കാഞ്ഞിരപ്പള്ളി സെന്റ് മേരിസ് ഗേൾസ് ഹൈസ്കൂളിൽ യൂത്ത് പാർലമെന്റ്
കാഞ്ഞിരപ്പള്ളി :പാർലമെന്ററി കാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേൽനോട്ടത്തിൽ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ സംസ്ഥാനതല യൂത്ത് പാർലമെന്റ് മത്സരം, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ. ബിജു പത്യാല ഉദ്ഘാടനം ചെയ്തു. ആർച്ച് പ്രീസ്റ്റ് റവ. ഫാദർ വർഗീസ് പരിന്തിരിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. പുതുതലമുറയെ വാർത്തെടുക്കുന്നതിൽ ഇത്തരം മത്സരങ്ങൾ സ്കൂളുകളിൽ സംഘടിപ്പിക്കുന്നത് അഭികാമ്യമാണ് എന്ന് തന്റെ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. പാർലമെന്ററി ജനാധിപത്യ പ്രക്രിയ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിന് വേണ്ടിയാണ് മത്സരം സംഘടിപ്പിച്ചത്.
പ്രസിഡന്റിന്റെ നയപ്രഖ്യാപന പ്രസംഗത്തോടുകൂടി ആരംഭിച്ച പാർലമെന്റിൽ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ, അനുശോചന പ്രമേയം, പുതിയ മന്ത്രിമാരെ പരിചയപ്പെടുത്തൽ, ചോദ്യോത്തരവേള, ശ്രദ്ധ ക്ഷണിക്കൽ, അടിയന്തര പ്രമേയം, മന്ത്രിയുടെ പ്രസ്താവന, പേപ്പറുകൾ മേശപ്പുറത്ത് വയ്ക്കൽ, കമ്മിറ്റികളുടെ റിപ്പോർട്ട് സമർപ്പിക്കൽ, നിയമനിർമ്മാണം തുടങ്ങിയ ബിസിനസുകൾ നടത്തപ്പെട്ടു. ചോദ്യോത്തര വേളയിൽ വന്യജീവികളുടെ ശല്യം മൂലം ദുരിതമനുഭവിക്കുന്ന കർഷകരുടെ പ്രശ്നങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ചോദിച്ച് കുമാരി ലിയ എലിസബത്ത് കർഷക ശബ്ദമായി മാറി.
ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിലൂടെ കുമാരി ഐറിൻ ജോസഫ് മുല്ലപ്പെരിയാർ വിഷയം അവതരിപ്പിച്ചു. കേരളത്തിലെ ജനങ്ങൾക്ക് മുല്ലപ്പെരിയാർ ഉയർത്തുന്ന ഭീഷണി സഭയെ ബോധ്യപ്പെടുത്താൻ ശ്രദ്ധ ക്ഷണിക്കലിലൂടെ ഐറിൻ ജോസഫിന് സാധിച്ചു. ആരോഗ്യ പ്രവർത്തകർക്ക് നേരെ ഉയർന്നുവരുന്ന ഭീഷണികളും ബുദ്ധിമുട്ടുകളും അവതരിപ്പിച്ച കുമാരി മെയ്ബ മജു ഏവരുടെയും ശ്രദ്ധ കേന്ദ്രമായി. ഡോക്ടർ വന്ദന ദാസിന്റെ മരണത്തെക്കുറിച്ച് പറഞ്ഞപ്പോൾ സഭ നിശബ്ദമായി തേങ്ങി.
സ്ത്രീകൾക്കും കുട്ടികൾക്കും നേരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങളിൽ പ്രതിപക്ഷം ആശങ്ക രേഖപ്പെടുത്തി. സമകാലീന പ്രശ്നങ്ങൾ ചോദ്യോത്തരവേളയിൽ നിറഞ്ഞുനിന്നു.മണിപ്പൂർ വിഷയത്തെക്കുറിച്ച് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന അടിയന്തര പ്രമേയത്തിന് കുമാരി ആൻ മരിയ മാത്യു നൽകിയ നോട്ടീസിന് അനുമതി നിഷേധിച്ച ഗവൺമെന്റ് നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് വോക്കൗട്ട് നടത്തി.
കുട്ടികൾക്കും രക്ഷിതാക്കൾക്കും പാർലമെന്റിന്റെ നേർക്കാഴ്ച ഒരുക്കിയ ഈ മത്സരത്തിൽ 50 കുട്ടികൾ പങ്കാളികളായി. കുമാരി ഹന്ന സജി സ്പീക്കറിന്റെയും, കുമാരി ജുവൽ അന്ന ജോബി പ്രധാനമന്ത്രിയുടെയും, കുമാരി എയ്മി തെരേസ് ടോണി പ്രതിപക്ഷ നേതാവിന്റെയും റോളുകൾ അവിസ്മരണീയമാക്കി.
സ്കൂൾ മാനേജർ റവ. സിസ്റ്റർ സലോമി സിഎംസി, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മിനിമോൾ ജോസഫ്, പി ടിഎ പ്രസിഡന്റ് ശ്രീ സെബാസ്റ്റ്യൻ ജോർജ്, യൂത്ത് പാർലമെന്റ് കോർഡിനേറ്റർ ശ്രീമതി ജാക്വിലിൻ സെബാസ്റ്റ്യൻ, സോഷ്യൽ സയൻസ് ക്ലബ് കൺവീനർ ശ്രീമതി ജാൻസി സക്കറിയാസ് എന്നിവർ പ്രസംഗിച്ചു.