പാറയമ്പലം ഭാഗത്തെ 74 കുടുംബങ്ങൾക്ക് റോഡ് നിർമിക്കും
മുണ്ടക്കയം: പഞ്ചായത്ത് രണ്ടാം വാർഡിലെ എഴുപത്തിനാല് കുടുംബങ്ങളുടെ റോഡ് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. ടൗണിനോട് ചേർന്നുള്ള പാറേൽ അമ്പലം മുകൾഭാഗത്തെയും പാർത്ഥസാരഥിക്ഷേത്ര ഭാഗത്തെയും കുടുംബങ്ങൾക്ക് ഇനി വാഹനത്തിൽ വീട്ടുമുറ്റത്തെത്താം. വലിയ പാറക്കെട്ടുകളുള്ള പ്രദേശമായതിൽ ഇവിടേക്ക് റോഡ് നിർമ്മിക്കുക വെല്ലുവിളിയായതിനാൽ കഴിഞ്ഞ 60 വർഷമായി റോഡില്ലാതെ വിഷമിക്കുകയായിരുന്നു പ്രദേശവാസികൾ. ഒന്നരവർഷം മുൻപ് ഇവിടെ മൃതദേഹം തലച്ചുമടായി കൊണ്ടുപോയ സംഭവം വാർത്താപ്രാധാന്യം നേടിയിരുന്നു.
തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി എട്ട് അടി വീതിയിൽ 800 മീറ്റർ നീളത്തിലാണ് റോഡ് നിർമ്മിക്കുക. ഒരാഴ്ചയ്ക്കുള്ളിൽ അലൈൻമെന്റ് നടപടി പൂർത്തിയാക്കി തുക നിശ്ചയിക്കും. റോഡ് നിർമ്മാണത്തിനായി കൂടിയ ആലോചനായോഗത്തിൽ പഞ്ചായത്തംഗം സി.വി.അനിൽകുമാർ അധ്യക്ഷനായി. മുൻ പ്രസിഡന്റ് കെ.എസ്.രാജു ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് എൻജിനീയർ മനീഷ്, എ.എൻ.സുകുമാരൻ, റെജി, സുഹസ് പി.കെ., ജേക്കബ് എന്നിവർ പ്രസംഗിച്ചു. റോഡ് നിർമ്മാണത്തിനായി വിജയകുമാർ ഉഷാമന്ദിരം കൺവീനറായി 21 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.