മണ്ണിൽ പൊന്നു വിളയിച്ച കർഷകരെ ആദരിക്കുന്നു..ഇന്‍ഫാം വീര്‍ കിസാന്‍ ഭൂമിപുത്ര അവാര്‍ഡ് 16-ന്
കാഞ്ഞിരപ്പള്ളി: മണ്ണില്‍ പൊന്നുവിളയിച്ച 200ഓളം വീര കർഷകർക്ക് ഇന്‍ഫാമിന്റെ ആദരവ്. ഇന്‍ഫാം അംഗങ്ങളായ 80 വയസിനു മുകളില്‍ പ്രായമുള്ള കര്‍ഷകരാണ് യോഗത്തില്‍ ആദരിക്കപ്പെടുന്നത്. ഇന്‍ഫാം കര്‍ഷക ദിനാഘോഷങ്ങളുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും.
ജൂലൈ 16 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് പൊടിമറ്റം സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തില്‍ നടക്കുന്ന അവാര്‍ഡ്ദാന ചടങ്ങ് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും. ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കും. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തും. ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ആമുഖപ്രഭാഷണം നടത്തും.
ദേശീയ ജനറല്‍ സെക്രട്ടറി ഫാ. ജോസഫ് കാവനാടി, ദേശീയ ഡയറക്ടര്‍ ഫാ. ജോസഫ് ചെറുകരക്കുന്നേല്‍, ദേശീയ എക്സിക്യൂട്ടീവ് അംഗം ജോയി തെങ്ങുംകുടി, സംസ്ഥാന പ്രസിഡന്റ് ജോസ് ഇടപ്പാട്ട് എന്നിവര്‍ പ്രസംഗിക്കും. കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍ നന്ദി പറയും.
ദേശീയ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളും കാര്‍ഷികജില്ല, താലൂക്ക്, ഗ്രാമസമിതി എക്സിക്യൂട്ടീവ് അംഗങ്ങളും ഉള്‍പ്പെടെ 1500ല്‍പരം ആളുകള്‍ യോഗത്തില്‍ സംബന്ധിക്കും.