കാറിന് മുകളിലേക്ക് കാട്ടുപോത്ത് ചാടി : യാത്രക്കാർ രക്ഷപെട്ടത് അദ്‌ഭുതകരമായി.
കണമല : ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് വനത്തിൽ നിന്ന് പാഞ്ഞെത്തിയ കാട്ടുപോത്ത് എടുത്തു ചാടി. ബോണറ്റ് തകര്‍ന്ന് നിയന്ത്രണം തെറ്റിയ കാറിൽ നിന്നും യാത്രക്കാർ പരിക്കുകൾ ഇല്ലാതെ അദ്‌ഭുതകരമായി രക്ഷപെട്ടു. തിങ്കളാഴ്ച എരുമേലി – പമ്പ ശബരിമല പാതയില്‍ കണമല കഴിഞ്ഞു തുലാപ്പള്ളി ആലപ്പാട്ട് ജംഗഷനില്‍ നിന്നും വടശ്ശേരിക്കര – പമ്പ റോഡിലേക്ക് എത്തുന്ന റോഡില്‍ പഞ്ചാരമണൽ ഭാഗത്ത് വച്ചായിരുന്നു സംഭവം. തുലാപ്പള്ളി സ്വദേശികളായ തിനയപ്ലാക്കല്‍ ഷിനു, പയ്യാനിപള്ളി ശശി എന്നിവര്‍ ആങ്ങമൂഴിയിലുള്ള ബന്ധു വീട്ടിലേക്ക് പോകാൻ കാറിൽ സഞ്ചരിക്കുമ്പോഴാണ് പഞ്ചാരമണൽ മണല്‍ ഭാഗത്ത് വച്ച് കാട്ട് പോത്ത് കാറിന്റെ മുകളിലേക്ക് എടുത്ത് ചാടിയത്. കാറിന്റെ മുന്‍വശത്തെ ബോണറ്റ് തകര്‍ന്നെങ്കിലും ഗ്ലാസ് തകർന്നില്ല. ഭാഗ്യം കൊണ്ടാണ് തങ്ങള്‍ രക്ഷപ്പെട്ടതെന്ന് ഇവര്‍ പറഞ്ഞു.
തുലാപ്പള്ളിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ കാട്ടുപോത്ത് ചാടി അപകടമുണ്ടായ സംഭവത്തിൽ കാർ യാത്രികർക്ക് നഷ്ടപരിഹാരം അനുവദിക്കാനാവില്ലെന്ന് വനം വകുപ്പ്. അതേസമയം അപകടത്തിൽ കാട്ടുപോത്ത് ചത്തിരുന്നു എങ്കിൽ കാർ ഉടമയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യേണ്ട നിലയിൽ ആണ് നിയമം എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. വനം വകുപ്പിന്റെ ഈ നിലപാടിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
തുലാപ്പള്ളി പഞ്ചാരമണൽ ഭാഗത്ത് കാറിൽ സഞ്ചരിച്ച തുലാപ്പള്ളി സ്വദേശികളാണ് കാറിന് മുകളിൽ കാട്ടുപോത്ത് ചാടിയതിനെ തുടർന്ന് അപകടത്തിൽപെട്ടത്. പരിക്ക് ഇല്ലാതെ യാത്രക്കാർ രക്ഷപെട്ടെങ്കിലും കാറിന്റെ ബോണറ്റ് തകർന്നിരുന്നു. ഇതിന് കാറിന്റെ ഇൻഷുറൻസ് കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കാനാണ് സാധ്യതയുള്ളത്. വന്യമൃഗങ്ങൾ മൂലമുണ്ടാകുന്ന അപകടങ്ങൾക്ക് വനം വകുപ്പിൽ നിന്ന് നഷ്ടപരിഹാരം അനുവദിക്കാൻ വ്യവസ്ഥ ഉണ്ടെങ്കിലും വാഹനങ്ങളുടെ കേടുപാട് പരിഹരിക്കാനുള്ള വ്യവസ്ഥ ഇല്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
കഴിഞ്ഞ വർഷം മെയ് 19 ന് കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് കർഷകർ ആണ് കൊല്ലപ്പെട്ടത്. ഒരാൾ വീട്ടുമുറ്റത്തു വെച്ചും മറ്റൊരാൾ പറമ്പിൽ റബർ മരങ്ങൾ ടാപ്പ് ചെയ്യുമ്പോഴുമാണ് ആക്രമണത്തിനിരയായത്. ഈ സംഭവം ഏറെ പ്രതിഷേധം സൃഷ്ടിക്കുകയും ജില്ലാ കളക്ടർ സ്ഥലത്ത് എത്തി നഷ്ടപരിഹാരം അനുവദിക്കുമെന്ന് ഉറപ്പ് നൽകുന്നത് വരെ നാട്ടുകാർ റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ നഷ്ടപരിഹാരം ലഭിച്ചത് ഏറെ വൈകിയാണ്.