വഴിയിൽ കുഴഞ്ഞുവീണ വായോധികനെ രക്ഷപ്പെടുത്തിയ നഴ്സിനെ ആദരിച്ചു

കാഞ്ഞിരപ്പള്ളി: ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട് വഴിയിൽ കുഴഞ്ഞുവീണ വയോധികന് രക്ഷകയായി നഴ്സ്. കാഞ്ഞിരപ്പള്ളി മേരിക്വീൻസ് ആശുപത്രിയിലെ നഴ്സായ വിനീത രാജേഷാണ് വയോധികനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്. 

ചിറക്കടവ് മണ്ണംപ്ലാവ് ഷാപ്പുപടിയ്ക്ക് സമീപം കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം.  ചിറക്കടവ് സ്വദേശിയായ വയോധികൻ വീട്ടിലേക്ക് പോകും വഴിയാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് കുഴഞ്ഞുവീണത്. ഇത് കണ്ട് ഓടിയെത്തിയ സമീപവാസിയായ കുഞ്ഞുമോൻ
ഉടൻ തന്നെ സമീപത്തു താമസിക്കുന്ന മേരി ക്വീൻസ് ആശുപത്രിയിലെ നഴ്സായ വിനീതയെ വിവരമറിയിച്ചു. വിനീതയെത്തിപ്പോൾ വയോധികന് പൾസ് ഉൾപ്പെടെ ഇല്ലാത്ത അവസ്ഥയിലായിരുന്നു. ഉടൻ തന്നെ സിപിആർ കൊടുക്കാനാരംഭിച്ചു. തുടർന്ന് വയോധികന് ചെറിയ തോതിൽ ബോധവും പൾസും വരികയും പിന്നീട് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.  പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം വയോധികൻ സുഖം പ്രാപിച്ചു വരുന്നു. തിരികെ ജീവിതത്തിലേക്ക് തന്നെ കൈപിടിച്ചുയർത്തിയ മേരി ക്വീൻസ് ആശുപത്രിയിലെ മാലാഖയോട് നന്ദി പറയുകയാണ്  വയോധികൻ. അവസരോചിതമായ ഇടപെടലിലൂടെ ഒരു ജീവന് സംരക്ഷകയായ വിനീതയെ നാട്ടുകാരും മേരിക്വീൻസ് ആശുപത്രി മാനേജ്മെന്‍റും അഭിനന്ദിച്ചു.

error: Content is protected !!