കുടിനീരിനായി പരക്കം പാഞ്ഞ് ജനങ്ങൾ
മുണ്ടക്കയം ∙ ജലാശയങ്ങൾ വറ്റിവരണ്ടതോടെ വെള്ളത്തിനായി നെട്ടോട്ടമോടുകയാണ് ജനങ്ങൾ. കിണറുകളും കുളങ്ങളും വറ്റി വരണ്ടു. ആറുകളിലും തോടുകളിലും ഉള്ള വെള്ളം മാലിന്യം നിറഞ്ഞ് ഉപയോഗശൂന്യമായി. ഇതോടെ ടാങ്കറിൽ എത്തിക്കുന്ന വെള്ളം എന്തു വിലകൊടുത്തും വാങ്ങാൻ നിർബന്ധിതരാകുകയാണ് ജനങ്ങൾ.
സംഭരണ ടാങ്കുകൾ, പടുത കുളങ്ങൾ, അടിത്തട്ട് പാറ നിറഞ്ഞ കിണർ തുടങ്ങിയ സംഭരണ മാർഗങ്ങളിൽ ടാങ്കർ വെള്ളം നിറച്ച് വേനലിനെ നേരിടുവാൻ തയാറെടുപ്പുകൾ ആരംഭിച്ചു. വില നൽകി ആയിരക്കണക്കിന് ലീറ്റർ വെള്ളമാണ് പലരും വാങ്ങുന്നത്. എന്നാൽ ഈ വെള്ളം എവിടെനിന്ന് വരുന്നു, ശുദ്ധ ജലമാണോ എന്നൊക്കെ ആരും അന്വേഷിക്കാറില്ല.
ഇത്തരം കാര്യങ്ങളിൽ ആരോഗ്യ വകുപ്പിന്റെ ഇടപെടലുകളോ അനിയന്ത്രിത വെള്ളക്കച്ചവടക്കാർക്ക് നിയന്ത്രണമോ ഇല്ലാത്തതിനാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും സാധ്യത നിലനിൽക്കുന്നു
നഗര ഗ്രാമപ്രദേശ വ്യത്യാസമില്ലാതെ എല്ലാ സ്ഥലങ്ങളിലും ശുദ്ധജലക്ഷാമം രൂക്ഷമാണ്. ജല ലഭ്യതയുള്ള കുളങ്ങളിൽ നിന്നാണ് ഏജൻസികൾ ടാങ്കറിൽ വെള്ളം നിറച്ച് ഇത്തരം പ്രദേശങ്ങളിൽ എത്തിക്കുന്നത്.
തോടുകൾക്ക് സമീപം വലിയ ഓലികൾ കുഴിച്ചും ഇത്തരക്കാർ മുൻ വർഷങ്ങളിൽ വെള്ളം എത്തിച്ചിരുന്നു. ടാങ്കർ ലോറിയിൽ എത്തിക്കുന്ന വെള്ളം നേരിട്ട് വീടിന്റെ മോട്ടർ ടാങ്കിലേക്കു പകർത്തി പൈപ്പ് വഴി ഉപയോഗിക്കുകയാണ് പതിവ്. വെള്ളം ശുദ്ധമാണോ എന്ന് പോലും പലരും നോക്കാറില്ല. ശുദ്ധജലം ആണെങ്കിൽ തന്നെ അത് എവിടെനിന്ന് കൊണ്ടു വരുന്നതാണെന്നും തിരക്കാറുമില്ല.