പാറത്തോട് പാലപ്രയിൽ കടുവയെ കണ്ടതായി ടാപ്പിംഗ് തൊഴിലാളി: പ്രദേശവാസികൾ ഭീതിയിൽ

കാഞ്ഞിരപ്പള്ളി : പാറത്തോട് പാലപ്ര ടോപ്പിൽ ടാപ്പിംഗ് തൊഴിലാളി കടുവയെ കണ്ടതായി സൂചന. കടുവ ഇറങ്ങിയ വിവരം കാട്ടുതീ പോലെ പെട്ടെന്ന് പടർന്നതോടെ പ്രദേശവാസികൾ ഭീതിയിലായി .

ശനിയാഴ്ച പുലർച്ചേ റബ്ബർ ടാപ്പിംഗിനായി പോയ ടാപ്പിംഗ് തൊഴിലാളിയായ നിലമ്പൂർ സ്വദേശിയായ ജോസഫ്(65) ആണ് കടുവായെ കണ്ടതായി പറയുന്നത് .പാലപ്ര ടോപ്പിൽ പാട്ടത്തിനെടുത്ത റബ്ബർ മരങ്ങൾ ടാപ്പു ചെയ്യാൻ പോയ ജോസഫിന്റെ മുന്നിൽ ഹെഡ് ലൈറ്റ് വെട്ടത്തിൽ 20 അടി അകലത്തിൽ കടുവ നിൽക്കുന്നതായാണ് കണ്ടത് .

ഇയാൾ ഒച്ചവെച്ച് ഭയന്നോടി. പാറത്തോട് പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ ശശികുമാറിനെ വിവരം അറിയിച്ചതനുസരിച്ച് പോലീസും വനപാലക സംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തി. കാട്ടുപൂച്ചയുടെ കാൽപാടുകളാണ് ഇവിടെ കണ്ടതെന്ന് വനപാലകർ പറഞ്ഞു. എന്നാൽ കടുവയെ കണ്ട ജോസഫ് സംശയലേശമന്യേ കടുവയെന്ന് തറപ്പിച്ചു പറയുന്നു. ഇദ്ദേഹം മുൻകാലങ്ങളിൽ വനാന്തരങ്ങളിൽ ഈറ്റ , ചൂരൽ എന്നിവ വെട്ടുന്നതിനും, കാട്ടുതേൻ ശേഖരിക്കുന്നതിനും സ്ഥിരമായി പോകാറുള്ള ആളും വനത്തിലെ മൃഗങ്ങളെ നേർക്ക് നേർ കണ്ട് പരിചയമുള്ള ആളമാണ്. അതിനാൽ തന്നെ കണ്ടത് കടുവയെയാണോ പൂച്ചപ്പുലിയെന്ന കാട്ടുപൂച്ചയെയാണോ എന്ന് സ്ഥിരീകരിക്കുവാൻ ആയിട്ടില്ല .

error: Content is protected !!