എരുമേലി – തുമരംപാറ റോഡിന്റെ ടാറിങ് ജോലികൾ എംഎൽഎ വിലയിരുത്തി.

എരുമേലി : ഗ്രാമപഞ്ചായത്തിലെ 9,10,18 വാർഡുകളിലൂടെ കടന്നുപോകുന്ന പേരൂത്തോട്- ഇരുമ്പൂന്നിക്കര – തുമരംപാറ – 35 റോഡിന്റെ റീ ടാറിങ് ജോലികൾ പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ സന്ദർശിച്ച് വിലയിരുത്തി. നാല് കിലോമീറ്ററിലധികം ദൈർഘ്യമുള്ള ഈ റോഡ് പുനരുദ്ധാരണം നടത്തുന്നതിന് എംഎൽഎ ആയി ചുമതലയേറ്റ ആദ്യ നാളുകളിൽ തന്നെ രണ്ട് റീച്ചുകളായി 50 ലക്ഷം രൂപ സംസ്ഥാന പൊതുമരാമത്ത് വകുപ്പിൽ നിന്നും അനുവദിപ്പിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. ഒന്നാം ഘട്ടം 25 ലക്ഷം രൂപയുടെ പ്രവൃത്തികൾ പൂർത്തീകരിച്ചപ്പോഴേക്കും കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിന് കുഴികൾ എടുത്തതിനാൽ റീടാറിങ് പ്രവൃത്തികൾ നിർത്തിവയ്ക്കേണ്ടി വന്നു. മാസങ്ങൾ കൊണ്ടാണ് പൈപ്പ് സ്ഥാപിക്കൽ പൂർത്തീകരിച്ചത്. അപ്പോഴേക്കും റോഡ് കൂടുതൽ തകർന്ന് തരിപ്പണമായി. ഇതോടെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 1.86 കോടി രൂപ അനുവദിപ്പിച്ച് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് വർക്ക് ടെൻഡർ ചെയ്യിപ്പിച്ചപ്പോൾ കാലവർഷക്കെടുതി മൂലം പണികൾ ആരംഭിക്കാനായില്ല. ഇപ്പോൾ എല്ലാ തടസ്സങ്ങളും പരിഹരിച്ച് റോഡിന്റെ റീ ടാറിങ് പ്രവർത്തികൾ പുരോഗമിക്കുകയാണെന്ന് എംഎൽഎ അറിയിച്ചു.

മണ്ഡലത്തിൽ ആകെയുള്ള 630 കിലോമീറ്റർ റോഡുകളിൽ ബഹുഭൂരിപക്ഷം റോഡുകളും ഇതിനോടകം റീ ടാറിങ്ങും, പുനരുദ്ധാരണ പ്രവർത്തികളും നടത്തി ഗതാഗതയോഗ്യമാക്കിക്കഴിഞ്ഞു. കഴിഞ്ഞ രണ്ടേമുക്കാൽ വർഷത്തിനിടയിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ഈരാറ്റുപേട്ട-വാഗമൺ റോഡ് ഉൾപ്പെടെ 9 ബി എം& ബി സി റോഡുകളും നിർമിക്കാൻ കഴിഞ്ഞു. അതേപോലെതന്നെ മുണ്ടക്കയത്തുനിന്നും കൂട്ടിക്കൽ വഴി വാഗമണ്ണിലേക്ക് ഒരു പുതിയ റോഡ് നിർമ്മിക്കുന്നതിന് 17 കോടി രൂപയുടെ ഭരണാനുമതി നേടിയെടുക്കുന്നതിനും കഴിഞ്ഞിട്ടുണ്ടന്ന് അദ്ദേഹം പറഞ്ഞു.

error: Content is protected !!