കോട്ടയം ജില്ലയിൽ ആദ്യമായി പഗ്‌മിൽ പ്ലാന്റിലൂടെ ടാറിങ് പൂർത്തിയാക്കിയ കാഞ്ഞിരപ്പള്ളി കുന്നുംഭാഗം നേതാജി റോഡ് ഉദ്‌ഘാടനം ചെയ്തു .
കാഞ്ഞിരപ്പള്ളി : ടാറിങ് മിശ്രിതം തയ്യാറാക്കുന്നതിന് പഗ്‌മിൽ വേണമെന്ന നിബന്ധന കർശനമാക്കി സർക്കാരും പ്രയാസം പറഞ്ഞ് കരാറുകാരും രംഗത്തുവന്നതോടെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ റോഡുപണികൾ ഏറെ നാളുകളായി സ്തംഭിച്ചിരുന്നു .
ടാറിങ്ങിന് കാലാകാലങ്ങളായി ഉപയോഗിക്കുന്നത് സിംഗിൾ ഡ്രം പ്ലാന്റാണ്. ഇതിൽ ടാറും മെറ്റലും മറ്റും ഒന്നിച്ചാണ് മിശ്രിതമാക്കുന്നത്. എന്നാൽ, ഇതിൽ ടാറ് അമിതമായി കത്തി നഷ്ടം വരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ടാറും മിശ്രിതവും വേറെ ഡ്രമ്മുകളിൽ തയ്യാറാക്കി കൂട്ടിച്ചേർക്കുന്ന പഗ്‌മിൽ പ്ലാന്റ് വേണമെന്നാണ് സർക്കാർ നിലപാട്. 12 ലക്ഷം രൂപയാണ് ഈ പ്ലാന്റിന്. ചെറുകിടകരാറുകാർക്ക് ഇത് വാങ്ങാൻ ശേഷിയില്ല. വാടകയ്ക് എടുത്താൽ ദിവസം 30,000 രൂപ നൽകുകയും വേണം. അതിനാൽ തന്നെ, ജില്ലയിലെ റോഡുപണികൾ
ഏറെ നാളുകളായി സ്തംഭിച്ചിരുന്നു .
ചിറക്കടവ് പഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ആന്റണി മാർട്ടിന്റെ ശ്രമഫലമായി പഗ്‌മിൽ പ്ലാന്റ് എത്തിച്ച്, ഏഴാം വാര്‍ഡിലെ കുന്നുംഭാഗം നേതാജി റോഡിന്റെ പുനരുദ്ധാരണ പണികൾ പൂർത്തീകരിച്ചു . അങ്ങനെ ജില്ലയിൽ ആദ്യമായി പഗ്‌മിൽ പ്ലാന്റ് ലൂടെ പണി പൂർത്തീകരിച്ച റോഡായി നേതാജി റോഡ്. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി. ആര്‍. ശ്രീകുമാറിന്റെ അധ്യക്ഷതയിൽ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം ബി. രവീന്ദ്രൻ നായർ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സതി സുരേന്ദ്രൻ, പഞ്ചായത്തംഗങ്ങളായ ആൻ്റണി മാർട്ടിൻ, സുമേഷ് ആൻഡ്രൂസ്, ബിന ക്യഷ്ണകുമാർ, കെ.എ. എബ്രഹാം, ഐ.എസ്. രാമചന്ദ്രൻ, വ്യാപാരി വ്യവസായി കുന്നുംഭാഗം യൂണിറ്റ് പ്രസിഡൻ്റ് റെജി കാവുങ്കൽ, കെ.എ. ബാലചന്ദ്രൻ, ഷാജി നല്ലേപറമ്പിൽ, ജി. അജിത്കുമാർ, മധു
താവുകുന്നേൽ, ബിജു അൻസി എന്നിവർ പ്രസംഗിച്ചു.
ചിറക്കടവ് പഞ്ചായത്തില്‍ ആദ്യമായി പഗ്മില്‍ ഉപയോഗിച്ച് ടാര്‍ ചെയ്യുന്ന റോഡാണ് കുന്നുംഭാഗം – നേതാജി റോഡ്. ഏറെ നാളുകളായുള്ള നാട്ടുകാരുടെ കാത്തിരിപ്പിന് ഇതോടെ വിരാമമായിരിക്കുകയാണ്.