വന്യമൃഗ ശല്യം ; എരുമേലി വനമേഖലയിൽ വനം വകുപ്പ് സോളാർ വേലിക്ക് പദ്ധതി തയ്യാറാക്കുന്നു
കണമല : പുലിയെ കണ്ടെന്ന നാട്ടുകാരുടെ ഭീതിയും കാട്ടാനകൾ പതിവായി കൃഷി നശിപ്പിക്കുന്ന കാര്യവും മുൻനിർത്തി വന മേഖലയിൽ നിന്നും വന്യജീവികൾ കാടിറങ്ങുന്നത് തടയാൻ സോളാർ വേലിക്ക് പദ്ധതി തയ്യാറാക്കിയെന്ന് വനം വകുപ്പ്. എരുമേലി റേഞ്ചിൽ എട്ട് ലക്ഷം രൂപ ചെലവിൽ വനംവകുപ്പ് പദ്ധതിയിൽ നാല് കി.മീ. സോളർ ഫെൻസിങും നബാർഡ് പദ്ധതിയിൽ 14 കി.മീ സോളർ ഫെൻസിങും നിർമിക്കാനാണ് പദ്ധതി.
പെരിയാർ വെസ്റ്റ് ഡിവിഷനിൽ നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 7.3 കോടി രൂപ ചെലവിൽ വനിതാ ബാരക് കെട്ടിടവും നിർമിക്കുമെന്ന് എരുമേലി റേഞ്ച് ഓഫിസർ ബി ആർ ജയൻ അറിയിച്ചു. കൂടാതെ വനത്തിന്റെ ആവാസ വ്യവസ്ഥ സംരക്ഷിച്ച് നിലനിർത്തുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കും. എരുമേലി റേഞ്ചിൽ കുളമാക്കൽ, കിളിക്കുളം, കണ്ണിമല എന്നിവിടങ്ങളിൽ സ്വാഭാവിക വൃക്ഷത്തൈകൾ നട്ട് വന പുനഃസ്ഥാപന പദ്ധതി നടപ്പാക്കി വരുന്നു. എരുമേലിയിലേക്ക് പ്ലാച്ചേരി – പൊന്തൻപുഴ – ചാരുവേലി – ചേനപ്പാടി വഴി വരുന്ന നിർദിഷ്‌ട മലയോര ഹൈവേ നിർമാണത്തിനു 0.27 ഹെക്ടർ വനഭൂമി വിട്ടു നൽകുന്നതിനുള്ള സ്റ്റേജ് വൺ അപ്രൂവൽ നൽകിയിട്ടുണ്ടന്നും ഈ ഭൂമിയിൽ നിൽക്കുന്ന 440 മരങ്ങൾ മുറിച്ചു മാറ്റുന്നതിനുള്ള അനുമതി യൂസർ ഏജൻസികളിലേക്കു കൊടുത്തിട്ടുണ്ടന്നും ഇതിന് പകരമായി വനവൽക്കരണം നടത്തുമെന്നും റേഞ്ച് ഓഫിസർ അറിയിച്ചു. മറ്റ് പദ്ധതികൾ ചുവടെ.
വാഗമൺ പൈൻവാലി ഇക്കോ ടൂറിസം പദ്ധതിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് രണ്ട് കോടി ചെലവഴിക്കും. വഴിക്കടവ് ചെക് പോസ്റ്റിന്റെ നിർമാണം 90 ലക്ഷം ചെലവഴിച്ച് പൂർത്തീകരിക്കും.