പട്ടയഭൂമിയിലെ മരം മുറിക്കാൻ അനുമതി പരിഗണയിൽ ; മലയോര മേഖലയിൽ ആഹ്ലാദം..

എരുമേലി ∙ പട്ടയഭൂമിയിലെ മരം മുറിക്കാൻ കർഷകർക്ക് അനുമതി നൽകാനുള്ള സർക്കാർ നീക്കം മലയോര മേഖലയിലെ കർഷകർക്ക് അനുഗ്രഹമാകും. കേരള ലാൻഡ് അസൈൻമെന്റ് ആക്ട് പ്രകാരം കൈവശഭൂമിക്ക് പട്ടയം ലഭിച്ച കൃഷിക്കാർക്ക് തങ്ങളുടെ കൈവശത്തിലുള്ള ഭൂമിയിൽ പട്ടയം ലഭിച്ചതിനുശേഷം നട്ടുവളർത്തിയതും കിളിർത്ത് വന്നതുമായ ചന്ദനം ഒഴികെയുള്ള എല്ലാ വൃക്ഷങ്ങളും വെട്ടിയെടുക്കുന്നതിന് അധികാരം നൽകുന്ന ചട്ടഭേദഗതിയാണ് സർക്കാരിന്റെ പരിഗണനയിലുള്ളത്.

നിയമ വകുപ്പിൽ നിന്നും അനുമതി ലഭിക്കുന്ന മുറയ്ക്ക് മരം മുറിക്കുന്നതിന് കർഷകരുടെ അവകാശം ഉറപ്പുവരുത്തിക്കൊണ്ട് ചട്ട ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുമെന്നും മന്ത്രി കെ. രാജൻ നിയമസഭയിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ നൽകിയ സബ്മിഷന് മറുപടി നൽകുകയായിരുന്നു. ‌

എരുമേലി തെക്ക്, എരുമേലി വടക്ക്, കോരുത്തോട് തുടങ്ങിയ വില്ലേജുകളിലെ കർഷകർക്കാണ് ഇതിന്റെ ഗുണം പ്രധാനമായും ലഭിക്കുക.
എരുമേലി പഞ്ചായത്തിലെ പമ്പാവാലി (വാർഡ് 11), എയ്ഞ്ചൽവാലി (വാർഡ് 12) എന്നിവയാണ് എയ്ഞ്ചൽവാലി മേഖല. 502 ഹെക്ടർ സ്ഥലത്ത് 1600 കൈവശക്കാരാണുള്ളത്. ഇവർക്ക് കഴിഞ്ഞ കഴിഞ്ഞ വർഷമാണ് പട്ടയം അനുവദിച്ചത്. 67 വർഷമായി ഇവിടെ താമസിക്കുന്ന കുടുംബങ്ങൾക്കാണ് ഇവിടെ പട്ടയം ലഭിച്ചത്. 2015ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് എയ്ഞ്ചൽവാലി, പമ്പാവാലി മേഖലകളിലെ 1600 കൈവശക്കാരിൽ 904 പേർക്ക് പട്ടയം നൽകിയത്.

ഇതിൽ 855 പേരും പട്ടയം കൈപ്പറ്റിയിരുന്നു. പിന്നീട് സാങ്കേതിക തകരാർ സംഭവിച്ചു എന്നുപറഞ്ഞ് ഇവരിൽ നിന്ന് കരം ഈടാക്കുന്നത് നിർത്തി. ഇതിനു ശേഷമാണ് സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചുവെന്ന് പ്രഖ്യാപിച്ച് പുതിയ ഉപാധിരഹിത പട്ടയങ്ങൾ ലഭ്യമാക്കിയത്. ഇതുകൂടാതെ കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിൽ മാത്രം 7000 കുടുംബങ്ങൾ ഇപ്പോഴും പട്ടയം ലഭിക്കാതെ പ്രതിസന്ധി നേരിടുന്നുണ്ട്.
ഇവർക്ക് പട്ടയം ലഭിക്കുന്നതുമായ ബന്ധപ്പെട്ട നടപടികൾ റവന്യുവകുപ്പ് തിരഞ്ഞെടുപ്പിനു മുൻപ് തുടങ്ങിയിരുന്നു.

error: Content is protected !!