കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് കർഷകർക്ക് ദാരുണാന്ത്യം

കണമല : വളർത്തുമൃഗങ്ങളെ പുലി കൊന്നൊടുക്കുന്നെന്ന ഭീതി നിറഞ്ഞ കണമല പമ്പാവാലി മേഖലയിൽ വെള്ളിയാഴ്ച രാവിലെ അപ്രതീക്ഷിതമായി കാട്ടുപോത്തിന്റെ മിന്നൽ ആക്രമണത്തിൽ രണ്ട് കർഷകർക്ക് ദാരുണാന്ത്യം. റബർ തോട്ടത്തിൽ മരങ്ങൾ ടാപ്പ് ചെയ്തുകൊണ്ടിരുന്ന കണമല പുറത്തേല്‍ ചാക്കോച്ചന്‍ (65), വീടിന്റെ സിറ്റൗട്ടിൽ കാപ്പി കുടിച്ചുകൊണ്ടിരിക്കുകയായിരുന്ന പ്ലാവനാക്കുഴിയില്‍ (പുന്നത്തറ) തോമസ് (60) എന്നിവരെ ക്രൂരമായി കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു.

വയറിലും ശരീര ഭാഗങ്ങളിലും ആഴത്തിൽ കുത്തേറ്റ നിലയിൽ പരിക്കുകളോടെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ ചാക്കോച്ചൻ മരണപ്പെട്ടു. ആക്രമണത്തിൽ കാൽ വളഞ്ഞ് ഒടിഞ്ഞു തൂങ്ങിയ നിലയിലും വയറിൽ ഗുരുതര പരിക്കുകളുമായി വീണുകിടന്ന തോമസിനെ ആംബുലൻസ് എത്തിച്ച് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെ 7:45 ഓടെ കണമല ഇറക്കത്തിലെ അട്ടിവളവിന് സമീപത്ത് പറമ്പിലാണ് സംഭവം. നാട്ടുകാരായ പതിപ്പള്ളിൽ ജോർജ്കുട്ടി, പിക്ക് അപ്പ് വാൻ ഡ്രൈവർ ഓലിക്കൽ റെജി എന്നിവർ കാട്ടുപോത്തിനെ കണ്ട് ഓടി രക്ഷപെട്ടു. ഓട്ടത്തിനിടെ വീണ് റെജിയ്ക്ക് പരിക്കുകളുണ്ട്.

സംഭവം അറിഞ്ഞ് തടിച്ചുകൂടിയ നാട്ടുകാർ ഉടനെ കാട്ടുപോത്തിനെ വെടിവെച്ചു കൊന്ന് പിടികൂടണമെന്ന് ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ചു. ശബരിമല തീർത്ഥാടകരുടെ ഉൾപ്പടെ നിരവധി വാഹനങ്ങളും സ്വകാര്യ ബസുകളും ഇതോടെ കണമല – ശബരിമല പാതയിൽ കുടുങ്ങി. പോലിസ്, വനം, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അടിയന്തിര പരിഹാര നടപടികൾ സ്വീകരിക്കാമെന്ന് ചർച്ച നടത്തി ഉറപ്പ് നൽകിയെങ്കിലും ജില്ലാ കളക്ടർ എത്തി ഉറപ്പ് നൽകാതെ ഉപരോധം അവസാനിപ്പിക്കില്ലെന്ന് സമരത്തിന് നേതൃത്വം നൽകിയ പഞ്ചായത്ത്‌ പ്രസിഡന്റ് സുബി സണ്ണി ഉൾപ്പടെ ജനപ്രതിനിധികൾ അറിയിക്കുകയായിരുന്നു. ഇതിനിടെ കോട്ടയത്ത് മന്ത്രി വി എൻ വാസവന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ കാട്ടുപോത്തിനെ വെടിവെച്ചു പിടിയ്ക്കാൻ ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ ഉത്തരവിട്ടിരുന്നു. തുടർന്ന് മന്ത്രി വി എൻ വാസവൻ, ആന്റോ ആന്റണി എം പി, ജില്ലാ കളക്ടർ തുടങ്ങിയവർ കണമലയിലെത്തിയതോടെയാണ് ഉപരോധ സമരം അവസാനിച്ചത്.

ഓടിമറഞ്ഞ കാട്ടുപോത്ത് വനത്തിലേക്ക് കടന്നെന്ന സംശയത്തിൽ വനം വകുപ്പിലെ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. മരണപ്പെട്ട കർഷകരുടെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം നൽകുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. രണ്ട് ലക്ഷം രൂപ ധനസഹായം ഇൻഫാം പ്രഖ്യാപിച്ചു. മരണപ്പെട്ട തോമസിന്റെ മൃതദേഹം ഇന്ന് ഉച്ചക്ക് ശേഷം കണമല സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. അന്നമ്മയാണ് ഭാര്യ. അമല, വിമല എന്നിവരാണ് മക്കൾ. ചാക്കോച്ചന്റെ മൃതദേഹ സംസ്കാരം പിന്നീട്. ആലീസ് ആണ് ഭാര്യ. അനു, നീതു, നിഷ എന്നിവർ മക്കൾ.

error: Content is protected !!