സംസ്ഥാനപാതയുടെ നിർമാണം നടക്കുന്ന മൂലേപ്ലാവിൽ തിട്ട ഇടിഞ്ഞു ; മണിമല-മൂലേപ്ളാവ് റോഡിൽ ബസ് സർവീസ് നിലച്ചു
മണിമല: സംസ്ഥാന പാതയുടെ നിർമാണം നടക്കുന്ന മണിമല-മൂലേപ്ലാവ് റോഡിൽ ഇളന്തോട്ടം പടിക്കുസമീപം കലുങ്ക് നിർമാണം നടക്കുന്ന സ്ഥലത്ത് മൺതിട്ട ഇടിഞ്ഞതോടെ ഇതുവഴിയുള്ള ബസ് സർവീസ് നിലച്ചു.
റോഡിൻ്റെ പകുതി ഭാഗത്ത് കലുങ്ക് നിർമിച്ച് മണ്ണിട്ട് ഉറപ്പിച്ചിരുന്നു-മറുഭാഗത്ത് കലുങ്ക് നിർമാണത്തിനായി കുഴി എടുക്കുകയും ചെയ്തിരുന്നു. നിർമാണം പകുതി പൂർത്തിയായ കലുങ്കിനുമുകളിൽ ഇട്ടിരുന്ന മണ്ണ് കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയെ തുടർന്ന് ശനിയാഴ്ച ഉച്ചയോടെ തിട്ട ഇടിയുകയായിരുന്നു. ഇതിനാൽ വലിയ വാഹനങ്ങൾ ഇതുവഴി കടന്നുപോകാൻ കഴിയില്ല. മണിമലയിൽനിന്ന് കൊടുങ്ങൂർ, കാഞ്ഞിരപ്പള്ളി ഭാഗത്തേക്കുപോകുന്ന ബസുകൾ പഴയിടം വഴിയും കടയനിക്കാട് വഴിയിലൂടെയുമാണ് പോകുന്നത്.