കൊക്കോ വില കൂപ്പുകുത്തി; കർഷകപ്രതീക്ഷയും

എരുമേലി ∙ റോക്കറ്റ് പോലെ ഉയർന്ന് കർഷകർക്കു വാനോളം പ്രതീക്ഷ നൽകിയ കൊക്കോ വില കൂപ്പുകുത്തിയതോടെ മലയോര കർഷകർ നിരാശയിൽ. ഉണങ്ങിയ കൊക്കോക്കുരുവിന് 1050 രൂപ വരെ വന്ന ശേഷം കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ വില ഇടിഞ്ഞ് 620 രൂപയിലേക്കു താഴുകയായിരുന്നു.

ഓരോ ദിവസവും വിപണിയിൽ 50 രൂപ വീതം വിലയിടിഞ്ഞു. കഴിഞ്ഞ ഏതാനും ദിവസമായി വിലയിൽ കാര്യമായ മാറ്റമില്ല. കൊക്കോ കയറ്റുമതിയിൽ പെട്ടെന്നുണ്ടായ പ്രതിസന്ധിയാണു വില ഇടിയാൻ കാരണമെന്നാണു വ്യാപാരികൾ പറയുന്നത്. കയറ്റുമതിക്ക് ആവശ്യമായ കൊക്കോയുടെ ലോഡ് ലഭിച്ചതോടെ ഡിമാൻഡ് കുറഞ്ഞതാണെന്നു പറയുന്നു. ഇനിയും കയറ്റുമതിക്ക് ആവശ്യമായ കൊക്കോ സംഭരണം തുടങ്ങുന്നതോടെ വില ഉയരുമെന്നും ഇവർ പ്രതീക്ഷിക്കുന്നു. പച്ച കൊക്കോക്കുരുവിന് 340 രൂപ വരെ വന്നത് 200ലേക്കു താഴ്ന്നു. കൊക്കോയുടെ വിലവർധന കണക്കിലെടുത്ത് മലയോര മേഖലയിൽ ഒട്ടേറെ കർഷകരാണു റബർത്തോട്ടങ്ങളിൽ കൊക്കോക്കൃഷി നടത്തുന്നതിനു തയാറെടുത്തത്.

മഴ ലഭിക്കുന്നതോടെ റബർത്തോട്ടങ്ങളിൽ ഇടവിളയായി കൊക്കോ കൃഷി ചെയ്യാനാണു പദ്ധതിയിട്ടിരുന്നത്. ഇതിനായി കൊക്കോത്തൈകൾ വരെ ഏർപ്പാട് ചെയ്തവരുണ്ട്.

വിലയിലെ ഏറ്റക്കുറച്ചിൽ മൂലം പല കർഷകരും കൃഷി തുടങ്ങുന്നതു സംബന്ധിച്ച് ആശങ്കയിലാണ്. കണമലയാണു കൊക്കോയുടെ പ്രധാന വിപണനകേന്ദ്രം. തുലാപ്പള്ളി, പമ്പാവാലി, മൂക്കൻപെട്ടി, എയ്ഞ്ചൽവാലി, കാളകെട്ടി, എഴുകുംമൺ, പത്തേക്കർ, അരുവിക്കൽ തുടങ്ങിയ വനമേഖലയുമായി ചേർന്ന പ്രദേശങ്ങളിലാണു കൊക്കോക്കൃഷി വ്യാപകമായി നടക്കുന്നത്.

എരുമേലി പഞ്ചായത്തിൽ മാത്രം 10 ഏക്കർ സ്ഥലത്തു കൊക്കോക്കൃഷി ഉണ്ടെന്നാണു കൃഷിവകുപ്പിന്റെ കണക്ക്.

error: Content is protected !!