തീര്‍ഥാടന ടൂറിസം സാധ്യതകള്‍ക്ക് മുന്‍ഗണന നല്‍കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കും: ഡോ. തോമസ് ഐസക്ക്

എരുമേലി: തീര്‍ത്ഥാടന ടൂറിസം സാധ്യതകള്‍ക്ക് മുന്‍ഗണന നല്‍കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ. തോമസ് ഐസക്. ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകരെ മണ്ഡലത്തിലെ ക്ഷേത്രങ്ങളിലേക്കും അനുഷ്ഠാന കലകളിലേക്കും പൈതൃക സമ്പത്തിലേക്കും ആകര്‍ഷിക്കുന്ന രീതിയിലായിരിക്കും പദ്ധതി തയ്യാറാക്കുക.

എരുമേലിയും പന്തളത്തെയും നവീകരിക്കും. ഇതിനായി പശ്ചാത്തല സൗകര്യ വികസനം നടപ്പിലാക്കും. പള്ളിയോടങ്ങളും പടയണി പോലുള്ള അനുഷ്ഠാന കലകളെ ടൂറിസവുമായി ബന്ധപ്പെടുത്തും.

ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി പമ്പയെ പുനരുദ്ധരിക്കുന്നതിനുള്ള പദ്ധതി ആവിഷ്‌കരിക്കും. പമ്പയുടെ ആവാഹ ശേഷി കൂട്ടുകയും വൃഷ്ടി പ്രദേശത്തെ സംഭരണ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം പ്രദേശവും ശുചീകരിക്കുന്നതിനുള്ള ക്യാമ്പെയിന്‍ നടത്തും.

എരുമേലി സെന്റ് തോമസ് ചര്‍ച്ചില്‍ നിന്നായിരുന്നു എരുമേലിയിലെ പര്യടനം ആരംഭിച്ചത്. എരുമേലി ശ്രീധര്‍മ്മശാസ്താ ക്ഷേത്രവും വാവര് പള്ളിയും സന്ദര്‍ശിച്ചു. വാവര് പള്ളിയും ക്ഷേത്രവും മതേതരത്വത്തിന്റെ പ്രതീകമാണെന്നും തോമസ് ഐസക് പറഞ്ഞു.

ശുഭാനന്താശ്രമത്തിലെത്തിയ തോമസ് ഐസക്കിനെ പി.കെ തങ്കമ്മ ടീച്ചറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ഭാരവാഹികള്‍ ചേര്‍ന്ന് സ്വീകരിച്ചു. ആശ്രമം പുതുക്കി പണിയുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഭാരവാഹികള്‍ അറിയിച്ചു. പിന്തുണയുണ്ടാകുമെന്ന് തോമസ് ഐസക് മറുപടി നല്‍കി.

റബ്ബര്‍ വില, പന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുക തുടങ്ങിയ പത്തനംതിട്ട മണ്ഡലത്തിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ലോക്സഭയില്‍ ഉന്നയിക്കുമെന്നും വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ തോമസ് ഐസക് പറഞ്ഞു.

കെ.ജെ തോമസ്, മന്ത്രി വീണാ ജോര്‍ജ്, സെബാസ്റ്റിയന്‍ കുളത്തിങ്കല്‍ എം.എല്‍.എ, തങ്കമ്മ ജോര്‍ജുകുട്ടി, കെ രാജേഷ്, രമാ മോഹന്‍, ജോയ് ജോര്‍ജ്, ജോസ് കുട്ടി കലൂര്‍, അനിശ്രി എന്നിവര്‍ വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങളില്‍ പങ്കെടുത്തു.

error: Content is protected !!