സ്കൂളിലേക്കുളള റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിൽ ; പ്രതിഷേധവുമായി വിദ്യാർഥികളും അധ്യാപകരും..
എരുമേലി : സ്കൂളിലേക്കുളള പൊട്ടിപ്പൊളിഞ്ഞ റോഡ് നന്നാക്കാൻ ജനപ്രതിനിധികളോട് സങ്കടം പറഞ്ഞ് മടുത്ത കുട്ടികൾ ഒടുവിൽ അധ്യാപകർക്കൊപ്പം പ്രതിഷേധ സമരം നടത്തി ∙ സെന്റ് തോമസ് – നേർച്ചപ്പാറ റോഡിന്റെ അപകടാവസ്ഥയിൽ പ്രതിഷേധിച്ച് നിർമല പബ്ലിക് സ്കൂൾ അധ്യാപകരും വിദ്യാർഥികളുമാണ് റോഡിനു സമീപം പ്രതിഷേധിച്ചത്. പ്രതിഷേധ സമരം നടത്തിയ ശേഷം കുട്ടികൾ എരുമേലി പോലിസ് സ്റ്റേഷനിൽ എത്തി സ്റ്റേഷൻ ഹൗസ് ഓഫിസറെ കണ്ട് തകർന്ന റോഡിലെ തങ്ങളുടെ ദുരിതങ്ങൾ പറഞ്ഞു. തുടർന്ന് എരുമേലി പഞ്ചായത്ത് ഓഫിസിലെത്തി ജനപ്രതിനിധികളെ കണ്ട് വീണ്ടും നിവേദനങ്ങൾ നൽകി. പഞ്ചായത്ത് വക റോഡ് ഇതോടെ നന്നാക്കി കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ എരുമേലി നിർമല പബ്ലിക് സ്കൂളിലെ കുട്ടികൾ.
നിർമല പബ്ലിക് സ്കൂൾ കൂടാതെ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലേക്കുമുള്ള റോഡാണിത്. അച്ഛനമ്മമാർക്കൊപ്പം ഇരുചക്രവാഹനങ്ങളിൽ സ്കൂളിലേക്ക് എത്തുന്ന വിദ്യാർഥികൾ റോഡിലെ കുഴികളിൽ ചാടി ഒട്ടേറെ തവണ അപകടത്തിൽപ്പെട്ടിട്ടുണ്ട്. കുഴിയിൽ ചാടി സ്കൂൾ ബസ് പോലും അപകടത്തിൽപ്പെടുന്ന സാഹചര്യം ഉണ്ടായി. കാൽതെറ്റി കുഴിയിൽ വീണതു മൂലം സ്കൂളിൽ കയറാൻ കഴിയാതെ തിരികെപ്പോയ കുട്ടികളും ഒട്ടേറെ. സ്കൂൾ വാഹനം കുഴിയിൽ ചാടിയപ്പോൾ തെറിച്ചുവീണ് വിദ്യാർഥികൾക്ക് പരുക്കുപറ്റിയ സംഭവങ്ങളും ഉണ്ടായി.
റോഡിന്റെ അപകടാവസ്ഥ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെയും മറ്റ് ജനപ്രതിനിധികളുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അസൻഷൻ ഫൊറോനാ പള്ളിയിലേക്കും നൂറു കണക്കിനു ജനങ്ങൾ താമസിക്കുന്ന നേർച്ചപ്പാറയിലേക്കുമുള്ള റോഡ് കൂടിയാണിത്. എത്രയും വേഗം റോഡിന്റെ അറ്റകുറ്റപ്പണി നടത്തണമെന്നാണ് ഇവരുടെ ആവശ്യം.
പിടിഎ പ്രസിഡന്റ് സി.എസ്. ഉണ്ണിക്കൃഷ്ണൻ സമരം ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ വിൻസി, സ്കൂൾ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ടെസ്സി മരിയ, സ്റ്റാഫ് സെക്രട്ടറി ബിജു തങ്കപ്പൻ, സ്കൂൾ ഹെഡ് ബോയ് അൻവർഷ, വിദ്യാർഥികളായ അൽഫോൻസ ജോസഫ്, എലിസ മേരി സിജു, ലിയോണ ജോബിൻ, മിൻഹ ഫാത്തിമ, ഗോഡ്‌വിൻ, ജൂവൽ മരിയ ജയ്സൺ , എബിൻ ബാബു എന്നിവർ പ്രസംഗിച്ചു.