എരുമേലി പൊലീസിന് അനുമോദന പ്രവാഹം : കോവിഡ് ഡ്യൂട്ടിക്ക് പോയ യുവതിയുടെ മാല പറിക്കാൻ ശ്രമിച്ചയാളെ പോലീസിന്റെ ബുദ്ധിപരമായ നീക്കത്തിലൂടെ അറസ്റ്റ് ചെയ്തു.
എരുമേലി : പോലിസിനെ വിദഗ്ദമായി കബളിപ്പിക്കുവാൻ ശ്രമിച്ച പ്രതിയെ എരുമേലി പോലീസ് സ്റ്റേഷനിലെ മിടുക്കരായ പോലീസ് ഉദ്യോഗസ്ഥരുടെ കൂർമ്മ ബുദ്ധിയിൽ മണിക്കൂറുകൾക്കകം പിടികൂടി. ശാസ്ത്രീയമായ രീതിയിൽ കുറ്റാന്വേഷണം നടത്തി മുമ്പും പോലീസ് സേനയുടെ അഭിമാനമായ എരുമേലി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ, ഇത്തവണ തെളിവൊന്നും കിട്ടാതിരുന്ന അവസരത്തിൽ , സാഹചര്യ തെളിവുകളുടെ സഹായത്തോടെ പ്രതിയെ കണ്ടെത്തുകയായിരുന്നു. കുറ്റാന്വേഷണത്തിൽ മിടുക്ക് തെളിയിച്ച് ജില്ലയ്ക്ക് തന്നെ അഭിമാനമായി മാറിയ എരുമേലി പോലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ജില്ലാ പോലിസ് മേധാവി ഡി. ശിൽപ പ്രത്യേകമായി അഭിനന്ദിച്ചു.
വിജനമായ വഴിയിൽ വച്ച്, എരുമേലി ആശുപത്രിയിൽ കോവിഡ് ഡ്യൂട്ടി ചെയ്യുന്ന 22 കാരി അനുജ എന്ന യുവതിയുടെ മാല പറിക്കുവാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ ഓടി രക്ഷപെട്ട മോഷ്ട്ടാവ് ഓട്ടോയിൽ കയറി രക്ഷെപ്പട്ട ശേഷം, ഏറെ നേരം കഴിഞ്ഞു, വേഷം മാറി സംഭവ സ്ഥലത്തിനടുത്ത് പാർക്ക് ചെയ്ത ബൈക്ക് എടുത്തുകൊണ്ടു കടന്നു കളഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം എരുമേലി പോലിസ് സ്റ്റേഷനും സർക്കാർ ആശുപത്രിക്കും അടുത്തുള്ള ഇടവഴിയിൽ വെച്ച് മാല മോഷണം നടത്താൻ ശ്രമിച്ച യുവാവ് ആണ് മണിക്കൂറുകൾക്കകം അറസ്റ്റിലായത്. കുറുവാമുഴി പീടിയേക്കൽ ഷിനു വർഗീസ് (42) ആണ് കവർച്ച കേസിൽ അറസ്റ്റിലായത്. ഈരാറ്റുപേട്ട സ്വദേശിനിയും എരുമേലി സർക്കാർ ആശുപത്രിയിലെ കോവിഡ് വാക്സിനേഷൻ യുണിറ്റിലെ ജീവനക്കാരിയുമായ അനുജ (22) യുടെ കഴുത്തിൽ നിന്നാണ് മാല പിടിച്ചുപറിക്കാൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. ആദ്യം ഭയന്നുപോയ അനുജ തന്റേടത്തോടെ യുവാവിനോട് മല്ലിട്ട് ചെറുത്തുനിന്നു. ഒടുവിൽ മാല പറിച്ചെടുക്കാനാവാതെ യുവാവ് ഓടി രക്ഷപെട്ടു. സംഭവത്തിൽ സമീപ സ്ഥലത്തെ സി സി ക്യാമറാ ദൃശ്യങ്ങൾ എരുമേലി പോലിസ് സ്റ്റേഷനിലെ ഹൈടെക് സെൽ വിഭാഗം പരിശോധിച്ചെങ്കിലും വ്യക്തമായ തെളിവുകൾ ലഭിച്ചില്ല.
എരുമേലിയിൽ നിരവധി നിരീക്ഷണ ക്യാമറകൾ ഉണ്ടെങ്കിലും, സംഭവ സ്ഥലത്ത് ക്യാമറ ഇല്ലാതിരുന്നു. സമീപ സ്ഥലത്തെ സി സി ക്യാമറാ ദൃശ്യങ്ങൾ എരുമേലി പോലിസ് സ്റ്റേഷനിലെ ഹൈടെക് സെൽ വിഭാഗം പരിശോധിച്ചെങ്കിലും വ്യക്തമായ തെളിവുകൾ ലഭിച്ചില്ല. എരുമേലി പട്ടണം ആകമാനം പോലീസ് ക്യാമറ കണ്ണുകളിലൂടെ അരിച്ചുപെറുക്കിയെങ്കിലും മോഷ്ടാവിനെ കണ്ടെത്തുവാനായില്ല.
