ഹോട്ടലുകളിൽ എണ്ണയുടെ പുനരുപയോഗം വ്യാപകം
എരുമേലി ∙ തീർഥാടന മേഖലയിലെ ഹോട്ടലുകളിൽ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിച്ച് ഭക്ഷണം തയാറാക്കുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഉപയോഗിച്ച എണ്ണ ഒന്നിലേറെ ദിവസങ്ങളിൽ ഉപയോഗിക്കുന്നെന്നും സംശയം. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മൊബൈൽ ലാബിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. പാം ഓയിൽ, സൂര്യകാന്തി എണ്ണ എന്നിവയാണ് ഇത്തരത്തിൽ കൂടുതലായി പുനരുപയോഗം നടത്തുന്നത്. താൽക്കാലിക ഹോട്ടലുകളിലാണ് ഇത് വ്യാപകം.
പരിശോധനയ്ക്ക് എടുത്ത സാംപിളുകളിൽ 20 എണ്ണത്തിൽ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നതായാണ് റിപ്പോർട്ട്. ഇത്തരം കടകൾക്ക് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നോട്ടിസ് നൽകുകയും ആവശ്യമായ ബോധവൽക്കരണം നടത്തുകയും ചെയ്തു. ഉപയോഗിച്ച എണ്ണ പുനരുപയോഗിക്കാതിരിക്കാൻ എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്ക് ബയോ ഡീസൽ ഉൽപാദിപ്പിക്കുന്നതിന് വേണ്ടി കൈമാറാനും നിർദേശം നൽകി.
മൊബൈൽ ലാബിൽ ഇതുവരെ 206 ഭക്ഷ്യ സാംപിളുകൾ പരിശോധനയിൽ 11 കടകൾക്ക് പിഴ ഇട്ടു. 4 സാംപിളുകൾ വിശദമായ പരിശോധനയ്ക്ക് തിരുവനന്തപുരത്തെ ഭക്ഷ്യ സുരക്ഷാ ലാബിലേക്ക് അയച്ചു. കടകളിൽ വിൽപനയ്ക്ക് എത്തിച്ച തേയില, ഉഴുന്ന്, പീസ് പരിപ്പ്, കരിപ്പെട്ടി എന്നിവയാണ് പരിശോധനയ്ക്ക് അയച്ചത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റജിസ്ട്രേഷൻ ഇല്ലാത്തതുൾപ്പെടെ 101 കച്ചവട സ്ഥാപനങ്ങൾക്ക് പരിശോധന സംഘം നോട്ടിസ് നൽകി.
ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ 2 സ്ക്വാഡുകളായാണ് എരുമേലി മേഖലകളിൽ നിന്ന് സാംപിൾ ശേഖരിക്കുന്നത്. 3 ജീവനക്കാർ മൊബൈൽ ലാബുകളിൽ സാംപിളുകൾ പരിശോധിക്കും. ഓരോ ആഴ്ച വീതമാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി. വരും ദിവസങ്ങളിൽ പാൽ, ജല സാംപിളുകൾ കൂടുതലായി ശേഖരിച്ച് പരിശോധന നടത്താനാണ് തീരുമാനം.