ഭിന്നശേഷിയുള്ള മക്കള്‍ ഞങ്ങള്‍ക്ക്‌ ബാധ്യതയല്ല; അവര്‍ ഞങ്ങളുടെ ഓമനകളാണ് .. ഭിന്നശേഷി കലാമേളയിൽ നിന്നുള്ള ഹൃദയസ്പർശ രംഗങ്ങൾ

ഭിന്നശേഷിയുള്ള മക്കള്‍ ഞങ്ങള്‍ക്ക്‌ ബാധ്യതയല്ല; അവര്‍ ഞങ്ങളുടെ ഓമനകളാണ് .. ഭിന്നശേഷി കലാമേളയിൽ നിന്നുള്ള ഹൃദയസ്പർശ രംഗങ്ങൾ

ഭിന്നശേഷി സൗഹൃദ പഞ്ചായത്തായി പാറത്തോട് പഞ്ചായത്ത് മാറുകയാണ് എന്നതിന്റെ നേർസാക്ഷ്യമാണ് കഴിഞ്ഞ ദിവസം മികച്ച രീതിയിൽ പഞ്ചായത്ത് സംഘടിപ്പിച്ച ഭിന്നശേഷി കലാമേളയിൽ കാണുവാൻ സാധിച്ചത്. ഭിന്നശേഷി വിഭാഗത്തിൽ പെട്ടവരുടെ മാനസികവും ശാരീരികവുമായ ഉന്മേഷത്തിനും അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും വേദിയൊരുക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് പരിപാടി സംഘടിപ്പിച്ചത്.

പാറത്തോട് പഞ്ചായത്തും ഐ സി ഡി എസ്സും സംയുക്തമായി സംഘടിപ്പിച്ച ഭിന്നശേഷി കലാമേളയിൽ, പഞ്ചായത്ത് പരിധിയിലെ ശാരീരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന 46 കലാകായിക പ്രതിഭകളാണ് മാറ്റുരച്ചത്. സുഖദുഃഖങ്ങള്‍ മറന്ന് പഞ്ചായത്തിലെ ഭിന്നശേഷി കുട്ടികള്‍ ആഹ്ലാദത്തോടെ ഒത്തുകൂടിയപ്പോള്‍ അത് അവർക്ക് മറക്കാനാവാത്ത ഉത്സവമായി. പൊടിമറ്റം സെന്റ് മേരീസ് പാരിഷ്ഹാളിൽ നടന്ന കലാമേള, പാറത്തോട് പഞ്ചായത്ത് പ്രസിഡണ്ട് വിജയമ്മ വിജയലാൽ ഉദ്ഘാടനം ചെയ്തു. മുൻ പ്രസിഡണ്ട് ഡയസ് കോക്കാട്ട് അധ്യക്ഷനായി. സര്‍ഗവാസനയുള്‍ക്കൊള്ളുന്ന മനസുകള്‍ക്ക് കലാപ്രകടനം നടത്തുന്നതിന് ശാരീരിക പരിമിതികള്‍ തടസമല്ലെന്ന് തെളിയിച്ച് ഭിന്നശേഷി കുട്ടികളുടെ കലോത്സവം ഏറെ വ്യത്യസ്തമായി.

മാനസിക ശാരീരിക വെല്ലുവിളികളെ മറികടന്ന് നിരവധി കുട്ടികൾ കലാമേളയിൽ ഉത്സാഹത്തോടെ പങ്കാളികളായപ്പോൾ കാണികളിൽ ആവേശവും ആഹ്ലാദവും ഉണർന്നു. ഭിന്നശേഷിയുള്ള മക്കള്‍ ഞങ്ങള്‍ക്ക്‌ ബാധ്യതയല്ല; അവര്‍ ഞങ്ങളുടെ പ്രിയപ്പെട്ട ഓമനകളാണ് എന്ന് സമൂഹത്തോട് വിളിച്ചുപറഞ്ഞുകൊണ്ട് മാതാപിതാക്കൾ വാത്സല്യത്തോടെ അവരെ ചേർത്തുപിടിച്ചപ്പോൾ അത് ഹൃദയ സ്പർശിയായ കാഴ്ചകളായി . പഞ്ചായത്ത് പ്രസിഡന്റിനൊപ്പം മെമ്പർമാരും ജീവനക്കാരും അവർക്കൊപ്പം ചേർന്ന് പൂർണ പിന്തുണയേകിയപ്പോൾ അത് ലോകത്തിന് നല്ലൊരു മാതൃകയായി .

ശാരീരികമോ, മാനസികമോ, ബുദ്ധിപരമോ, സംവേദനപരമോ ആയ ബലഹീനതകൾ ഉള്ളവരെയാണ് ഭിന്നശേഷിക്കാർ എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത് . അപാരമായ കഴിവുകള്‍ ഉള്ളിലുള്ളപ്പോഴും സമൂഹത്തില്‍ പൊതുവില്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നവരാണ് ഭിന്നശേഷി സമൂഹം. സര്‍ഗ്ഗാവിഷ്‌കാരങ്ങള്‍ക്ക് പൊതുവേദിയൊരുക്കി ഭിന്നശേഷി സമൂഹത്തെ മുഖ്യധാരയിലേയ്ക്ക് ഉയര്‍ത്താനും അവര്‍ക്ക് തുല്യനീതി ഉറപ്പാക്കാനുമാണ് കലാമേള സംഘടിപ്പിച്ചതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് വിജയമ്മ വിജയലാൽ പറഞ്ഞു.

