന്ധു ബദരിയ മൻസിലിൽ റാസിഖ് റഹ്‌മാൻ (16) എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സക്കീറിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
സക്കീറാണ് കാർ ഓടിച്ചിരുന്നത്. മറ്റു രണ്ടുപേരും തൊടുപുഴയിൽ ചികിത്സയിലാണ്. റാസിഖിന് തലയ്ക്കും നുസൈബയുടെ കൈക്കുമാണ് പരിക്ക്.
സുഹ്റയുടെ സഹോദരി മറിയം ബീവിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച് തിരികെ വരുംവഴി ശനിയാഴ്ച രാവിലെ 11.15-ഓടെ മുട്ടം കുരിശുപള്ളിക്ക് സമീപമാണ് അപകടം. മക്കൾ: ബാദുഷ, നൗഷാദ്, ജലാൽ, നെജി, ബൽക്കീസ്, ആമിന, പരേതയായ ഐഷ.