പാറത്തോട് ഗ്രാമപഞ്ചായത്തില്‍ ജലജീവന്‍ മിഷൻ സമ്പൂർണ്ണ കുടിവെള്ള പദ്ധതി.
പാറത്തോട് ഗ്രാമപഞ്ചായത്തില്‍ 6,200 കുടുംബങ്ങളില്‍ ശുദ്ധജലമെത്തിക്കുന്ന ജലജീവന്‍ മിഷൻ സമ്പൂർണ്ണ കുടിവെള്ള പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം ഫെബ്രുവരി 10 ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും .
കാഞ്ഞിരപ്പള്ളി : സംസ്ഥാന ജലവിഭവ വകുപ്പിന് കീഴിൽ കേരള വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ പാറത്തോട് പഞ്ചായത്തിൽ നടപ്പിലാക്കുന്ന സമ്പൂർണ്ണ ശുദ്ധജല വിതരണ പദ്ധതിയുടെ ഔപചാരികമായ നിർമ്മാണ ഉദ്ഘാടനം ഈ മാസം പത്താം തീയതി വൈകുന്നേരം 4 മണിക്ക് പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വച്ച് സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കുo. സമ്മേളനത്തിൽ പത്തനംതിട്ട എംപി ആന്റോ ആന്റണി മുഖ്യപ്രഭാഷണം നടത്തും. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ വിജയലാൽ സ്വാഗതവും വാട്ടർ അതോറിറ്റി ടെക്നിക്കൽ മെമ്പർ എസ്. സേതു കുമാർ റിപ്പോർട്ട് അവതരണവും നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു , വാട്ടർ അതോറിറ്റി ബോർഡ് മെമ്പർ ഷാജി പാമ്പൂരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.ആർ അനുപമ, ജെസ്സി ഷാജൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അഡ്വ. സാജൻ കുന്നത്ത്, ടി.ജെ മോഹനൻ, ജോളി മടുക്കക്കുഴി , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജിമോൾ ഫിലിപ്പ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കന്മാർ തുടങ്ങിയവര്‍ സംബന്ധിക്കും.
65 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായിട്ടുള്ള ഈ പദ്ധതി ജലസ്രോതസ്സ്, ശുദ്ധീകരണശാല, പമ്പ് ഹൗസുകൾ, പമ്പിങ് മെയിൻ പൈപ്പുകൾ, വിതരണ പൈപ്പുകൾ തുടങ്ങിയ ഘടകങ്ങളെല്ലാം ഉൾപ്പെടുത്തി സിംഗിൾ പാക്കേജിൽ വിശദമായ എസ്റ്റിമേറ്റ് തയാറാക്കി സാങ്കേതികാനുമതി ലഭ്യമാക്കി ടെൻഡർ നടപടികൾ പൂർത്തീകരിച്ച് കരാർ ഉറപ്പിച്ച് നിർമ്മാണം ആരംഭിക്കുകയാണ്.
മണിമലയാറിന്റെ തീരത്ത് വലിയ കയത്ത് 6 മീറ്റർ വ്യാസമുള്ള വെൽ കം പമ്പ് ഹൗസ്, കൂരംതൂക്കിൽ 6 ദശലക്ഷം സംഭരണ ശേഷിയുള്ള ജലശുദ്ധീകരണശാല, കൂരംതൂക്കിൽ 8 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ജലസംഭരണി, നാടുകാണിയിൽ 2 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ജലസംഭരണി, ചിറഭാഗത്ത് 5.75 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ജലസംഭരണി, പാലപ്ര കട്ടയ്ക്കൽ ഭാഗത്ത് 2 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ജലസംഭരണി, പാലപ്ര ടോപ്പിൽ 2 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ഉള്ള ജലസംഭരണി, 132.44 കിലോമീറ്റർ നീളമുള്ള വിതരണ ശൃംഖല 13.99, കിലോമീറ്റർ നീളത്തിൽ പമ്പിങ് ലൈനുകൾ, എന്നിവയാണ് പാറത്തോട് ഗ്രാമപഞ്ചായത്തിലെ 6200 കുടുംബങ്ങളിലേക്ക് വെള്ളം എത്തിക്കുന്ന ഈ പദ്ധതിയുടെ പ്രധാന ഘടകങ്ങൾ.