മുണ്ടക്കയത്ത് പ്ലസ് ടു സ്‌കൂൾ വേണമെന്ന ആവശ്യം ശക്തമായി
മുണ്ടക്കയം ∙ കോട്ടയം – ഇടുക്കി ജില്ലകളുടെ അതിർത്തിയും ഹൈറേഞ്ചിന്റെ കവാടവുമായ മുണ്ടക്കയം പട്ടണം വികസന പാതയിൽ മുന്നേറുകയാണെങ്കിലും വിദ്യാർഥികൾക്ക് ഹയർ സെക്കൻഡറി പഠിക്കണമെങ്കിൽ 10 കിലോമീറ്ററിൽ അധികം ഉൾ പ്രദേശത്തേക്ക് പോകേണ്ട അവസ്ഥയാണ്. ടൗണിലെ സ്കൂളുകളിൽ പ്ലസ് ടു അനുവദിക്കണം എന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കം ഉണ്ടെങ്കിലും നടപടികൾ ഒന്നുമില്ല.
ടൗണിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന മൂന്ന് സ്കൂളുകളാണ് ഉള്ളത്. ഇവിടങ്ങളിൽ ആവശ്യമായ സൗകര്യങ്ങളും ഉണ്ട്. പക്ഷേ, പ്ലസ് ടു കോഴ്സ് അനുവദിക്കാൻ നാളുകളായി സ്കൂളുകൾ നടത്തുന്ന പോരാട്ടം ഫലം കണ്ടിട്ടില്ല. നിലവിൽ ഏന്തയാർ, കോരുത്തോട്, മുരിക്കുംവയൽ, കുറ്റിപ്ലാങ്ങാട് എന്നിവിടങ്ങളിലാണ് ഹയർ സെക്കൻഡറി സ്കൂളുകൾ ഉള്ളത്. ബസ് സൗകര്യം ഉൾപ്പെടെ പരിമിതമായ മേഖലയിൽ വിദ്യാർഥികൾ ദൂരെ നിന്ന് എത്തി പഠനം നടത്തുകയാണ്. ടൗണിലെ സ്കൂളുകളിൽ പ്ലസ് ടു വേണമെന്ന ആവശ്യമുന്നയിച്ച് വിദ്യാർഥികൾ ഉൾപ്പെടെ തെരുവിലിറങ്ങിയിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല.