കപട പരിസ്ഥിതിവാദം മനുഷ്യ ജീവനെടുത്തിട്ടും ഉറക്കം നടിക്കുന്നത് കാട്ടു നീതി: മാർ ജോസ് പുളിക്കൽ
കാഞ്ഞിരപ്പള്ളി: കർഷകരെ അരുംകൊല ചെയ്തുകൊണ്ടിരിക്കുന്ന വന്യമൃഗങ്ങളെ കാട്ടിൽ ഒതുക്കുകയോ പെരുകൽ നിയന്ത്രിക്കുകയോ ചെയ്യുന്നതിൽ സർക്കാർ ഒരുനിമിഷം പോലും വൈകിക്കൂടെന്ന് കാഞ്ഞിരപ്പള്ളി രൂപാധ്യക്ഷനും കെ.സി.ബി.സി ജസ്റ്റിസ് പീസ് & ഡെവലപ്പ്‌മെന്റ് കമ്മീഷൻ ചെയര്‍മാനുമായ മാർ ജോസ് പുളിക്കൽ.
കാഞ്ഞിരപ്പള്ളിക്കടുത്ത് കണമല പുറത്തേല്‍ ചാക്കോച്ചനെയും പ്ലാവനാകുഴിയില്‍ തോമസിനെയും കൊല്ലത്ത് വര്‍ഗീസിനെയും കാട്ടുപോത്ത് കുത്തിക്കൊന്ന സംഭവം അങ്ങേയറ്റം വേദനാകരവും പ്രതിഷേധാര്‍ഹവുമാണ്. കുടുംബങ്ങള്‍ അനാഥമാകുന്ന സാഹചര്യത്തിലും സര്‍ക്കാര്‍ അടിയന്തിരമായ സഹായപ്രഖ്യാപനങ്ങളോ നടപടികളോ സ്വീകരിക്കാന്‍ തയാറാകുന്നില്ല.
എണ്‍പതിലധികം വര്‍ഷങ്ങളായി ജനങ്ങള്‍ അധിവസിക്കുന്ന ഗ്രാമീണമേഖലയാണ് കണമല. വന്യമൃഗങ്ങളെക്കൊണ്ടു പൊറുതിമുട്ടിയ ഈ പ്രദേശത്തെ ജനങ്ങള്‍ നടപടിയുണ്ടാകാന്‍ അധികാരികള്‍ക്കു മുന്നില്‍ നിരവധി തവണ പരാതികളും പ്രതിഷേധങ്ങളും മുഴക്കിയിട്ടുണ്ട്. ചുമതലപ്പെട്ട വനം, റവന്യൂ വകുപ്പുകളും ജനപ്രതിനിധികളും തദ്ദേശസ്ഥാപനങ്ങളും ജനവികാരത്തെ മാനിക്കാതെ വന്ന അനാസ്ഥയുടെ പരിണിതഫലമാണ് കണമലയില്‍ രണ്ടു മനുഷ്യജീവനെടുത്തത്. കാട്ടില്‍ പാര്‍ക്കേണ്ട മൃഗങ്ങള്‍ മനുഷ്യര്‍ പാര്‍ക്കുന്ന നാട്ടിലേക്കിറങ്ങിയാല്‍ വെടിവയ്ക്കുകയോ തിരികെ ഓടിക്കുകയോ ചെയ്യാനുള്ള ചുമതല വനംവകുപ്പിനാണ്. കൊല്ലാന്‍വരുന്ന ആനയെയും കടുവയെയും കാട്ടുപോത്തിനെയും നേരിടാന്‍ ജനങ്ങള്‍ക്ക് അധികാരമില്ല.
കാട്ടില്‍ പെരുകി നിറഞ്ഞ മൃഗങ്ങള്‍ നാട്ടില്‍ സ്ഥിരവാസമാക്കുന്ന സാഹചര്യം മനുഷ്യജീവനുനേരെയുള്ള വെല്ലുവിളിതന്നെയാണ്. വിദേശരാജ്യങ്ങളിലേതുപോലെ നിശ്ചിതസമയങ്ങളില്‍ നായാട്ടിലൂടെ വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുന്ന സംവിധാനം ഇവിടെയും അനിവാര്യമായിരിക്കുന്നു. വനത്തിന്റെ ആവാസസംവിധാനത്തിന്റെ പതിന്‍മടങ്ങായി ആനയും കടുവയും കാട്ടുപോത്തും പെരുകിക്കൊണ്ടിരിക്കുന്നു. കാട്ടുപന്നിയും കുരങ്ങും പെരുകി നാട്ടില്‍ വലിയ നാശമുണ്ടാക്കുന്നു. വന്യമൃഗങ്ങളെക്കൊണ്ടു പൊറുതിമുട്ടി കൃഷി അപ്പാടെ ഉപേക്ഷിക്കുകയോ നാടുവിടുകയോ ചെയ്ത കര്‍ഷകരും നിരവധിയാണ്. മനുഷ്യരുടെ ജനനനിരക്കുയരാതിരിക്കുവാന്‍ സമൂഹ മനസ്സാക്ഷിയെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ പരസ്യം നല്കുന്ന സര്‍ക്കാരുകള്‍ മനുഷ്യവാസ മേഖലയിലേക്ക് കടക്കത്തക്കവിധം വന്യമൃഗങ്ങള്‍ പെരുകിയിട്ടും നിസംഗരാകുന്നതിന്റെ യുക്തി ഒരു വിധത്തിലും മനസ്സിലാകുന്നില്ല.
കണമല, തുലാപ്പള്ളി പ്രദേശങ്ങളില്‍ കുടിയിരുത്തപ്പെട്ട ജനസമൂഹമാണ് അതിജീവനത്തിനായി കേഴുന്നത്. സമാനമായ സാഹചര്യമാണ് കോരുത്തോട്ടിലും പമ്പയിലും പെരുവന്താനത്തും ഇടുക്കി പത്തനംതിട്ട ജില്ലകളുടെ വിവിധ പ്രദേശങ്ങളിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ജനങ്ങള്‍ നേരിടുന്നത്. വീടിനുള്ളില്‍ കയറി മൃഗങ്ങള്‍ മനുഷ്യരെ ആക്രമിക്കുന്ന സാഹചര്യത്തില്‍ വീടിനു പുറത്തിറങ്ങാന്‍പോലും ജനങ്ങള്‍ക്ക് ഭീതിയായിരിക്കുന്നു.
കുട്ടികളെ സ്‌കൂളില്‍ അയയ്ക്കാന്‍ ഭയപ്പെടുന്ന മാതാപിതാക്കളുടെയും അതിരാവിലെ മുതല്‍ വിവിധ ജോലികളില്‍ ഏര്‍പ്പെടുന്നവരുടെയും ആരാധനാലയങ്ങളില്‍ പോകുന്നവരുടെയും ഭീതി അധികാരികള്‍ മനസിലാക്കണം. അര്‍ഹമായ നഷ്ടപരിഹാരം അവകാശികള്‍ക്ക് നല്‍കുന്നതില്‍ നേരിയ അനാസ്ഥപോലും സര്‍ക്കാരില്‍നിന്നുണ്ടായിക്കൂടാ. ഇന്ന് തന്നെ കൊല്ലത്ത് വന്യജീവി ആക്രമണത്തില്‍ വര്‍ഗ്ഗീസ് കൊല്ലപ്പെട്ടതും വിവിധ സ്ഥലങ്ങളിലായി നടന്ന വന്യജീവി ആക്രമണങ്ങളും ഉത്തരവാദിത്വപ്പെട്ടവരുടെ കണ്ണുതുറപ്പിക്കാത്തത് ആശ്ചര്യകരമാണ്. മലയോരമേഖലയില്‍ വന്യമൃഗങ്ങള്‍ കര്‍ഷകരെ ആക്രമിച്ചതിലും കൃഷി വകകള്‍ നഷ്ടപ്പെടുത്തിയതും അര്‍ഹമായ നഷ്ടപരിഹാരം ഒരിടത്തും വിതരണം ചെയ്തിട്ടില്ലെന്നത് വേദനാകരവും പ്രതിഷേധാര്‍ഹവുമാണെന്നും മാര്‍ ജോസ് പുളിക്കല്‍ പ്രസ്താവിച്ചു.
രൂപതയിലെ എല്ലാ ഇടവകകളിലും സന്യാസ ഭവനങ്ങളിലും അര്‍പ്പിക്കപ്പെടുന്ന പരിശുദ്ധ കുര്‍ബാനയില്‍ വന്യജീവി അക്രമണത്തില്‍ കൊല്ലപ്പെട്ടരെയും കുടുംബാംഗങ്ങളെയും പ്രത്യേകം അനുസ്മരിച്ച് പ്രാര്‍ത്ഥിക്കണമെന്ന് മാര്‍ ജോസ് പുളിക്കല്‍ അറിയിച്ചു. രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ജൂബി മാത്യു എന്നിവര്‍ സന്നിഹിതരായിരുന്നു.