ശക്തമായ മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു; ഗതാഗതക്കുരുക്കിൽ യാത്രക്കാർ വലഞ്ഞു
കാഞ്ഞിരപ്പള്ളി : കനത്ത മഴയിൽ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലും സ്റ്റാൻഡിലേക്കുള്ള പ്രവേശന കവാടമായ ദേശീയപാതയിലും വെള്ളക്കെട്ട് രൂപംകൊണ്ടു . ഇതോടെ അരമണിക്കൂറോളം വൻ ഗതാഗതക്കുരുക്കാണ് ഇവിടെ അനുഭവപ്പെട്ടത്. ദേശീയപാതയിലും വെള്ളം ഉയർന്നതാണ് വാഹന ഗതാഗതത്തിന് ഏറെ തടസ്സം സൃഷ്ടിച്ചത് .
മഴവെള്ളം ഒഴുകിപ്പോകുന്നതിന് നിർമ്മിച്ചിട്ടുള്ള ഓടകളിൽ വ്യാപാരസ്ഥാപനങ്ങളിലെ മാലിന്യങ്ങളും , മണ്ണും വെള്ളം ഒഴുകുന്നതിന് തടസ്സമായതോടെ ബസ് സ്റ്റാൻഡിലും റോഡിലും വെള്ളം ഉയർന്ന് റോഡിലൂടെ ഒഴുകുകയായിരുന്നു. ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനിൽ നിന്നുള്ള വിസർജ്യങ്ങളും റോഡിൽ പരന്നൊഴുകിയതോടെ കനത്ത ദുർഗന്ധവുമാണ് ഇവിടെ അനുഭവപ്പെട്ടത്. മഴ എത്തിയതോടെ മീൻ കടയിൽ നിന്നും മലിനജലം റോഡിലേക്ക് ഒഴുക്കിയത് യാത്രക്കാർക്കും വ്യാപാരികൾക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കി. മലിന ജലത്തിൽ ചവുട്ടി കാൽനട യാത്രക്കാർ ദുർഗന്ധം സഹിക്കാനാവാതെ ഏറെ വിഷമിക്കുകയായിരുന്നു.
ബസ്റ്റാൻഡിൽ നിന്നും ബസ് ഇറങ്ങുന്ന കവാടത്തിലെ സ്ലാബ് ഒടിഞ്ഞ്, മാലിന്യങ്ങൾ കുമിഞ്ഞ് കൂടി നിലo പൊത്താറായിട്ട് മാസങ്ങളായെങ്കിലും അധികൃതർ കണ്ട ലക്ഷണമില്ല.ദേശീയപാതയോരത്തെ ഓടകൾ മാലിന്യങ്ങൾ നിറഞ്ഞ് കൊതുകുകൾ പെരുകി പകർച്ചവ്യാധികളും മറ്റ് രോഗങ്ങളും പടരാൻ ഏറെ സാധ്യതയുണ്ട് .മഴയെത്തും മുമ്പേ ദേശീയപാതയുടെ ഓരങ്ങളിലുള്ള ഓടകളും, പഞ്ചായത്ത്,പി. ഡബ്ലിയു .ഡി .
റോഡുകളുടെ ഓടകളും മാലിന്യങ്ങൾ നീക്കി വൃത്തിയാക്കാത്തത് പാതകളിൽ ജലനിരപ്പ് ഉയരുവാൻ കാരണമാകുന്നു.പഞ്ചായത്ത് തലത്തിൽ മാലിന്യമുക്തമാക്കൽ പദ്ധതി വെറും കടലാസിൽ ഒതുങ്ങുന്നതായി വ്യാപാരികളും നാട്ടുകാരും പറയുന്നു