എ ഐ ക്യാമറകൾക്കെതിരെ ഐ എൻ റ്റി യു സി പ്രതിഷേധിച്ചു.
കാഞ്ഞിരപ്പള്ളി : പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന എ ഐ ക്യാമറകൾ അഴിമതി ക്യാമറകൾ ആണെന്ന് ഐഎൻടിയുസി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി ആരോപിച്ചു. കടലാസ് കമ്പനികളെ മുന്നിൽ നിർത്തിക്കൊണ്ട് ജനങ്ങളെ പിഴിഞ്ഞ് അഴിമതി നടത്തുന്നതിനുള്ള മാർഗ്ഗമാണ് ക്യാമറ എന്നും മണ്ഡലം കമ്മിറ്റി ആരോപിച്ചു.
സാധാരണക്കാരെ നിയമലംഘനങ്ങളുടെ പേരിൽ പിഴിയുമ്പോൾ വിഐപികൾക്ക് പ്രത്യേക പരിരക്ഷ നൽകുകയാണ് സർക്കാർ ചെയ്യുന്നതെന്നും മണ്ഡലം കമ്മിറ്റി പറഞ്ഞു. തൊഴിലാളികളെ അണിനിരത്തിക്കൊണ്ട് ക്യാമറ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളിൽ ശക്തമായ സമരം ആരംഭിക്കും എന്നും ഐഎൻടിയുസി മണ്ഡലം കമ്മിറ്റി അറിയിച്ചു. പ്രതിഷേധ സൂചകമായി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിൽ പ്രതിഷേധ യോഗം നടത്തി.
ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് റസിലി തേനമാക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗം ജില്ലാ സെക്രട്ടറി ജി. സുനിൽ കുമാർ ഉദ്‌ഘാടനം ചെയ്തു. ഭാരവാഹികളായ സുനിൽ മാന്തറ, ജോമോൻ മറ്റത്തിൽ, നൗഷാദ് കാവുങ്കൽ, റസിലി ആനിതോട്ടം, ബെന്നി ഡൊമിനിക്ക്, രാജു അഞ്ചലിപ്പ, സിബി കടന്തോട്, മണിക്കുട്ടൻ മേലേതകിടിയൽ, ടിജോ പനച്ചേപള്ളി, ഫൈസൽ പട്ടിമറ്റം, ഷാഹുൽ പള്ളി വീട്ടിൽ, ഷിജു പുതുപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു