അപകട ചപ്പാത്തിൽ വീണ്ടും അപകടം : ഒഴുക്കിൽപ്പെട്ട ബൈക്ക് യാത്രികരെ നാട്ടുകാർ രക്ഷിച്ചു..
മുക്കൂട്ടുതറ : ഒരാഴ്ചക്കുള്ളിൽ അപകടത്തിൽ പെട്ട് ഒഴുകി പോയത് രണ്ട് ബൈക്കുകൾ. ബൈക്കിൽ ഉണ്ടായിരുന്നവരെ ഒഴുക്കിൽ നിന്നും രക്ഷിച്ച നാട്ടുകാർ ബൈക്കുകൾ തോട്ടിൽ നിന്ന് എടുത്ത് കരയിൽ കയറ്റി നൽകി. പ്രദേശത്ത് ആദ്യമായി വരുന്ന ഇരുചക്ര വാഹന യാത്രക്കാരാണ് പലപ്പോഴും അപകടത്തിൽ പെടുന്നത് . എരുമേലി വെൺകുറിഞ്ഞി കുളമാങ്കുഴി റോഡിലെ ചപ്പാത്ത് ആണ് മഴക്കാലത്ത് യാത്രക്കാരെ പതിവായി അപകടത്തിലാക്കുന്നത്.
വെച്ചൂച്ചിറ ചെമ്പനോലി മലയിൽ നിന്ന് ഉദ്ഭവിച്ച് എരുമേലിയിലേക്ക് ഒഴുകുന്ന വലിയ തോട്ടിലെ പൊന്നരുവി എന്നറിയപ്പെടുന്ന ഭാഗത്തെ കുളമാങ്കുഴി റോഡിലുള്ള ചപ്പാത്ത് ആണ് മഴക്കാലത്ത് നാട്ടുകാരുടെ പേടിസ്വപ്നമാകുന്നത്. മഴക്കാലത്ത് തോട്ടിൽ വെള്ളം നിറയുമ്പോൾ ചപ്പാത്ത് കവിഞ്ഞൊഴുകും. ശക്തമായ ഒഴുക്കാണ് അനുഭവപ്പെടുക. ബൈക്കിൽ വരുന്ന പരിചയമില്ലാത്ത പലരും ഒഴുക്കിൽ പെട്ട് തോട്ടിലേക്ക് വീഴുന്നത് പതിവാണ് . യാത്രക്കാർ നീന്തി രക്ഷപെടുമ്പോൾ ബൈക്ക് ഒഴുകിപ്പോകും. പിന്നെ നാട്ടുകാർ ചേർന്നാണ് ബൈക്ക് തോട്ടിൽ നിന്ന് എടുത്തു നൽകുക.
സുരക്ഷാ മുന്നറിയിപ്പ് ബോർഡുകൾ ഉണ്ടെങ്കിൽ അപകടങ്ങൾ ഒഴിവാകുമെന്ന് നാട്ടുകാർ പറയുന്നു. സുരക്ഷാ വേലിയും ചപ്പാത്ത് പാലത്തിൽ കൈവരികളും സ്ഥാപിച്ചാൽ അപകടങ്ങളിൽ നിന്ന് രക്ഷ നൽകാൻ സാധിക്കുമെന്ന് സമീപവാസികളും രക്ഷാ പ്രവർത്തകരുമായ ആലുംമൂട്ടിൽ ജോർജ് (ബോസ്), ചെല്ലംതറ ജെയിംസ്, രത്നാകരൻ എന്നിവർ പറഞ്ഞു.
ഇന്നലെ വെച്ചൂച്ചിറ സ്വദേശി ബൈക്കിൽ എത്തി അപകടത്തിൽപെട്ടപ്പോഴും കഴിഞ്ഞ ദിവസം ചാത്തൻതറ സ്വദേശികളായ യുവാക്കൾ ബൈക്കിൽ അപകടത്തിൽ പെട്ടപ്പോഴും ഇവരാണ് രക്ഷപെടുത്തിയത്. സ്കൂളിൽ പോകാൻ കൊച്ചുകുട്ടികളും വിദ്യാർത്ഥികളും ഇതുവഴിയാണ് എത്തുന്നത്. മഴക്കാലത്ത് ശക്തമായ ഒഴുക്ക് ആയാൽ ഇവർ മറ്റ് വഴികൾ തേടണം. മണിപ്പുഴ വഴിയും വെച്ചൂച്ചിറ സെന്റ് തോമസ് സ്കൂൾ ഭാഗത്തെ റോഡ് വഴിയുമാണ് പകരം സഞ്ചരിക്കാൻ വഴിയുള്ളത്. ഏറെ ദൂരം സഞ്ചരിച്ചു വേണം ഈ റോഡുകളിൽ എത്താൻ. അതേസമയം ചപ്പാത്ത് പാലം ഉയർത്തി വലിയ പാലം നിർമിച്ചാൽ അപകട സാധ്യത ഒഴിയും. പഞ്ചായത്ത് ഇതിന് നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. അതുവരെ സുരക്ഷ ക്രമീകരണങ്ങളായി മുന്നറിയിപ്പ് ബോർഡുകളും കൈവരികളും സ്ഥാപിക്കണമെന്ന് ആവശ്യം ശക്തമാണ്.