കാണാതായ ജെസ്ന മരിയ ജയിംസിന്റെ രക്തക്കറ പുരണ്ട വസ്ത്രത്തെ ചൊല്ലി ദുരൂഹത.
എരുമേലി ∙ മുക്കൂട്ടുതറയിൽനിന്ന് ആറു വർഷം മുൻപ് ദുരൂഹസാഹചര്യത്തിൽ കാണാതായ ജെസ്ന മരിയ ജയിംസിന്റെ രക്തക്കറ പുരണ്ട വസ്ത്രത്തെ ചൊല്ലി ദുരൂഹത. ജെസ്നയുടെ മുറിയിൽനിന്നു കണ്ടെടുത്ത രക്തം പുരണ്ട വസ്ത്രങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണമുണ്ടായില്ലെന്നാണു പിതാവ് ജെയിംസ് ജോസഫ് കോടതിയിൽ നൽകിയ ഹർജിയിലുള്ളത്. ജെസ്നയുടെ വസ്ത്രങ്ങളിലുള്ളത് ആർത്തവ രക്തമാണോ അതോ ഗർഭകാല രക്തമാണോ എന്നു പരിശോധിക്കണമെന്നും പിതാവ് ഹർജിയിൽ ആവശ്യപ്പെടുന്നു.
കാണാതായതിനു പിന്നാലെ ജെസ്നയുടെ മുറിയില്‍നിന്നു കണ്ടെടുത്ത വസ്ത്രത്തില്‍ അമിതമായ രക്തക്കറയുണ്ടായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം ഈ വസ്ത്രം ശേഖരിച്ചെങ്കിലും കൃത്യമായി പരിശോധിച്ചില്ലെന്നു പിതാവ് ആരോപിക്കുന്നു. കാണാതാകുന്നതിന് ഏതാനും മാസങ്ങൾക്കു മുന്‍പ് വയറുവേദനയെന്ന പേരില്‍ ജെസ്ന സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അതും അമിതമായ രക്തസ്രാവവും തമ്മില്‍ ബന്ധമുണ്ടെന്നാണു പിതാവിന്റെ സംശയം. ഈ സാഹചര്യത്തിൽ ജെസ്നയുടെ വസ്ത്രങ്ങളിലുള്ളത് ആര്‍ത്തവ രക്തമാണോ ഗര്‍ഭകാല രക്തമാണോയെന്നു പരിശോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
അതിനിടെ, ലോക്കൽ പൊലീസും സിബിഐയും ഗൗരവത്തോടെ അന്വേഷിച്ചില്ലെന്നു പിതാവ് ആരോപിക്കുന്ന ജെസ്നയുടെ അജ്ഞാത സുഹൃത്ത് ബന്ധുവായ യുവാവാണെന്നാണു മുൻ അന്വേഷണ സംഘത്തിന്റെ നിഗമനം. ജെസ്നയും ഈ അജ്ഞാത സുഹൃത്തുമായുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തിലാണു ജെസ്ന ഗർഭിണിയായിരുന്നോയെന്ന സംശയം പിതാവ് ഉയർത്തുന്നത്.
ഈ അജ്ഞാത സുഹൃത്തുമായി എല്ലാ വ്യാഴാഴ്ചകളിലും ഒരു ആരാധനാലയത്തിൽവച്ച് ജെസ്ന കൂടിക്കാഴ്ച നടത്തിയിരുന്നതായി വിവരം ലഭിച്ചെന്നു പിതാവ് വെളിപ്പെടുത്തിയിരുന്നു. ഈ ആരാധനാലയം പ്രദേശത്തെ ഒരു ക്രിസ്ത്യന്‍ പള്ളിയാണെന്നു നേരത്തേ തന്നെ കണ്ടെത്തിയിരുന്നുവെന്നാണു മുൻപ് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചിന്റെ അവകാശവാദം.
രക്തക്കറ പുരണ്ട വസ്ത്രം ലഭിച്ചെന്നാണു കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിന്റെ നിലപാട്. അതേസമയം, രക്തക്കറ പുരണ്ട വസ്ത്രം ലഭിച്ചിട്ടില്ലെന്നും ജെസ്നക്കു ഗര്‍ഭ ലക്ഷണമില്ലായിരുന്നുവെന്നു ചികിത്സിച്ച ഡോക്ടര്‍മാര്‍ മൊഴി നല്‍കിയെന്നാണു സിബിഐയുടെ ഭാഷ്യം. രണ്ട് അന്വേഷണ സംഘങ്ങളുടെയും വ്യത്യസ്ത നിലപാട് ഉയർത്തുന്ന ദുരൂഹതകൾക്കിടെയാണ് കേസ് അവസാനിപ്പിക്കരുതെന്ന ആവശ്യവുമായി പിതാവ് കോടതിയിൽ എത്തിയിരിക്കുന്നത്.