എല്ലാവിധ പരിമിതികളെയും മറികടന്ന് തങ്ങളുടെ കഴിവുകള്‍ക്ക് അതിരുകളില്ലെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു കുട്ടികൾ കാഴ്ചവച്ചത്. പാട്ടുകളായും, നൃത്തച്ചുവടുകളായും, കളികളായും തങ്ങളുടെ സർഗ വാസനകൾ അവർ കാണികൾക്ക് മുൻപിലെത്തിച്ചു. ശാരീരിക വെല്ലുവിളികൾ മറികടന്ന് വേദിയിലും ആസ്വാദക ഹൃദയങ്ങളിലും അവർ വർണം വിതറിയപ്പോൾ കലാമേള വേറിട്ട അനുഭവമായി.

ഒരു വയസുള്ള കുട്ടിയെ നോക്കുന്നതു പോലെയാണ് മാതാപിതാക്കളിൽ പലരും തങ്ങളുടെ പതിനഞ്ചും ഇരുപതും വയസുള്ള കുട്ടികളെ നോക്കുന്നത്. കുട്ടികളെ മുഴുവൻ സമയവയും സൂക്ഷ്മതയോടെ പരിപാലിക്കേണ്ടതിനാൽ പല മാതാപിതാക്കള്‍ക്കും ജോലികള്‍ക്കൊന്നും പോകാന്‍ കഴിയുന്നില്ല. അതിനാൽ തന്നെ , തങ്ങളുടെ സങ്കടങ്ങളും വിഷമതകളും പങ്കുവയ്ക്കുവാനും, പരസ്പരം ആശ്വസിപ്പിക്കുവാനും ഭിന്നശേഷി കലാമേള അവർക്ക് അവസരമൊരുക്കി.

സമ്പൂർണ ഭിന്നശേഷി സൗഹൃദ പഞ്ചായത്ത് എന്ന മഹത്തായ ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് പാറത്തോട് പഞ്ചായത്ത്. മുൻപ് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ആയിരുന്ന വിജയമ്മ വിജയലാൽ പഞ്ചായത്തിലെ ഭിന്നശേഷി സമൂഹത്തിന് വേണ്ടി നിരവധി പദ്ധതികൾ നടപ്പിലാക്കുവാൻ മുൻകൈ എടുത്തിരുന്നു. ഇപ്പോൾ പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനക്കയറ്റം ലഭിച്ചതോടെ, അത്തരം നന്മ പ്രവർത്തികൾ നടപ്പിലാക്കുവാൻ കൂടുതൽ ഊർജം പകരുവാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് .

ഭിന്നശേഷി കലാമേളയിൽ പങ്കെടുത്ത കുട്ടികളെ സ്നേഹവാത്സല്യങ്ങൾ കൊണ്ട് മൂടുവാനും, അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുവാനും പഞ്ചായത്ത് മെമ്പർമാരും, അംഗൻവാടി അദ്ധ്യാപകരും ഉത്സാഹിച്ചത് കുട്ടികൾക്കൊപ്പം, അവരുടെ മാതാപിക്കൾക്കും ഏറെ സന്തോഷവും, ആശ്വാസവും നൽകി.

തീവ്ര ഭിന്നശേഷിയുള്ളവരും, ഓട്ടിസം, സ്​പെക്​ട്രം ഡിസോര്‍ഡറുകള്‍ പോലുള്ള ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവരുമായ കുഞ്ഞുങ്ങൾ ജനിക്കുന്നതോടെ സാമൂഹികജീവിതം തന്നെ വലിയൊരു പരിധിവരെ അപ്രാപ്യമായി തീരുന്ന മാതാപിതാക്കളുടെ പ്രശ്നങ്ങൾ
സമൂഹം അറിയേണ്ടതുണ്ട്. . നേരത്തേ അവര്‍കൂടി ഭാഗമായിരുന്ന പൊതുവിടങ്ങളില്‍ നിന്നും, കാഴ്ചകളില്‍ നിന്നും, സൗഹൃദങ്ങളില്‍ നിന്നുമൊക്കെ പിന്‍വാങ്ങി വീട്ടിനകത്തും ആശുപത്രികളിലും മാത്രമായി തീരുന്ന അവരുടെ ജീവിതങ്ങൾക്ക് പ്രത്യാശ നൽകേണ്ടതും, കൈപിടിച്ച് ഒപ്പം നിർത്തേണ്ടതും സമൂഹത്തിന്റെ കടമയാണ് .

സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടവർ ഉൾപ്പെടെ എല്ലാവർക്കും സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി, സർക്കാർ നടപ്പിലാക്കുന്ന ഭിന്നശേഷി വികസന പദ്ധതികളെ, എല്ലാ അർത്ഥത്തിലും ഉൾക്കൊണ്ടുകൊണ്ട് , അതിന്റെ മഹത്തായ സന്ദേശം, പൊതുജനങ്ങളിൽ എത്തിക്കുവാൻ, സാധാരണ ജനങ്ങളോട് ഏറ്റവും അടുത്തുനിൽക്കുന്ന പ്രാദേശിക ഭരണകൂടങ്ങളായ പഞ്ചായത്തുകൾക്ക് എങ്ങനെയാണ് സാധിക്കുന്നത്, എന്നതിന്റെ മകുടോദാഹരണമാണ് പാറത്തോട് പഞ്ചായത്ത് സംഘടിപ്പിച്ച ഭിന്നശേഷി കലാമേളയിൽ കാണുവാൻ സാധിച്ചത് .

error: Content is protected !!