മണിമലയാറ്റിൽ പഴയിടത്തും പൂതക്കുഴി പടപ്പാടി തോട്ടിലും പോള വ്യാപിക്കുന്നു ; അടിയന്തിരമായി നീക്കണമെന്ന ആവശ്യം ശക്തം
പഴയിടം ∙ മണിമലയാറ്റിലും കാഞ്ഞിരപ്പള്ളി പൂതക്കുഴി പടപ്പാടി തോട്ടിലും പോള നിറഞ്ഞ് വെള്ളം ഉപയോഗശൂന്യമായി കിടക്കുന്നു. പഴയിടം പാലത്തിന് സമീപമാണ് പടിഞ്ഞാറൻ മേഖലകളിലെ കായൽ പ്രദേശങ്ങളിൽ കാണുന്ന രീതിയിലുള്ള പോള നിറഞ്ഞത്. ഇത് മറ്റു പ്രദേശങ്ങളിലേക്കു വ്യാപിക്കാതിരിക്കാൻ നടപടി വേണമെന്നാണ് ആവശ്യം. പഴയിടം പാലത്തിന് സമീപം വെള്ളം കാണാൻ കഴിയാത്ത വിധമാണ് പോള നിറഞ്ഞിരിക്കുകന്നത് . ആറ്റിലെ ജലം മലിനമാകാനും ഇത് കാരണമാകുന്നുണ്ട്.
പഴയിടം പാലത്തിന് സമീപം മുൻപ് പായൽ നിറഞ്ഞ സംഭവം ഉണ്ടായിരുന്നു. സമീപത്തെ ഫാക്ടറിയിൽ നിന്നു പുറം തള്ളപ്പെട്ട പായൽ വ്യാപിച്ചതോടെ പ്രതിഷേധങ്ങളും ഉണ്ടായിരുന്നു. പോളയുടെ ശല്യം ഇത് ആദ്യമാണ് പ്രദേശത്ത് ഉണ്ടാകുന്നത്. പടിഞ്ഞാറൻ പ്രദേശത്ത് തോടുകൾ വ്യാപകമായ പോളകൾ ജനജീവിതത്തിന് തന്നെ തടസ്സമാകുന്നു.
മലയോര മേഖലയിലെ ചെറിയ തോടുകളിൽ എങ്ങനെ പോള എത്തി എന്നറിയില്ല. പഴയിടം പാലത്തിന് സമീപം വെള്ളം കാണാൻ കഴിയാത്ത വിധം പോള നിറഞ്ഞിരിക്കുകയാണ്. ഉള്ള ജലം മലിനമാകാനും ഇത് കാരണമാകുന്നുണ്ട്.
ദേശീയപാതയുടെ സമീപം പൂതക്കുഴി പടപ്പാടി തോട്ടിലാണ് പോള നിറഞ്ഞിരിക്കുന്ന മറ്റൊരു സ്ഥലം. ചെറിയ തോട്ടിൽ വെള്ളം വറ്റുകയും അടുത്തിടെ പെയ്ത മഴയിൽ നീരൊഴുക്ക് ആരംഭിക്കുകയും ആയിരുന്നു. ഇതിനു ശേഷമാണ് പോള വ്യാപകമായത്. ഇത് ഒഴുകി ചിറ്റാർ പുഴയിലേക്ക് എത്തും എന്നതിനാൽ പോള സമീപത്തേക്ക് വ്യാപിക്കാനുള്ള സാധ്യത ഏറെയാണ്. തുടക്കത്തിൽ തന്നെ ഇത് നീക്കം ചെയ്യുകയും പടരാനുള്ള സാധ്യത ഒഴിവാക്കുകയും ചെയ്യണമെന്നാണ് ആവശ്യം.