പുനർജ്ജനി ഫലം കണ്ടു : കിസുമം ഗവ. സ്കൂളിൽ തിരക്കായി.
കണമല : സുമനസുകൾ ഇടപെട്ടപ്പോൾ സർക്കാർ സ്കൂളിന് മുന്നേറ്റം. കിസുമത്തെ സർക്കാർ സ്കൂളിൽ കുട്ടികളെ ചേർക്കാൻ തിരക്ക്. പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്ററി തലം വരെയും സിവിൽ സർവീസ് പഠന ക്ലാസും ഉള്ള ഈ സ്കൂളിൽ കുട്ടികളുടെ എണ്ണം ഇത്തവണ വർധിച്ചെന്ന് അധികൃതർ. ഇതിന് കാരണമായത് പുനർജ്ജനി പദ്ധതി.
അടുത്ത മാസം ആദ്യം ആരംഭിക്കുന്ന സിവിൽ സർവീസ് പഠന ക്ലാസ് കൊച്ചി പോലീസ് കമ്മീഷണർ ശ്യാം സുന്ദർ ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. ക്ലാസ് മുറികൾക്ക് അകവും പുറവും വർണ്ണാഭമായ ചിത്രങ്ങൾ വരയ്ക്കുക, കുട്ടികൾക്ക് കളിക്കാനുള്ള ഉപകരണങ്ങൾ സ്ഥാപിക്കുക, മുറ്റത്ത് ഇൻ്റർലോക്കും ക്ലാസ് മുറികളിൽ ശിശു സൗഹൃദ ഫർണ്ണിച്ചറുകളും സ്ഥാപിക്കുക എന്നതായിരുന്നു ലക്ഷ്യം. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും പ്രവാസി വ്യവസായിയുമായ തുലാപ്പള്ളി നെടുവേലിൽ എൻ.വി എബ്രഹാം മുഴുവൻ തുകയും മുടക്കിയതോടെ ഇപ്പോൾ ഈ പദ്ധതി ലക്ഷ്യം കണ്ടു. പ്രശസ്ത നടനും എഴുത്തുകാരനും കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാറാണ് സ്കൂളിൻ്റെ ബ്രാൻഡ് അംബാസിഡർ. യോഗ, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഫോട്ടോഗ്രാഫി, ബാഡ്മിൻ തുടങ്ങിയ വിവിധ വിഷയങ്ങളിൽ കുഞ്ഞുങ്ങൾക്ക് പ്രത്യേക പരിശീലനം നൽകും.
കഴിഞ്ഞ ദിവസം വന്ന പ്ലസ് വൺ റിസൾട്ടിൽ ജില്ലയിലെ എൺപത്തൊന്ന് സ്കൂളുകളുള്ളതിൽ മുപ്പതാം സ്ഥാനത്തേക്കുയരാൻ കഴിഞ്ഞിരുന്നു. ജൂൺ മൂന്നിന് ഉച്ചക്ക് ഒരു മണിക്ക് പുതിയ കുഞ്ഞുങ്ങളും പഴയ നമ്മളും എന്ന വിഷയത്തിൽ പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള അധ്യാപകരുമായി ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ വി കെ അശോക കുമാർ സംവദിക്കും. ജൂൺ ഏഴാം തീയതി സ്കൂളിലെ പന്ത്രണ്ടാം ക്ലാസിലെ മുഴുവൻ കുട്ടികളുടെ വീട്ടിലും അധ്യാപകരും പി.ടി.എ പ്രതിനിധികളും സന്ദർശനം നടത്തും. ജൂൺ 14ന് ഇറച്ചിക്കോഴി വളർത്തലിൽ രക്ഷാകർത്താക്കൾക്ക് പരിശീലനം നടത്തി തെരഞ്ഞെടുക്കപ്പെടുന്ന രക്ഷാകർത്താക്കൾക്ക് സൗജന്യമായി കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യും. അധ്യാപകരുടേയും പി.ടി.എ; എസ്.എം.സി പ്രതിനിധികളുടേയും ഒറ്റക്കെട്ടായ പരിശ്രമത്തിലൂടെയാണ് സ്കൂളിന് ഈ മാറ്റം സാധ്യമായത്.