വായനാ ദിനത്തിൽ വിദ്യാർത്ഥികൾ എരുമേലിയിൽ രണ്ടായിരം പേരെക്കൊണ്ട് കഥ വായിപ്പിച്ചു .
എരുമേലി : ഇത്തവണത്തെ വായനാ ദിനം എരുമേലിയിൽ ആർക്കും മറക്കാനാവാത്ത വിധം ഏറെ വ്യത്യസ്തമായി. എല്ലാം ഡിജിറ്റലായി മാറിയ ഈ കാലഘട്ടത്തിൽ വായന മറക്കരുതെന്ന് ഓർമിപ്പിക്കാൻ ടൗണുകൾ ചുറ്റി മൂന്ന് വിദ്യാർത്ഥികൾ രണ്ടായിരം പേരെക്കൊണ്ട് കഥ വായിപ്പിച്ചതാണ് വ്യത്യസ്തമായത്. കഥയുടെ ഒടുവിലുള്ള ചോദ്യത്തിന് ശരി ഉത്തരം വൈകുന്നേരത്തിനകം വാട്സ്ആപ്പ് ചെയ്ത് അറിയിച്ചാൽ ആയിരം രൂപയുടെ പുസ്തകം സൗജന്യമായി നൽകുമെന്ന ഓഫറുണ്ടായിരുന്നു. 166 പേരാണ് ശരി ഉത്തരം അയച്ചത്. അതിൽ നറുക്കെടുപ്പിലൂടെ എരുമേലി ടൗണിൽ ചായക്കട നടത്തുന്ന ശ്രീവിദ്യ തെരഞ്ഞെടുക്കപ്പെട്ടു.
പ്രശസ്ത സാഹിത്യകാരൻ ഒ വി വിജയന്റെ ” കടൽത്തീരത്ത്” എന്ന വിഖ്യാതമായ കഥയുടെ 2000 പ്രതികളാണ് കിസുമം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പൂവ് സർഗ്ഗവേദിയുടെ നേതൃത്വത്തിൽ സ്കൂളിലെ വിദ്യാർത്ഥികൾ വിതരണം ചെയ്തത്. എരുമേലി പ്രൈവറ്റ് ബസ്റ്റാൻഡിലും പരിസരങ്ങളിലും തുടർന്ന് കെഎസ്ആർടിസി ബസ്റ്റാൻഡിലും യാത്രക്കാർക്കെല്ലാം കഥയുടെ പ്രതികൾ നൽകി. സാധാരണ നോട്ടീസ് ആണെന്ന് കരുതി വാങ്ങിയവർ അത്ഭുതപ്പെട്ടു. കഥയിലെ പ്രധാന കഥാപാത്രമായ വെള്ളായിയപ്പനെ ഏറെപ്പേർ ഹൃദയത്തോട് ചേർത്തു . കഥയിലെ പൊതിച്ചോറിന് അവസാനം എന്താണ് സംഭവിക്കുന്നത് എന്നായിരുന്നു കഥയോടൊപ്പമുണ്ടായിരുന്ന ചോദ്യം.
പൂവ് സർഗ്ഗവേദിയുടെ പ്രവർത്തകരായ റിജോ, അനന്ദു റാം, അതുൽ എന്നീ വിദ്യാർത്ഥികളും അദ്ധ്യാപകരും പിടിഎ ഭാരവാഹികളും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.