തുലാപ്പള്ളിയിൽ കാട്ടാന ആക്രമണം ; കൃഷികൾ നശിപ്പിക്കുന്ന കാട്ടാനയെ ഓടിക്കുവാൻ ശ്രമിച്ച ഗൃഹനാഥനെ കൊലപ്പെടുത്തി
എരുമേലി : തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പുളിക്കുന്നത്ത് മലയിൽ കുടിലിൽ ബിജു (50) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. കാട്ടാനയുടെ ശബ്ദം കേട്ട് വീട്ടുമുറ്റത്തേക്ക് ഇറങ്ങിയതായിരുന്നു ബിജു. ഇതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. തുലാപ്പള്ളി ടാക്സി സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ്.
പറമ്പിൽ ആന കൃഷികൾ നശിപ്പിക്കുന്ന ശബ്ദം കേട്ടാണ് ബിജു ഭാര്യ ഡെയ്സിയെയും കൂട്ടി ആനയെ ഓടിക്കാന്‍ ഇറങ്ങിയത് . പറമ്പിൽ തെങ്ങു പിഴുതുകൊണ്ടിരുന്ന ആനയെ ഓടിക്കുവാൻ ശ്രമിച്ചെങ്കിലും, പ്രകോപിതനായ ആന അവരുടെ നേരെ തിരിയുകയായിരുന്നു. അപകടം മനസ്സിലാക്കിയ ബിജു, ഭാര്യയയോട് വീട്ടിലേക്ക് ഓടി കയറി രക്ഷപെടുവാൻ പറഞ്ഞെങ്കിലും , ബിജുവിന് ഓടി മാറുവാൻ സാധിക്കുന്നതിന് മുൻപ്, ഓടിയെത്തിയ ആന , ബിജുവിനെ തുമ്പിക്കൈയ്ക്ക് ചുറ്റിയെടുത്ത് നിലത്തടിക്കുകയായിരുന്നു . വീട്ടിലേക്ക് ഓടി കയറിയ ഭാര്യ , നിലവിളി കേട്ട് തിരികെയെത്തിയപ്പോൾ, വീട്ടിൽ നിന്നും 50 മീറ്റര്‍ അകലെയായി മരിച്ചുകിടക്കുന്ന ഭർത്താവിനെയാണ് കണ്ടത് .
.വിവരമറിഞ്ഞ് പമ്പ പൊലീസും കണമല വനം സ്റ്റേഷനിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. നാട്ടുകാര്‍ മൃതദേഹം സ്ഥലത്തു നിന്നും മാറ്റാന്‍ പൊലീസിനെ അനുവദിച്ചില്ല. പത്തനംതിട്ട കളക്ടർ സ്ഥലത്തെത്തി, നഷ്ടപരിഹാരം ഉൾപ്പെടെയുള്ള നാട്ടുകാരുടെ ആവശ്യങ്ങൾ അംഗീകരിച്ച ശേഷമാണ് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോകുവാൻ സാധിച്ചത് .
ബിജുവിന്റെ ഭാര്യ: ഡെയ്സി. മക്കള്‍: ജിന്‍സണ്‍, ബിജോ.