ജിയന്ന മോൾക്ക് ആയിരങ്ങളുടെ അശ്രുപൂജ

മണിമല: ബെംഗ്ളൂരുവിലെ ഡൽഹി പബ്ളിക്ക് സ്കൂളിൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ച ജിയന്ന ആൻ ജിജോ (4) യ്ക്ക് ആയിരങ്ങളുടെ അശ്രുപൂജ .
മണിമല പൊന്തൻപുഴ കുറുപ്പൻപറമ്പിൽ ജിറ്റോ ടോമി ജോസഫ് – ബിനിറ്റ തോമസ് ദമ്പതികളുടെ മകൾ ജിയന്ന ആൻ ജിറ്റോ ബെംഗളൂരു ഹെന്നൂർ ചലിക്കരെ ഡൽഹി പ്രീസ്കൂൾ കെട്ടിടത്തിനു മുകളിൽ നിന്നുള്ള വീഴ്ചയിലാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. പ്ലേസ്കൂളിൽ പഠിക്കുകയായിരുന്നു.

ബെംഗളൂരുവിൽ നിന്ന് വ്യാഴാഴ്ച അർധരാത്രി ബിനിറ്റയുടെ കണമല കൊല്ലശ്ശേരിയിലെ വീട്ടിലേക്കാണ് മൃതദേഹം ആദ്യം എത്തിച്ചത്. ഇന്നലെ പുലർച്ചെ 5.30ന് പൊന്തൻപുഴയിലെ ജിറ്റോയുടെ വീട്ടിലെത്തിച്ചു. ജിയന്നയ്ക്ക് രണ്ടു വയസ്സുള്ള അനുജത്തിയുണ്ട്; ജനീലിയ മരിയ.

എപ്പോഴും കളിചിരികളുമായി ഓടികളിച്ചിരുന്ന ജിയന്നയുടെ ചലനമറ്റ ശരീരം കണ്ട് അയൽക്കാരും ബന്ധുക്കളും, നാട്ടുകാരും ദുഃഖം അടക്കാനാവാതെ പൊട്ടിക്കരയുകയായിരുന്നു. രാവിലെ മുതൽ കുറുപ്പൻപറമ്പിൽ വീട്ടിലേയ്ക്ക് ജിയന്നയെ അവസാനമായി ഒരു നോക്കുകാണാൻ ആബാലവൃദ്ധം ജനങ്ങൾ ഒഴുകിയെത്തുകയായിരുന്നു .

ജിയന്നയുടെ മൃതദേഹം കരിമ്പനക്കുളം തിരുഹൃദയ പള്ളിയിൽ നൂറുകണക്കിനുള്ള ജനാവലിയുടെ സാന്നിദ്ധ്യത്തിൽ സംസ്ക്കരിച്ചു.

പ്ലേസ്കൂളിൽ പഠിക്കുന്ന കുട്ടി സ്കൂൾ കെട്ടിടത്തിന്റെ ടെറസിൽ നിന്നു വീണു മരിച്ചതിൽ ദുരൂഹതയുണ്ടെന്നു ജിറ്റോയുടെ പിതാവ് ടോമി ജോസഫ് പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും ടോമി പറഞ്ഞു. സ്കൂളിന്റെ പ്രിൻസിപ്പൽ ചങ്ങനാശേരി സ്വദേശി തോമസ് ചെറിയാൻ ഒളിവിലാണ്. സ്കൂളിലെ ആയയെയും സംശയമുണ്ടെന്ന് പിതാവ് ജിറ്റോ ടോമി പറഞ്ഞു.

മകൾ ജിയന്ന ആൻ ജിറ്റോയുടെ (അന്നു മോൾ– 4) മരണത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ നിയമവഴി തേടുകയാണ് അച്ഛൻ ജിറ്റോ ടോമി ജോസഫ്. ബെംഗളൂരുവിലെ ഒറാക്കിൾ സെറിനെർ ഐടി കമ്പനിയിലാണ് ജിറ്റോ ജോലി ചെയ്യുന്നത്. ഭാര്യ ബിനിറ്റ തോമസ് റെഡിഡെഡിസ് ഐടി കമ്പനിയിലും. ബീനിറ്റ വർക് ഫ്രം ഹോം സംവിധാനത്തിലാണ് ജോലി ചെയ്യുന്നത്.

