ബിജുവിനെ കൊന്ന ഒറ്റയാനെ വെടിവച്ചു കൊല്ലാന്‍ ശുപാര്‍ശ; കുടുംബത്തിന് 10 ലക്ഷം രൂപ ഉടൻ നല്‍കും; 50 ലക്ഷം രൂപ നല്‍കാന്‍ ശുപാര്‍ശ ചെയ്യും
കണമല : തുലാപ്പള്ളിയിൽ ഓട്ടോഡ്രൈവറായ ബിജുവിനെ ആക്രമിച്ചു കൊന്ന ഒറ്റയാനെ വെടിവച്ചു കൊല്ലാന്‍ ശുപാര്‍ശ നല്‍കും. കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ബിജുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ഇന്നു തന്നെ നല്‍കും. 50 ലക്ഷം രൂപ നല്‍കാന്‍ ശുപാര്‍ശ ചെയ്യും. ബിജുവിന്റെ മകന് താല്‍ക്കാലിക ജോലി നല്‍കും. പിന്നീട് ഒഴിവു വരുന്ന മുറയ്ക്ക് സ്ഥിരമാക്കും. ഡെപ്യൂട്ടി റേഞ്ചര്‍ കമലാസനനോടു നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദേശിക്കും. ഡെപ്യൂട്ടി റേഞ്ചറെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടതോടെ യോഗത്തില്‍ ബഹളമുണ്ടായി. യോഗതീരുമാനങ്ങള്‍ അറിയിച്ചതോടെ പ്രതിഷേധം അവസാനിപ്പിച്ചു.
ബിജു കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് നാട്ടുകാർ കണമല ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. ആന്റോ ആന്റണി എംപി ഫോറസ്റ്റ് സ്റ്റേഷനു മുന്നിൽ സമരം തുടങ്ങിയതിനു പിന്നാലെയാണ് ജനകീയ പ്രതിഷേധം സ്റ്റേഷനിലേക്കെത്തിയത്. പ്രതിഷേധത്തിനിടെ പ്രദേശവാസികളും പൊലീസും തമ്മിൽ പലതവണ വാക്കേറ്റമുണ്ടായി. കാട്ടാനയാക്രമണത്തിൽ പരിഹാരമില്ലാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നായിരുന്നു പ്രദേശവാസികളുടെ നിലപാട്.