മണിമലയിൽ മൾട്ടിസ്പെഷ്യലിറ്റി ഹോസ്പിറ്റലിന് ശിലാസ്ഥാനം നിർവഹിച്ചു
മണിമല: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയുടെ ശാഖയായി മണിമലയിൽ സ്ഥാപിക്കുന്ന ഇൻഫന്റ് ജീസസ് മൾട്ടിസ്പെഷ്യലിറ്റി ഹോസ്പിറ്റലിന്റെ ശിലാസ്ഥപനകർമ്മം ജൂലൈ 3 സെന്റ് തോമസ് ദിനത്തിൽ ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ , അപ്പസ്തോലിക സ്ഥാനപതി മാർ ജോർജ്ജ് കോച്ചേരി എന്നിവരുടെ സാന്നിധ്യത്തിൽ നിർവ്വഹിച്ചു..
ഇൻഫന്റ് ജീസസ് ഹോസ്പിറ്റൽ എന്ന് പേരിട്ടിരിക്കുന്ന ഈ ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഒന്നാംഘട്ടം മാസങ്ങൾക്കുള്ളിൽ പൂർത്തിയാവും. മണിമലയിൽ നിന്ന് 500 മീറ്റർ അകലെ കരിക്കാട്ടൂരിലേയ്ക്ക് പോകുന്ന വഴിയിൽ സംസ്ഥാന ഹൈവയോട് ചേർന്നാണ് ഈ അത്യാധുനിക ആതുരാലയം പ്രവർത്തന സജ്ജമാകുന്നത്. പ്രസ്തുത ഹോസ്പിറ്റലിന്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം, ലാബ്, റേഡിയോളജി സെന്ററുകൾ , ഫാർമസി എന്നിവ ക്രമീകരിക്കും.
ശിലാസ്ഥപനത്തിന്റെ ഭാഗമായി ക്രമീകരിച്ച യോഗത്തിൽ അതിരൂപത വികാരി ജനറാൾമാരായ ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ, ഫാ. ജെയിംസ് പാലയ്ക്കൽ, ചിഫ് വിപ്പ് ഡോ. എൻ. ജയരാജ്, അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. അജിത രതീഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ജെയിംസ് പി സൈമൺ, ശ്രീജിത്ത് റ്റി. എസ്., ഫാ. മാത്യു താന്നിയത്ത് ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റൽ എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ. ജെയിംസ് പി. കുന്നത്ത്, അസോ. ഡയറക്ടറുമാരായ ഫാ. ജോഷി മുപ്പതിൽചിറ, ഫാ ജേക്കബ് അത്തിക്കളം, ഫാ. തോമസ് പുതിയിടം, സി. മെറീന എസ് ഡി, പോൾ മാത്യു, ബിജു ജോസഫ് വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെയും വിവിധ ജനപ്രതിനിധികളും പ്രസംഗിച്ചു .