കോടതി വളപ്പിൽ മുറിച്ചിട്ടിരിക്കുന്ന മരങ്ങൾ ആറുമാസമായിട്ടും നീക്കം ചെയ്തില്ല; പ്രതിഷേധം ശക്തം ..

കാഞ്ഞിരപ്പള്ളി ∙ കോടതി വളപ്പിൽ മുറിച്ചിട്ടിരിക്കുന്ന മരങ്ങൾ 6 മാസമായിട്ടും നീക്കം ചെയ്തില്ല. വനം വകുപ്പിന്റെ മൂല്യനിർണയത്തിൽ തടികൾക്കു നിശ്ചയിച്ച വിലയനുസരിച്ചു ടെൻഡർ ക്ഷണിച്ചതിൽ കരാർ ഏറ്റെടുക്കാൻ ആരും തയാറാകാത്തതാണു കാരണം.

മുറിച്ചിട്ട തടിക്കഷണങ്ങളും ചില്ലകളും വേരുകളും ഉൾപ്പെടെയുള്ള ഭാഗം കാടു കയറി കോടതി വളപ്പിൽ പലയിടത്തായി കിടക്കുന്നത് പാർക്കിങ്ങിനു തടസ്സമായിരിക്കുകയാണ്. ഇതോടെ കോടതിയിലെത്തുന്ന വാഹനങ്ങളും അഭിഭാഷകരുടെ വാഹനങ്ങളും ദേശീയപാതയോരത്ത് നിർത്തിയടുന്നതു കോടതിപ്പടിയിൽ അപകട സാധ്യതയ്ക്കിടയാക്കുന്നു.

വർഷങ്ങൾ പഴക്കമുള്ള മരങ്ങൾ കോടതി, ലീഗൽ സർവീസ് കമ്മിറ്റി ഓഫിസ് എന്നിവയ്ക്കു അപകട ഭീഷണിയായതോടെയാണു മരങ്ങൾ വെട്ടിയത്. കോർട്ട് മാനേജർ റവന്യു വകുപ്പിനോടു ആവശ്യപ്പെട്ടതു പ്രകാരം ജില്ലാ കലക്ടർ നിർദേശിച്ചതനുസരിച്ച് റവന്യു വകുപ്പാണു മരങ്ങൾ മുറിച്ചത്. അപകടകരമായ നിന്ന ആൽ, പയ്യാനി, അക്കേഷ്യ, വാക, മുള്ളുവേങ്ങ തുടങ്ങി 13 മരങ്ങളാണ് വെട്ടിയത്. എന്നാൽ ഇവയുടെ അവശിഷ്ടങ്ങൾ കോടതി വളപ്പിൽ നിന്നു മാറ്റിയിട്ടില്ല. മുറിച്ചിട്ട മരക്കഷണങ്ങളിൽ കാടുകയറി നശിക്കുന്ന നിലയിലാണ്. ആദ്യം മരങ്ങൾ വെട്ടിമാറ്റാനുള്ള നടപടികളുടെ ഭാഗമായി സോഷ്യൽ ഫോറസ്ട്രി നിശ്ചയിച്ച നൽകിയ തുകയ്ക്ക് ലേലം നടക്കാതെ മുടങ്ങിയതോടെയാണു കോർട്ട് മാനേജർ ജില്ലാ കലക്ടറോടു നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടത്.

തഹസിൽദാരുടെ റിപ്പോർട്ട് തേടിയ ശേഷം ജില്ലാ കലക്ടർ മരങ്ങൾ മുറിച്ചു മാറ്റാൻ ദുരന്ത നിവാരണ ഫണ്ടിൽ നിന്നും 95000 രൂപ അനുവദിച്ചാണു മരങ്ങൾ വെട്ടിയത്.

error: Content is protected !!