കാട്ടാന ആക്രമണം: കണമല ഫോറസ്റ്റ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി ; മന്ത്രി വീണാ ജോര്‍ജ് ബിജുവിന്റെ വീട് സന്ദര്‍ശിച്ചു.
കണമല : തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ ഓട്ടോ ഡ്രൈവറായ തുലാപ്പള്ളി പുളിക്കുന്നത്ത് മലയിൽ കുടിലിൽ ബിജു (50) കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് കണമല ഫോറസ്റ്റ് സ്റ്റേഷനിലേക്ക് ജനകീയ മാർച്ച് നടത്തി നാട്ടുകാർ. ആന്റോ ആന്റണി എംപി ഫോറസ്റ്റ് സ്റ്റേഷനു മുന്നിൽ സമരം തുടങ്ങിയതിനു പിന്നാലെയാണ് ജനകീയ പ്രതിഷേധം സ്റ്റേഷനിലേക്കെത്തിയത്. പ്രതിഷേധത്തിനിടെ പ്രദേശവാസികളും പൊലീസും തമ്മിൽ പലതവണ വാക്കേറ്റമുണ്ടായി. കാട്ടാനയാക്രമണത്തിൽ പരിഹാരമില്ലാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് പ്രദേശവാസികളുടെ നിലപാട്.
ബിജുവിന്റെ വീട് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ഭാര്യയേയും മകനേയും മറ്റ് ബന്ധുക്കളേയും കണ്ട് ആശ്വസിപ്പിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. നഷ്ടപരിഹാരം ഉടന്‍ തന്നെ നല്‍കണമെന്ന് ബന്ധുക്കള്‍ മന്ത്രിയോട് അഭ്യർഥിച്ചു. മാനദണ്ഡങ്ങളനുസരിച്ചുള്ള നഷ്ടപരിഹാരം ഉടന്‍ തന്നെ ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് കാട്ടാനയുടെ ആക്രമണത്തിൽ ബിജു കൊല്ലപ്പെട്ടത്. പറമ്പിൽ ആന കൃഷികൾ നശിപ്പിക്കുന്ന ശബ്ദം കേട്ടാണ് ബിജു ഭാര്യ ഡെയ്സിയെയും കൂട്ടി ആനയെ ഓടിക്കാന്‍ ഇറങ്ങിയത് . പറമ്പിൽ തെങ്ങു പിഴുതുകൊണ്ടിരുന്ന ആനയെ ഓടിക്കുവാൻ ശ്രമിച്ചെങ്കിലും, പ്രകോപിതനായ ആന അവരുടെ നേരെ തിരിയുകയായിരുന്നു. അപകടം മനസ്സിലാക്കിയ ബിജു, ഭാര്യയയോട് വീട്ടിലേക്ക് ഓടി കയറി രക്ഷപെടുവാൻ പറഞ്ഞെങ്കിലും , ബിജുവിന് ഓടി മാറുവാൻ സാധിക്കുന്നതിന് മുൻപ്, ഓടിയെത്തിയ ആന , ബിജുവിനെ തുമ്പിക്കൈയ്ക്ക് ചുറ്റിയെടുത്ത് നിലത്തടിക്കുകയായിരുന്നു . വീട്ടിലേക്ക് ഓടി കയറിയ ഭാര്യ , നിലവിളി കേട്ട് തിരികെയെത്തിയപ്പോൾ, വീട്ടിൽ നിന്നും 50 മീറ്റര്‍ അകലെയായി മരിച്ചുകിടക്കുന്ന ഭർത്താവിനെയാണ് കണ്ടത് .
.വിവരമറിഞ്ഞ് പമ്പ പൊലീസും കണമല വനം സ്റ്റേഷനിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. നാട്ടുകാര്‍ മൃതദേഹം സ്ഥലത്തു നിന്നും മാറ്റാന്‍ പൊലീസിനെ അനുവദിച്ചില്ല. പത്തനംതിട്ട കളക്ടർ സ്ഥലത്തെത്തി, നഷ്ടപരിഹാരം ഉൾപ്പെടെയുള്ള നാട്ടുകാരുടെ ആവശ്യങ്ങൾ അംഗീകരിച്ച ശേഷമാണ് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോകുവാൻ സാധിച്ചത് .
കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിജുവിന്റെ കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പ്രേം കൃഷ്ണന് പറഞ്ഞു . നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡു ഇന്ന് തന്നെ കൈമാറും. ബിജുവിന്റെ മകന് സര്‍ക്കാര്‍ ജോലി നല്കാന് ശിപാര്‍ശ ചെയ്യുമെന്നും കളക്ടർ അറിയിച്ചു.
ബിജുവിന്റെ ഭാര്യ: ഡെയ്സി. മക്കള്‍: ജിന്‍സണ്‍, ബിജോ.