മകൾക്കുണ്ടായ അപകടത്തെപ്പറ്റി ജിറ്റോ പറയുന്നതിങ്ങനെ:
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2നും 2.15നും ഇടയിലാണ് ജിയന്ന സ്കൂളിന്റെ ടെറസിൽനിന്നു വീണത്. കളിക്കുന്നതിനിടെ വീണ് പരുക്കേറ്റു എന്നാണ് സ്കൂളിൽ നിന്ന് വീട്ടിലേക്ക് വിളിച്ചറിയിച്ചത്. സ്‌കൂളിൽ ചെന്നപ്പോൾ സമീപത്തെ ക്ലിനിക്കിലായിരുന്നു ജിയന്ന. ഉടൻ മറ്റൊരു ആശുപത്രിയിലേക്കു മാറ്റി. പിന്നീട് ബെംഗളൂരു ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉയരത്തിൽനിന്നുള്ള വീഴ്ചയിൽ തലയ്ക്ക് സാരമായി പരുക്കേറ്റതായാണ് ആശുപത്രി അധികൃതർ പറഞ്ഞത്. ഇതോടെയാണ് ടെറസ്സിൽനിന്നു വീണതാണെന്ന സത്യം സ്‌കൂൾ അധികൃതർ സമ്മതിച്ചത്.

സ്‌കൂളിന്റെ മുകളിലെ നിലയിലേക്കു കയറണമെങ്കിൽ വലിയൊരു ഗേറ്റ് ഉണ്ട്. 4 വയസ്സുള്ള മകൾക്ക് ഈ ഗേറ്റ് തുറക്കാൻ കഴിയില്ല. അഥവാ തുറന്നാൽ തന്നെ മുകളിലേക്ക് കയറണമെങ്കിൽ കോർട്ട് യാഡ് കയറി ഇടുങ്ങിയ ഇടനാഴി വഴി നടക്കണം. മറ്റൊരാളുടെ സഹായമില്ലാതെ കുട്ടിക്ക് ഇവിടെയെത്താൻ കഴിയില്ല. വീട്ടിലെ ബാൽക്കണിയിൽ പോലും മകൾ കയറാറില്ല.

പ്ലേ സ്‌കൂളിലെ ആയയെ കഴിഞ്ഞ ദിവസം വീട്ടിലും ജോലിക്കെടുത്തിരുന്നു. ഉച്ചകഴിഞ്ഞാണ് അവർ ജോലിക്ക് വരുന്നത്. സ്‌കൂൾ പ്രിൻസിപ്പലാണ് ആയയെ ഇടപാടാക്കി തന്നത്. വൃത്തിയോടെയല്ല ഇവർ ജോലിക്കെത്തുന്നതെന്ന് പ്രിൻസിപ്പലിനോട് പരാതി പറഞ്ഞിരുന്നു. ഇതിന്റെ ദേഷ്യം മൂലമാകാം ഇവർ അടുത്ത ദിവസം ജോലിക്കു വന്നില്ല. പിന്നീട് പറഞ്ഞു സമാധാനിപ്പിച്ചതോടെ വീണ്ടും വരാൻ തുടങ്ങി. അന്ന് എന്റെ മൊബൈൽ ഫോൺ കാണാതെ പോയി.

പിന്നീട് സമീപത്തെ വീടിന്റെ തിണ്ണയിൽനിന്നു കിട്ടി. ജിയന്ന എടുത്ത് എറിഞ്ഞതാണെന്ന് ആയ പറഞ്ഞു. മകൾക്ക് അത്ര ദൂരം എറിയാൻ കഴിയില്ല. അടുത്ത വീട്ടിലെ സിസിടിവി നോക്കി മൊബൈൽ ഫോൺ എടുത്ത ആളെ കണ്ടുപിടിക്കുമെന്ന് പറഞ്ഞതിന്റെ പിറ്റേദിവസമാണ് മകൾ അപകടത്തിൽപെടുന്നത്. എന്താണ് എന്റെ മകൾക്കു സംഭവിച്ചതെന്ന് അറിയണം. അതിനായി ഏതറ്റം വരെയും പോകും. ടോമി പറഞ്ഞു .

error: Content is protected !!