റേഡിയോ 90 എഫ് എം ഇനി സ്കൂളുകളിലേയ്ക്കും ; ഇടക്കുന്നം മേരിമാത പബ്ലിക് സ്കൂളിൽ ഉദ്‌ഘാടനം ചെയ്തു
കാഞ്ഞിരപ്പള്ളി: ഒരേ സ്വരത്തിൽ ഒന്നായ് വളരാം എന്ന ആപ്തവാക്യവുമായി, വിദ്യാർത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കിക്കൊണ്ട്, സമൂഹത്തെയും കുട്ടികളെയും നശിപ്പിക്കുന്ന മയക്കുമരുന്നിനും, മദ്യത്തിനും മറ്റു ചതിക്കുഴികൾക്കുമെതിരെ കുട്ടികളെ ബോധവത്ക്കരിക്കുക, ലക്ഷ്യബോധവും, കലാമൂല്യവും, സർഗ്ഗാത്മക ചിന്തകളും ഉയർത്തി യഥാർത്ഥ മാധ്യമ സംസ്കാരം കുട്ടികളിൽ രൂപികരിക്കുക, സമൂഹത്തിനും രാജ്യ നന്മയ്ക്കും ഉപകരിക്കുന്ന വിധത്തിൽ കുട്ടികളെ രൂപപ്പെടുത്തുക തുടങ്ങി വിവിധ നൂതന പദ്ധതികളുമായി അമൽ ജ്യോതി റേഡിയോ 90 എഫ് എം , സ്കൂളുകളിൽ റേഡിയോ 90 ക്ലബിനു തുടക്കം കുറിച്ചു. ഇടക്കുന്നം മേരിമാത പബ്ലിക് സ്കൂളിൽ വെച്ച് നടന്ന പരിപാടി ഡെപ്യൂട്ടി കളക്ടർ, വിജിലൻസ് എറണാകുളം സെൻട്രൽ സോൺ ശ്രീമതി റോസ്ന ഹൈദ്രോസ് ഉദ്ഘാടനം നിർവ്വഹിച്ചു.
കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ . ഫൈസൽ എം എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇടക്കുന്നം മേരിമാത പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സി. റോസ്മിൻ എസ് എ ബി എസ്, റേഡിയോ 90 എഫ് എം സ്റ്റേഷൻ ഡയറക്ടർ റവ.ഫാ. സിജു പുല്ലംപ്ലായിൽ, ക്ലബ് ജനറൽ കോർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ, റേഡിയോ 90 എഫ് എം പ്രോഗ്രാം ഡയറക്ടർ .ഫാ. ജോമി കുമ്പുക്കാട്ട്, റേഡിയോ 90 എഫ് എം, പി ആർ എ സിനോ ആന്റണി, റേഡിയോ 90 ക്ലബ് സ്കൂൾ ഡയറക്ടർ ലിഡിയ എലിസബത്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
സമ്മേളനത്തിൽ കുട്ടികൾക്ക് റേഡിയോ 90 ക്ലബ് മെബർഷിപ്പ് കാർഡ് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഫൈസൽ എം എസ് നൽകി വിതരണോദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ മേരിമാത പബ്ലിക് സ്കൂൾ അദ്ധ്യാപകരും കുട്ടികളും പങ്കെടുത്തു. വരും ദിവസങ്ങളിൽ മറ്റു സ്കൂളുകളിലും റേഡിയോ 90 ക്ലബ്ബുകൾക്ക് തുടക്കം കുറിക്കുന്നതാണ്.