കാഞ്ഞിരപ്പള്ളി താലൂക്കിലെ അദാലത്ത് ജനുവരി 20 ന് ; പരാതികൾ 11-ന് സ്വീകരിക്കും
കാഞ്ഞിരപ്പള്ളി : മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനത്തിന്റെ ഭാഗമായി ജില്ലാ കളക്ടർ എം. അഞ്ജനയുടെ നേതൃത്വത്തിൽ 18, 19, 20 തീയതികളിൽ നടത്തുന്ന താലൂക്കുതല ഓൺലൈൻ അദാലത്തിലേക്കുള്ള പരാതികൾ തിങ്കളാഴ്ച സ്വീകരിക്കും. അദാലത്തുകൾ 18-ന് കോട്ടയം, ചങ്ങനാശ്ശേരി, 19-ന് മീനച്ചിൽ, വൈക്കം, 20-ന് കാഞ്ഞിരപ്പള്ളി എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്. അപേക്ഷകർക്ക് വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുന്നതിന് അതത് മേഖലകളിലെ അക്ഷയകേന്ദ്രങ്ങളിൽ സൗകര്യമൊരുക്കും. മുൻകൂട്ടി അറിയിക്കുന്ന സമയത്ത് അപേക്ഷകർ അക്ഷയകേന്ദ്രങ്ങളിൽ എത്തണം.
അതത് താലൂക്കിലെ അക്ഷയകേന്ദ്രങ്ങൾ വഴിയാണ് ഇ-ആപ്ലിക്കേഷൻ പരാതികൾ സമർപ്പിക്കേണ്ടത്. നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്നവ സ്വീകരിക്കില്ല. വീടും സ്ഥലവും ലഭ്യമാക്കൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നുള്ള ചികിത്സാ ധനസഹായം, പ്രളയ ദുരിതാശ്വാസ സഹായം, റേഷൻ കാർഡ്, നിലം-തോട്ടം-പുരയിടം ഇനം മാറ്റം എന്നീ വിഭാഗങ്ങളിൽപെട്ടവ ഒഴികെയുള്ള പരാതികളാണ് അദാലത്തിൽ പരിഗണിക്കുക. നേരിട്ട് പരാതിക്കാരുമായി സംസാരിക്കേണ്ട കേസുകൾ പരിഗണിക്കുന്നതിന് ജില്ലാ കളക്ടർ നിശ്ചിത തീയതികളിൽ വീഡിയോ കോൺഫറൻസ് നടത്തും.