ഇടവഴിയുടെ അടുത്തുള്ള ദേവസ്വം മൈതാനത്ത് ഒരു യുവാവ് ബൈക്ക് പാർക്ക് ചെയ്ത ശേഷം നടന്ന് പോകുന്നതും ഒരു മണിക്കൂർ സമയം കഴിഞ്ഞ്, മെയിൻ റോഡിൽ ഓട്ടോറിക്ഷയിൽ ഇതേ യുവാവ് മറ്റൊരു ഷർട്ട് ധരിച്ചെത്തി ഇറങ്ങിയ ശേഷം ബൈക്ക് ഓടിച്ചു പോകുന്ന ദൃശ്യവും ആണ് കാണുവാൻ കഴിഞ്ഞത്. ഒരേയാൾ ഒരു മണിക്കൂറിനുള്ളിൽ വേഷം മാറി എന്തിനാണ് വന്നത് എന്ന കാര്യം ഹൈടെക് സെല്ലിലെ പോലീസ് ഉദ്യോഗസ്ഥരുടെ മനസ്സിൽ സംശയത്തിന്റെ വിത്തുപാകി.
ബൈക്കിൽ വന്ന ശേഷം നടന്ന് ഇടവഴിയിലെത്തി മാല പറിക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടപ്പോൾ എതിർ ഭാഗത്തേക്ക് ഓടി രക്ഷപെട്ടതിനാൽ, ബൈക്ക് എടുക്കാൻ പിടിക്കപ്പെടാതിരിക്കാൻ ഷർട്ട് മാറ്റി ധരിച്ച് ഓട്ടോയിൽ എത്തിയതാണെന്നാണ് പോലീസുകാരൻ സംശയിച്ചത്.
ഇതോടെ ഓട്ടോയുടെ നമ്പർ പരിശോധിച്ച് ഓട്ടോറിക്ഷാ ഡ്രൈവറെ പോലിസ് കസ്റ്റഡിയിൽ എടുത്തു. ആദ്യം നിഷേധിച്ച ഡ്രൈവർ ക്യാമറയിലെ ദൃശ്യങ്ങൾ കണ്ടതോടെ സത്യം പറഞ്ഞു. ഡ്രൈവർ നൽകിയ മൊഴിയെ തുടർന്നാണ് ഇയാളുടെ അടുത്ത സുഹൃത്ത് കൂടിയായ യുവാവ് അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതി മദ്യ ലഹരിയിൽ അറിയാതെ മോഷണ ശ്രമം നടത്തിയതാണെന്നാണ് പറഞ്ഞത്.
രാവിലെ ഒമ്പത് മണിക്ക് നടന്ന മോഷണ ശ്രമത്തിന് പിന്നിൽ അതിരാവിലെ മദ്യം കഴിച്ചതാണെന്ന പ്രതിയുടെ മൊഴി പോലിസ് തള്ളിക്കളഞ്ഞു. പ്രതിയുടെ ബൈക്കും കസ്റ്റഡിയിൽ എടുത്തിരുന്നു. ബൈക്കിൽ മുളക് പൊടി സൂക്ഷിച്ചത് കണ്ടെത്തി. മോഷണം നടത്താൻ പ്രതി തയ്യാറെടുപ്പ് നടത്തിയെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് പോലിസ് പറയുന്നു. സ്റ്റേഷനിലെത്തി പ്രതിയെ അനുജ തിരിച്ചറിഞ്ഞു. തുടർന്ന് മെഡിക്കൽ പരിശോധനക്ക് ശേഷം പ്രതിയെ തുടർന്ന് മെഡിക്കൽ പരിശോധനക്ക് ശേഷം പ്രതിയെ എരുമേലി ലോക്കപ്പിലാക്കി . നാളെ കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കും
എരുമേലി പോലീസ് സ്റ്റേഷനിലെ എസ് ഐ മാരായ അജി ജേക്കബ്, സി എച്ച് സതീഷ്, സിവിൽ പോലിസ് ഓഫിസർ നൗഷാദ്, ഹൈടെക് സെല്ലിലെ സിവിൽ പോലിസ് ഓഫിസർമാരായ കെ എൻ അനീഷ്, കെ, എസ്എ സുമേഷ് എന്നിവർ ഉൾപ്പെട്ട സംഘം ആണ് പ്രതിയെ പിടികൂടിയത്.