എരുമേലി ശബരി ഇന്റർനാഷണൽ എയർപോർട്ട് പ്രാഥമിക നടപടികൾ അന്തിമഘട്ടത്തിലേക്ക്
എരുമേലി : നിർദ്ദിഷ്ട ശബരി ഇന്റർനാഷണൽ എയർപോർട്ട് യാഥാർത്ഥ്യമാകുന്നതിന് സ്ഥലം ഏറ്റെടുപ്പ് നടപടികളുടെ പ്രാഥമിക പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്കെത്തിയിരിക്കുന്നു എന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ചെറുവള്ളി എസ്റ്റേറ്റും സമീപപ്രദേശങ്ങളും ഉൾപ്പെടെ 2570 ഏക്കർ സ്ഥലമാണ് നിർദിഷ്ട എയർപോർട്ടിന് വേണ്ടി ഏറ്റെടുക്കുന്നതിന് പരിഗണിക്കുന്നത് .
ലാൻഡ് അക്കസിഷൻ റിഹാബിലിറ്റേഷൻ ആൻഡ് റീസെറ്റിൽമെന്റ് ആക്ട് 2013 സെക്ഷൻ 4(1)പ്രകാരം ഉള്ള നോട്ടിഫിക്കേഷൻ ഇതിനായി പുറപ്പെടുവിച്ചിട്ടുണ്ട്. തുടർന്ന് അതിൻപ്രകാരം സർക്കാർ ചുമതലപ്പെടുത്തിയ തിരുവനന്തപുരത്തെ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് എന്ന ഏജൻസി സാമൂഹ്യ ആഘാത പഠനം നടത്തി 12.05.2023 ൽ കരട് പഠന റിപ്പോർട്ട് സമർപ്പിക്കുകയുണ്ടായി. ഈ റിപ്പോർട്ട് പ്രകാരം സ്ഥലം ഏറ്റെടുപ്പ് ബാധിക്കുന്ന 300 ലധികo ആളുകളെ കേൾക്കുന്നതിനു വേണ്ടി ഈ മാസം 12 ആം തീയതി തീയതികളിൽ എരുമേലി റോട്ടറി ഹാളിൽ വച്ചും 13ആം തീയതി മുക്കട കമ്മ്യൂണിറ്റി ഹാളിൽ വച്ചും പബ്ലിക് ഹിയറിങ് മേൽ ഏജൻസി നടത്തുന്നതാണ്. ജനങ്ങളുടെ ഭാഗം കൂടി കേട്ടതിനു ശേഷം അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതുമാണ്.
തുടർന്ന് പുനരധിവാസ പാക്കേജ് അടക്കം ശുപാർശ ചെയ്യുന്നതിന് സോഷ്യോളജിസ്റ്റുകൾ, റീഹാബിലിറ്റേഷൻ എക്സ്പേർട്ട്സ്, ജനപ്രതിനിധികൾ, സാങ്കേതിക വിദഗ്ധർ തുടങ്ങിയവർ ഉൾപ്പെടുന്ന എക്സ്പേർട്ട് കമ്മിറ്റിയെ സർക്കാർ നിയോഗിക്കും. ഈ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പുനരധിവാസം ഉൾപ്പെടെയുള്ള അനന്തര നടപടികൾ സ്വീകരിക്കുക. ജനങ്ങൾക്ക് പരമാവധി ബുദ്ധിമുട്ട് ഉണ്ടാക്കാതെയും, ഭൂമി ഏറ്റെടുക്കപ്പെടുന്നവർക്ക് ഏറ്റവും മികച്ച പുനരധിവാസ പാക്കേജുകൾ നൽകിയും ജനങ്ങളെ വിശ്വാസത്തിലെടുത്ത് സ്ഥലം ഏറ്റെടുക്കുന്നതിനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും എം എൽ എ. അറിയിച്ചു
എരുമേലിയും, പൂഞ്ഞാർ നിയോജകമണ്ഡലവും ഉൾപ്പെടെ മധ്യതിരുവിതാംകൂറിന്റെ സമഗ്രവികസനത്തിന് ഉപകരിക്കുന്നതാണ് നിർദിഷ്ട വിമാനത്താവളം. ശബരിമല തീർത്ഥാടനത്തിന് വലിയതോതിൽ സഹായകരമാകുന്നതും, എരുമേലി അന്താരാഷ്ട്ര ഭൂപടത്തിൽ ഇടം പിടിക്കുന്നതിനും നിർദിഷ്ട എയർപോർട്ട് സ്ഥാപിക്കുന്നതിലൂടെ കഴിയും. ആയിരക്കണക്കിന് പ്രവാസി മലയാളികൾക്കും ഈ എയർപോർട്ട് ഏറെ ഉപകാരപ്രദമാകും. വിദേശ വിദ്യാഭ്യാസത്തിന് ശ്രമിക്കുന്ന വിദ്യാർത്ഥികൾക്കും എയർപോർട്ട് ഗുണപ്രദമാകും. കുമരകവും,വാഗമണ്ണും,തേക്കടിയും ഉൾപ്പെടെയുള്ള മധ്യകേരളത്തിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തുന്ന ആഭ്യന്തര-വിദേശ ടൂറിസ്റ്റുകൾക്ക് ഈ എയർപോർട്ടിലൂടെ എളുപ്പത്തിൽ പ്രസ്തുത ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്താൻ കഴിയും എന്നുള്ളതിനാൽ ടൂറിസം മേഖലക്കും ഈ എയർപോർട്ട് വലിയ ഉണർവ് പകരും. മുണ്ടക്കയം-കൂട്ടിക്കൽ- എന്തായാർ-വാഗമൺ റോഡ് പൂർത്തീകരിക്കുന്നതോടുകൂടി നിർദിഷ്ട എയർപോർട്ടിൽ നിന്നും 28 കിലോമീറ്റർ ദൂരത്തിൽ വാഗമണ്ണിൽ എത്തിച്ചേരുന്നതിന് കഴിയും. പ്രദേശത്തിന്റെ തീർത്ഥാടക, ടൂറിസം മേഖലയ്ക്ക് സഹായകരമാകുന്നത് കൂടാതെ വലിയതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനും, അതുവഴി എരുമേലിക്കും,പരിസരപ്രദേശങ്ങൾക്കും വലിയ വ്യാപാര-സാമ്പത്തിക അഭിവൃദ്ധിക്കും എയർപോർട്ട് ഇടവരുത്തും. ഈ പ്രാധാന്യങ്ങളെല്ലാം ഉൾക്കൊണ്ട് ജനങ്ങൾ
നിർദിഷ്ട എയർപോർട്ടിനെ സർവ്വാത്മനാ സ്വാഗതം ചെയ്യുകയാണെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ കൂട്ടിച്ചേർത്തു.