അമ്പലപ്പുഴ പേട്ട സംഘത്തിന് സ്വീകരണം നൽകി
എരുമേലി: അമ്പലപ്പുഴ പേട്ട സംഘത്തിന് എരുമേലി താഴത്ത് വീട്ടിൽ കുടുംബാംഗങ്ങൾ സ്വീകരണം നൽകി. പേട്ടതുള്ളലിനെത്തുന്ന അമ്പലപ്പുഴ സംഘം പതിറ്റാണ്ടുകളായി എരുമേലി താഴത്ത് വീട്ടിൽ എത്തി സൗഹൃദം പുതുക്കാറുണ്ട്. കുടുംബത്തിലെ മുതിർന്ന കാരണവരായിരുന്ന അന്തരിച്ച ഹസൻ റാവുത്തർ ദീർഘകാലം വാവര് സ്വാമിയുടെ പ്രതിനിധിയായി പേട്ടതുള്ളലിൽ അമ്പലപ്പുഴ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
മുൻവർഷങ്ങളിലെ പോലെ ഇക്കുറിയും സന്നിധാനത്തേക്കുള്ള വിളക്ക് നൽകിയും പൊന്നാട അണിയിച്ചുമാണ് ഇത്തവണ പേട്ടയ്ക്ക് നേതൃത്വം നൽകുന്ന അമ്പലപ്പുഴയിലെ കരപ്പെരിയോൻ കൂടിയായ എൻ.ഗോപാലകൃഷ്ണപിള്ളയെയും സംഘത്തെയും താഴത്ത് വീട്ടിൽ കുടുംബാംഗമായ ടി.എച്ച്.ആസാദ് സ്വീകരിച്ചത്.
സംഘാംഗങ്ങളായ ഗോപകുമാർ, ശ്രീകുമാർ മംഗലപ്പള്ളി, വിജയമോഹൻ, താഴത്ത് വീട്ടിൽ കുടുംബാംഗങ്ങളായ ഷംസുദ്ദീൻ, റഹ്മത്തുള്ളാ ഹസൻ, ഹബീബ് ഹസൻ, ഇസ്മയിൽ ഹസൻ തുടങ്ങിയവർ പങ്കെടുത്തു.