ജെസ്നയുടെ തിരോധാനം: അന്വേഷണം സിബിഐയ്ക്ക് ; കേസ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു.
എരുമേലി : മുക്കൂട്ടുതറ സ്വദേശിനി ജെസ്നയെ കാണാതായ സംഭവത്തിൽ അന്വേഷണം കൈമാറുന്നതിനു മുൻപ് ഇതുസംബന്ധിച്ച് പത്തനംതിട്ട ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കോടതിയിൽ നൽകിയ വിശദീകരണ പത്രിക പരിശോധിക്കാൻ ഹൈക്കോടതി സിബിഐക്കു നിർദേശം നൽകിയിരുന്നു. ഗൗരവതരവും സങ്കീർണവുമായ കാര്യങ്ങളുണ്ടെന്നാണു പൊലീസ് റിപ്പോർട്ട് പരിശോധിച്ചപ്പോൾ കണ്ടെത്തിയതെന്നു സിബിഐയ്ക്കുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ വിജയകുമാർ ഹൈക്കോടതിയെ അറിയിച്ചു.
ജെസ്നയെ കാണാതായ സംഭവത്തിൽ നടത്തിയ അന്വേഷണവും നേരിട്ട ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടിയാണു ക്രൈം ബ്രാഞ്ച് നവംബറിൽ ഹൈക്കോടതിയിൽ വിശദീകരണ പത്രിക നൽകിയിരുന്നത്. അന്വേഷണ ഏജൻസി എല്ലാം മുക്കും മൂലയും അന്വേഷിക്കുന്നുണ്ടെന്നും എന്നാൽ ഇത്തരം ദൗർഭാഗ്യകരമായ കേസുകളുണ്ടെന്നും കേസ് പരിഗണിക്കവെ ജസ്റ്റിസ് വി.ജി. അരുൺ വാക്കാൽ അഭിപ്രായപ്പെട്ടിരുന്നു.
ക്രൈം ബ്രാഞ്ച് വിശദീകരണത്തിൽനിന്ന്:
2018 ഒക്ടോബർ 12നാണ് സംസ്ഥാന ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തതെന്നു വിശദീകരണത്തിൽ അറിയിച്ചു. കാണാതാവുന്ന 2018 മാർച്ച് 22ന് ജെസ്ന അയൽവാസി സിജോമോന്റെ ഓട്ടോറിക്ഷയിൽ വീട്ടിൽനിന്ന് രാവിലെ 9.20ന് പുറപ്പെട്ടു. അടുത്തുള്ള ടൗണായ മുക്കൂട്ടുത്തറയിലെത്തിയ ജെസ്ന അവിടെനിന്ന് കോട്ടയം – ചാത്തൻതറ റൂട്ടിലോടുന്ന തോംസൺ ട്രാവൽസ് പ്രൈവറ്റ് ബസിൽ എരുമേലിയിലേക്ക് യാത്രയായി. എരുമേലിയിൽ വച്ച് സ്കൂളിൽ ജൂനിയർ വിദ്യാർഥിയായിരുന്ന ഫിറോസ് കെ. ഫൈസലും അമ്മ ഷെഫീനയും ജെസ്നയെ കണ്ടു. യാത്രയിൽ ഇരുവരും മാത്രമാണു ജെസ്നയെ കണ്ടത്.
ഫിറോസും മാതാവും കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിൽസയ്ക്കായി പോയതാണ്. ജെസ്ന പിന്നീട് എരുമേലി–മുണ്ടക്കയം റൂട്ടിലോടുന്ന ശിവഗംഗ എന്ന ബസിൽ രാവിലെ പത്തിനു കയറി. മുണ്ടക്കയത്ത് രാവിലെ 10.30ന് എത്തേണ്ട ബസാണിത്. ഈ യാത്രയിൽ കണ്ണിമല സർവീസ് കോ–ഓപ്പറേറ്റീവ് ബാങ്കിന്റെയും കരിനിലം എന്ന സ്ഥലത്തുള്ള സ്വകാര്യ വ്യക്തിയുടെ വീടിന്റെയും ക്യാമറകളിൽ ജെസ്നയുടെ ദൃശ്യം പതിഞ്ഞിരുന്നു. എന്നാൽ കരിനിലത്തിനുശേഷം ജെസ്നയെക്കുറിച്ച് വിവരമില്ല. ജെസ്‌നയെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് എല്ലാവിധ പരിശ്രമവും നടത്തി. പക്ഷേ ഇതുവരെ ഫലം കണ്ടിട്ടില്ല. ജെസ്‌നയെ കണ്ടെത്താൻ കഴിയുന്നതിന് തടസ്സമാകുന്ന ഒട്ടേറെ കാരണങ്ങളും റിപ്പോർട്ടിൽ ക്രൈംബ്രാഞ്ച് വിശദീകരിച്ചു.
കോവിഡ് കാലമായതിനാൽ ഫലപ്രദമായ അന്വേഷണം നടത്താൻ കഴിഞ്ഞ ഏഴുമാസമായി കഴിഞ്ഞിട്ടില്ലന്നും വിശദീകരണത്തിൽ പറയുന്നു. അന്ന് അന്വേഷണം പൂർത്തിയാക്കാൻ ആറുമാസത്തെ സമയവും ക്രൈം ബ്രാഞ്ച് ചോദിച്ചിരുന്നു. ജെസ്ന വീടുവിട്ടുപോകാൻ കാരണമൊന്നും കണ്ടെത്താനായിട്ടില്ലെന്നു ജെസ്നയ്ക്കു മാനസിക പ്രശ്നങ്ങളൊന്നുമില്ലായിരുന്നെന്നും ക്രൈം ബ്രാഞ്ച് വിശദീകരിച്ചു.
സുഹൃത്തുക്കളുമായി അല്ലാതെ മറ്റ് ആൺകുട്ടികളുമായി ബന്ധമുള്ളതായിട്ടോ ജെസ്‌നയുടെ കുടുംബവുമായി ആർക്കെങ്കിലും വിരോധം ഉള്ളതായോ കണ്ടെത്താനായിട്ടില്ല. മരിക്കാൻ പോകുകയാണെന്ന് കാട്ടി ജെസ്‌ന മൊബൈലിൽ മെസേജ് അയച്ചതായി എബിൻ ജേക്കബ് എന്ന സുഹൃത്ത് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഈ മൊബൈൽ മെസേജ് കണ്ടെത്താനായിട്ടില്ലെന്നും ക്രൈം ബ്രാഞ്ച് വിശദീകരിച്ചു.