ആലങ്ങാട് സംഘമെത്തി; അമ്പലപ്പുഴ സംഘം ഇന്നെത്തും
എരുമേലി: പ്രസിദ്ധമായ എരുമേലി പേട്ടതുള്ളലിനായി ആലങ്ങാട് സംഘം എത്തി. അമ്പലപ്പുഴ സംഘം ഞായറാഴ്ച ഉച്ചയോടെ എരുമേലിയിലെത്തും. ഇരുസംഘത്തിനും താമസത്തിനും സ്വന്തമായി ഭക്ഷണം പാകംചെയ്യാനുമുള്ള സൗകര്യങ്ങൾ ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഭക്തരുടെ എണ്ണം നാമമാത്രമായി കുറച്ചാണ് പേട്ടതുള്ളൽ. അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളലിൽ, ഏഴ് കരകളിൽനിന്നായി നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട അൻപതോളം ഭക്തരാണ് പങ്കെടുക്കുന്നത്.
സമൂഹപെരിയോൻ കളത്തിൽ ചന്ദ്രശേഖരൻനായർക്ക് പകരം അമ്പലപ്പുഴക്കര പെരിയോൻ എൻ.ഗോപാലകൃഷ്ണപിള്ള പേട്ട ചടങ്ങുകൾക്ക് കാർമികത്വം നൽകും. അമ്പലപ്പുഴ സംഘം ഭാരവാഹികളായ ആർ.ഗോപകുമാർ, ജി.ശ്രീകുമാർ, വിജയ്‌മോഹൻ, ചന്ദ്രകുമാർ തുടങ്ങിയവർ പേട്ടതുള്ളലിന് നേതൃത്വം നൽകും. തിങ്കളാഴ്ച പേട്ടതുള്ളൽ കഴിഞ്ഞ് എരുമേലിയിൽ സംഘത്തിന്റെ ആഴിപൂജയുണ്ട്.
അമ്പാടത്ത് എ.കെ.വിജയകുമാറിന്റെ നേതൃത്വത്തിൽ അൻപതോളം ഭക്തരാണ് ആലങ്ങാട് പേട്ടയ്‌ക്കെത്തിയിട്ടുള്ളത്. ചിന്തുപാട്ടും ചെണ്ടമേളവും പേട്ടതുള്ളലിലുണ്ട്. പേട്ടയ്ക്ക് മുന്നോടിയായി ഞായറാഴ്ച വൈകീട്ട് ഏഴിന്, അയ്യപ്പന്റെ ഇഷ്ടദ്രവ്യമായ പാനകം ഉണ്ടാക്കി ദീപാരാധനയോടെ ഭക്തർ പൂജ നടത്തും. കോവിഡ് രോഗവ്യാപനസാധ്യത ഒഴിവാക്കാൻ സ്വന്തം ചെലവിൽ ആന്റിജൻ പരിശോധന നടത്തിയാണ് ഭക്തർ പേട്ടതുള്ളാനെത്തുന്നത്. പേട്ടതുള്ളലിനുശേഷം ശബരിമലയ്ക്ക് തിരിക്കുന്നതിനുമുമ്പായി സ്വന്തം ചെലവിൽ ആർ.ടി.പി.സി.ആർ. പരിശോധനയും നടത്തുമെന്ന് സംഘാംഗങ്ങൾ പറഞ്ഞു. പരിശോധന സൗജന്യമാക്കണമെന്നുള്ള പേട്ടതുള്ളൽ സംഘത്തിന്റെ ആവശ്യം ദേവസ്വം ബോർഡോ ആരോഗ്യവകുപ്പോ മുഖവിലയ്‌ക്കെടുത്തില്ല.