അനിൽ ആന്റണി കോൺഗ്രസിനു വേണ്ടി പണം വാങ്ങിയിട്ടുണ്ടെങ്കിൽ അവർ തീർത്തോണം; ബിജെപി യിൽ ചേർന്ന ശേഷം പണം വാങ്ങിയെന്നു തെളിയിച്ചാൽ സ്ഥാനാർഥിയെ പിൻവലിക്കാമെന്ന് പി.സി. ജോർജ്

അനിൽ ആന്റണി കോൺഗ്രസുകാരനായിരിക്കെ പണം വാങ്ങിയോയെന്ന് അറിയില്ലെന്ന് ബിജെപി നേതാവ് പി.സി. ജോർജ്. കോൺഗ്രസുകാർ മുഴുവൻ കളവാണെന്നും അക്കാര്യത്തിൽ തർക്കമുണ്ടോയെന്നും പി.സി. ജോർജ് ചോദിച്ചു. കട്ടുകട്ടാണ് കോൺഗ്രസ് ഈ പരുവത്തിലെത്തിയത്. ഇപ്പോൾ കോൺഗ്രസ് ഇന്ത്യാ രാജ്യത്തു തന്നെ ഇല്ലെന്നായി. കോൺഗ്രസ് സംസ്കാരത്തിൽ കാശു വാങ്ങുന്നതിൽ കുഴപ്പമില്ലല്ലോ. അതുകൊണ്ട് വാങ്ങിയോയെന്ന് ആർക്കറിയാമെന്നും പി.സി. ജോർജ് പറഞ്ഞു. കോൺഗ്രസിൽവച്ച് പണം വാങ്ങിയിട്ടുണ്ടെങ്കിൽ അവർ തീർക്കണം. ഞങ്ങൾ ബിജെപിയാണ്. ബിെജപിയിൽ ചേർന്ന ശേഷം പണം വാങ്ങിയെന്നു തെളിയിച്ചാൽ സ്ഥാനാർഥിയെ പിൻവലിക്കാമെന്നും പി.സി. ജോർജ് പറഞ്ഞു. ചോദിച്ചപ്പോൾ പണം വാങ്ങിയിട്ടില്ലെന്നാണ് അനിൽ പറഞ്ഞതെന്നും അത് വിശ്വസിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

‘‘2013ലാണ് പണം വാങ്ങിയതെന്നാണ് പറയുന്നത്. അന്ന് അനിൽ കോൺഗ്രസുകാരനാണ്. കോൺഗ്രസുകാർ മുഴുവൻ കളവാണെന്നേ. ആ കളവിന്റെ ഒരു ഭാഗമാണത്. അത് അനിൽ ആന്റണിയാണോ എ.കെ. ആന്റണിയാണോയെന്ന് ആർക്കറിയാം. ആന്റണി പണം വാങ്ങിയെന്ന് എനിക്കു വിശ്വാസം വരുന്നില്ല. എന്തായാലും മുഴുവൻ കോൺഗ്രസുകാരും കട്ടുകട്ടല്ലേ കോൺഗ്രസ് ഈ പരുവത്തിലെത്തിയത്. ഇപ്പോൾ കോൺഗ്രസ് ഇന്ത്യാ രാജ്യത്തു തന്നെ ഇല്ലെന്നായില്ലേ? കോൺഗ്രസ് സംസ്കാരത്തിൽ കാശു വാങ്ങുന്നതിൽ കുഴപ്പമില്ലല്ലോ. അതുകൊണ്ട് വാങ്ങിയോയെന്ന് ആർക്കറിയാം.

‘‘ഞാൻ ഇന്നലെയും ചോദിച്ചതാണ്. വാങ്ങിയിട്ടില്ല എന്നാണ് അദ്ദേഹം ഉറപ്പിച്ചു പറയുന്നത്. ആ പറയുന്നതല്ലേ നമുക്ക് അറിയാവൂ. ഒരു കാര്യം പറയാം, കോൺഗ്രസുകാരനായിരിക്കെ അനിൽ പണം വാങ്ങിയിട്ടുണ്ടെങ്കിൽ അത് അവർ തീർത്തോണം. ഞങ്ങളോടു ചോദിക്കേണ്ട. ഞങ്ങൾ ബിജെപിയാണ്. ബിെജപിയിൽ ചേർന്ന ശേഷം അഴിമതി നടത്താൻ പണം വാങ്ങിയെന്നു തെളിയിച്ചാൽ ഞങ്ങൾ സ്ഥാനാർഥിയെ പിൻവലിച്ചേക്കാം. എന്തായാലും അനിൽ മിടുക്കനാ. ഐടി മേഖലയിൽ വളരെ വിദഗ്ധനാണ് അനിൽ. നാം കാണുന്ന ആളൊന്നുമല്ല.’ – ജോർജ് പറഞ്ഞു.

മാസപ്പടി കേസിൽ ചില മാന്യമാരെ ഉടൻതന്നെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ കാണാമെന്നും പി.സി. ജോർജ് പറഞ്ഞു. ‘‘അവരുടെ കാര്യം വലിയ അപകടത്തിലാണ്. വലിയ താമസമില്ലാതെ പല മാന്യമാൻരെയും നമുക്ക് തിരുവനന്തപുരം സെൻട്രൽ ജയിലിൽ കാണാം. അതിൽ രണ്ടു വനിതകളുണ്ട്. പേരു ഞാൻ പറയുന്നില്ല. ആരാണെന്ന് ഊഹിച്ചാൽ അറിയാമല്ലോ? മുഖ്യമന്ത്രിയുടെ മകളാണോയെന്ന ചോദ്യത്തിന്, ‘മകളല്ലേ ഒന്നാം കക്ഷി’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്തായാലും അകത്തു പോകുമെന്നും സങ്കടമുണ്ടെങ്കിലും എന്തു ചെയ്യാൻ പറ്റുമെന്നും ജോർജ് ചോദിച്ചു.

സുൽത്താൻ ബത്തേരിയുടെ പേര് ഗണപതി വട്ടം എന്നാക്കണമെന്ന കെ.സുരേന്ദ്രന്റെ നിർദ്ദേശത്തെ പിന്തുണച്ച പി.സി. ജോർജ്, ‘കേരള സ്റ്റോറി’ എന്ന ചിത്രം പള്ളികളിൽ പ്രദർശിപ്പിച്ചതിനെതിരെ പ്രതികരിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ വിമർശിച്ചു. പള്ളികളിൽ എന്തു പ്രദർശിപ്പിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കുമെന്നും സതീശൻ ഇടപെടേണ്ടതില്ലെന്നും ജോർജ് പറഞ്ഞു.

error: Content is protected !!