റോഡരിൽ കൂടി നടന്നുപോയ വിദ്യാർത്ഥിനിയെ അമിതവേഗത്തിൽ വന്ന കാറിടിച്ചു തെറിപ്പിച്ചു.
കാഞ്ഞിരപ്പള്ളി: അമിതവേഗത്തിലെത്തിയ കാർ നടന്നുവരികയായിരുന്ന വിദ്യാർഥിനിയുടെ മേൽ പാഞ്ഞുകയറി. ഗുരുതരമായി പരിക്കേറ്റ പാറത്തോട് ഇടപറമ്പിൽ ഷാനി സാബുവിനെ 21-ാം മൈൽ മേരിക്വീൻസ് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച വൈകീട്ട് 3.45-ഓടെ ദേശീയപാത 183-ൽ പാറത്തോട്ടിൽ ലൈബ്രറിക്ക് സമീപമാണ് അപകടം. കുട്ടിക്കാനം മരിയൻ കോളേജിലെ ഒന്നാം വർഷ പി.ജി. വിദ്യാർഥിനിയായ ഷാനി കോളേജിൽ പോയി മടങ്ങി വീട്ടിലേക്ക് വരുന്ന വഴിക്കാണ് അപകടം. മുണ്ടക്കയം ഭാഗത്തുനിന്നെത്തിയ കാർ റോഡരികിലൂടെ വരുകയായിരുന്ന ഷാനിയെ സമീപത്ത് പർക്ക് ചെയ്തിരുന്ന കാറിൽ ചേർത്ത് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഷാനി തെറിച്ചുവീഴുന്നതായി സി.സി.ടി.വി. ദൃശ്യങ്ങളിലുണ്ട്. സമീപത്ത് പാർക്ക് ചെയ്തിരുന്ന കാർ റോഡരികിലെ പോസ്റ്റിലിടിച്ചാണ് നിന്നത്.
അപകടസമയത്ത് വിദ്യാർഥിനി നടന്നുവരുന്ന പാതയുടെ ഓരത്ത് വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നു. റോഡരികിലെ വാഹനപാർക്കിങ്ങും അറവുശാലയിലെ കാലികളെ റോഡരികിൽ കെട്ടുന്നതും അപകടത്തിന് കാരണമായതായി നാട്ടുകാർ പറഞ്ഞു. പാതയോരത്ത് കാൽനടയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പ്രദേശവാസികൾ ആരോപിച്ചു.
പെരുവന്താനം 36-ാം മൈൽ സ്വദേശിയുടേതാണ് കാർ എന്ന് പോലീസ് പറഞ്ഞു. കാർ കസ്റ്റഡിയിലെടുത്തു. എന്നാൽ കാർ കസ്റ്റഡിയിലെടുക്കാൻ വൈകിയതായി ആരോപണം ഉണ്ട്. മൊഴിയെടുത്തശേഷം കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.