ഡോ. തോമസ് ഐസക്കിനു സ്വന്തമായി വീടും ഭൂമിയും സ്വര്‍ണവുമില്ല: പ്രധന സ്വത്ത് 9.60 ലക്ഷം രൂപയുടെ പുസ്‌തകങ്ങൾ
പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്‌ഥാനാര്‍ഥി, മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കിനു സ്വന്തമായി വീടും ഭൂമിയും സ്വര്‍ണവുമില്ല. സ്വത്തായി അദ്ദേഹം തെരഞ്ഞെടുപ്പ് സത്യവാങ്‌മൂലത്തില്‍ ഇരുപതിനായിരത്തോളം പുസ്‌തകങ്ങളുടെ കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. പുസ്‌തകങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത് അദ്ദേഹം താമസിക്കുന്ന, അനുജന്റെ ഉടമസ്‌ഥതയിലുള്ള തിരുവനന്തപുരത്തെ വീട്ടിലാണ്. പുസ്‌തകങ്ങള്‍ക്ക് 9.60 ലക്ഷം രൂപയുടെ മൂല്യം കണക്കാക്കിയിട്ടുണ്ട്.
നാലു തവണ എം.എല്‍.എയും രണ്ടു തവണ ധനമന്ത്രിയുമായിരുന്നു ഡോ. തോമസ് ഐസക്ക്. നിലവില്‍ സി.പി.എം. കേന്ദ്രകമ്മിറ്റിയംഗമാണ്.
തിരുവനന്തപുരത്തു ട്രഷറി സേവിങ്‌സ് ബാങ്കില്‍ ആറായിരം രൂപയും പെന്‍ഷനേഴ്‌സ് ട്രഷറി അക്കൗണ്ടില്‍ 68,000 രൂപയും തിരുവനന്തപുരം സിറ്റിയിലെ എസ്.ബി.ഐ: എസ്.ബി. അക്കൗണ്ടില്‍ 39,000 രൂപയും കെ.എസ്.എഫ്.ഇയുടെ സ്‌റ്റാച്യു ബ്രാഞ്ചില്‍ സുഗമ അക്കൗണ്ടില്‍ 36,000 രൂപയും നിക്ഷേപമുണ്ട്.
കെ.എസ്.എഫ്.ഇ. സ്‌റ്റാച്യു ബ്രാഞ്ചില്‍ സ്‌ഥിരനിക്ഷേപമായി 1.31 ലക്ഷം രൂപയുണ്ട്. കെ.എസ്.എഫ്.ഇയുടെ ഇതേ ബ്രാഞ്ചില്‍ ചിട്ടിയുടെ 17 തവണയായി 77,029 രൂപയോളം അടച്ചിട്ടുണ്ട്. ഇതെല്ലാംകൂടി 3,58,909 രൂപയാണ് നിക്ഷേപം കണക്കാക്കുന്നത്. കൈവശമുള്ളത് 10,000 രൂപയാണ്. കൂടാതെ മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ 10,000 രൂപയുടെ ഓഹരിയുമുണ്ട്. ആകെ ആസ്‌തി 13,38,909 രൂപയാണ്.
