പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടർ  കൊലചെയ്യപ്പെട്ട സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാവണം. കേരള പ്രൊഫഷണൽ ഫ്രണ്ട് (എം)

പൊൻകുന്നം: വൈദ്യ പരിശോധനയ്ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ച പ്രതിയുടെ കുത്തേറ്റ് ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ സ്വദേശി ഡോ. വന്ദന മരണപ്പെടുവാൻ ഇടയായ വിഷയത്തിൽ കേരള പ്രൊഫഷണൽ ഫ്രണ്ട് (എം) അഗാധ ദുഃഖം രേഖപ്പെടുത്തി. ഡോ. വന്ദനയുടെ കുടുംബാംഗങ്ങളോടും ആരോഗ്യ മേഖലയിലെ എല്ലാ സഹോദരങ്ങളോടും കേരള പ്രൊഫഷണൽ ഫ്രണ്ടിന്റെ ഐക്യദാർഢ്യവും ഡോക്ടറുടെ മരണത്തിൽ അനുശോചനവും അറിയിച്ചു. 

ഈ അതിദാരുണമായ സംഭവത്തിൽ കുറ്റക്കാരായവരുടെ പേരിൽ ശക്തമായ ശിക്ഷാനടപടികൾ സീകരിക്കണം. ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള ഇത്തരം ആക്രമണ സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കുന്നതിനുള്ള ശക്തമായ നടപടികൾ ഉണ്ടാവണം. ആശുപത്രികളിൽ സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കണം. കസ്റ്റഡിയിലുള്ള പ്രതികളെ പരിശോധനയ്ക്ക് കൊണ്ടു വരുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ നിശ്ചയമായും പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തണം. ട്രയാജ് സംവിധാനം അടിയന്തരമായി നടപ്പാക്കുകയും ചെയ്യണം. മാസത്തിൽ ശരാശരി അഞ്ച് ആരോഗ്യ പ്രവർത്തകർ നമ്മുടെ കൊച്ചു കേരളത്തിൽ ആക്രമിക്കപ്പെടുന്നുണ്ടെന്ന വസ്തുത പ്രൊഫഷണൽ രംഗത്ത് ജോലി ചെയ്യുന്ന ഏവരെയും ആശങ്കയിലാഴ്ത്തുന്ന കാര്യമാണ്. ഇതിനെതിരെ പൊതു സമൂഹത്തിൽ തന്നെ ബോധവൽക്കരണവുംജാഗ്രതയും ഉണ്ടാവേണ്ടതുണ്ട്.

വിലങ്ങില്ലാതെയാണ് പ്രതിയെ ആശുപത്രിയിൽ എത്തിച്ചത് എന്ന കാര്യത്തിൽ പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്നും അന്വേഷിക്കണം.

പ്രതിയെ ഡോക്ടർ പരിശോധിക്കുമ്പോൾ പോലീസ് അടുത്തുണ്ടാവരുത്  എന്ന സർക്കാർ ഉത്തരവ് അക്രമകാരികളായ ക്രിമിനൽ പ്രതികളുടെ വിഷയത്തിൽ പുന പരിശോധിക്കണമെന്നും കേരള പ്രൊഫഷണൽ ഫ്രണ്ട് (എം) ന് വേണ്ടി ഡോ. ബിബിൻ കെ ജോസ്, ഡോ. മിലിന്ദ് തോമസ്, സന്തോഷ് കുഴിക്കാട്ട്, ബേബി സെബാസ്റ്റ്യൻ, സാജൻ എസ്, ഡോ. രാജു സണ്ണി എന്നിവർ ആവശ്യപ്പെട്ടു.

error: Content is protected !!