‘ഒരു പ്രദേശത്തെ സ്ത്രീകളെ അപമാനിക്കുന്ന പ്രസംഗം’: പി.സി.ജോർജിനെതിരെ കേസെടുത്ത് വനിതാ കമ്മിഷൻ

ബിജെപി നേതാവ് പി.സി.ജോർജ് കഴിഞ്ഞ ദിവസം നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ സംസ്ഥാന വനിത കമ്മിഷൻ കേസെടുത്തു. എംഎസ്എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖിന്റെ പരാതിയിലാണ് നടപടി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലാണ് ഒരു പ്രദേശത്തെ സ്ത്രീകളെ മുഴുവൻ അപമാനിക്കുന്ന തരത്തിൽ പി.സി.ജോർജ് സംസാരിച്ചത്.

‘‘മാഹിയിലെ സ്ത്രീകൾ മോശമായിരുന്നു. അതു വേശ്യകളുടെ കേന്ദ്രമായിരുന്നു. മാഹിയുടെ റോഡുകളിലൂടെ രാത്രി സമയത്ത് സഞ്ചരിക്കാൻ കഴിയുമായിരുന്നില്ല’’ എന്ന തരത്തിൽ ഒരു പ്രദേശത്തെ അപമാനിക്കുന്ന വിധം നടത്തിയ പ്രസംഗത്തിനെതിരെയാണ് റുമൈസ റഫീഖ് വനിതാ കമ്മിഷനെ സമീപിച്ചത്. അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ നിരന്തരമായി പ്രചരിപ്പിക്കുകയും വിദ്വേഷം വളർത്തുന്ന തരത്തിൽ സംസാരിക്കുകയും ചെയ്യുന്ന പി.സി.ജോർജ് അത് തുടരുന്നു എന്നതാണ് വ്യക്തമാക്കുന്നത്.

അടിസ്ഥാന രഹിതമായി ഒരു പ്രദേശത്തെ മനുഷ്യരെ അപമാനിക്കുന്ന പ്രസംഗം അംഗീകരിക്കാൻ കഴിയില്ല. മാഹിയിലെ സ്ത്രീകൾ വേശ്യകളായിരുന്നെന്ന പരാമർശത്തിൽ ഉറച്ചുനിൽക്കുന്ന പി.സി.ജോർജിന്റെ പരാമർശത്തിൽ വനിത കമ്മിഷൻ കേസെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. വിഭാഗീയവും വിദ്വേഷം വളർത്തുന്ന വിധത്തിലുമുള്ള പ്രചാരണങ്ങളിലൂടെയാണ് ബിജെപി പാർലമെന്റ് തിരഞ്ഞെടുപ്പിനെ നേരിടുന്നത് എന്ന് കൂടിയാണ് പി.സി.ജോർജിന്റെ പ്രസംഗം വ്യക്തമാക്കുന്നതെന്നും റുമൈസ റഫീഖ് ആരോപിച്ചു

error: Content is protected !!